Pages

Tuesday, January 10, 2012

ഫോട്ടോഷോപ്പ് ഒരു വല്ലാത്ത സംഭവമാ !!!!




ഇതെന്‍റെ ആത്മ സുഹൃത്തിനു പറ്റിയൊരു അമളിയാണ്‌...അത് കൊണ്ട് തന്നെ താഴെ പ്രതിപാദിച്ചിരിക്കുന്നത് ജീവിച്ചിരിക്കുന്നവരുമായോ മരിച്ചു പോയവരുമായോ യാതൊരു സാദൃശ്യമോ ഇല്ല ......വെറും സത്യം ശിവം സുന്ദരം

നാട്ടിലെ എല്ലാ കച്ചറകളും ഒക്കെ പയറ്റി നടന്ന എന്റ്റെ ആത്മാര്‍ത്ഥ സുഹൃത്തിനു അവസാനം ഗള്‍ഫിലോട്ടു വിസ കിട്ടി.....പത്താം ക്ലാസ്സില്‍ മൂന്നു തവണ പഠിച്ചു തന്നെ ജയിപ്പിക്കാന്‍ എസ് എസ് എല്‍ സിക്ക് കഴിയില്ലെന്നൊരു വെല്ലുവിളിയും ഓരോപാട് തല്ലിപൊളികളുടെ കൂടെ ക്ലാസില്‍ പോയ അനുഭവസമ്പത്തും ഉള്ള മഹാനായൊരു വിദ്യാര്‍ഥിനേതാവായിരുന്നു എന്റെ കൂട്ടുകാരന്‍ .....അത് കൊണ്ട് തന്നെ അവനു ഗള്‍ഫില്‍ മുന്തിയ ഒരു ജോലി കിട്ടാനും പ്രയാസമുണ്ടായില്ല..... സൂപ്പര്‍ മാര്‍ക്കറ്റില്‍ ബോയ്‌ അതായത് ട്രോളി തള്ളുന്ന മാനേജര്‍.....
നാട്ടില്‍ നിന്ന് എത്രയും പെട്ടന്ന് അവന്റ്റെ ശല്യം തീര്‍ന്നു കിട്ടും എന്ന പ്രതീക്ഷയില്‍ അവന്റ്റെ വീട്ടുകാര് വിസ കിട്ടി ഒരാഴ്ച ടൈമില്‍ ടിക്കറ്റ്‌ എടുത്തു കൊടുത്തു......അല്ലെങ്കിലും നാട്ടിലെ തെണ്ടിപിള്ളേരുമായി (സോറി ,ആ പറഞ്ഞത് ഞാനടങ്ങുന്ന ഗാങ്ങിനെ ഉദ്ദേശിച്ചല്ല ...സത്യം ) അവന്റെ കമ്പനി കാരണം വീട്ടുകാര് അത്രയ്ക്ക് സഹിച്ചിട്ടുണ്ട് ....ഒരാഴ്ചത്തെ സമയം കൊണ്ട് ഒരു വിധം പറയാനുള്ള എല്ലാരോടും യാത്ര പറഞ്ഞു, ചെയ്യാവുന്ന വിക്രിയകള്‍ ഒക്കെ കാട്ടി കൂട്ടി അവന്‍ അങ്ങിനെ ഞങ്ങളെ വിട്ടു പോയി

ഇനി കക്ഷിയെ കുറിച്ച് ഒരു ക്ലൂ തരാം..... വെളുത്തു മെലിഞ്ഞു സുന്ദരനാണെന്റ്റെ സുഹൃത്ത്‌ .... സ്കൂളില്‍ പോയിരുന്നു എന്ന് പറയുന്നതാവും പഠിച്ചിരുന്നു എന്ന് പറയുന്നതിലും അര്‍ത്ഥവത്താവുക... നിറയെ പൊട്ടത്തരങ്ങള്‍ എഴുന്നള്ളിക്കുന്നതില്‍ കേമനായിരുന്നത് കൊണ്ട് ഞങ്ങള് ഫ്രണ്ട്സ് അവന്റെ കമ്പനി എന്നും ഇഷ്ടപെട്ടിരുന്നു.....മാത്രമല്ല എന്തൊക്കെ പൊട്ടത്തരങ്ങള്‍ എഴുന്നള്ളിക്കുമെങ്കിലും അവന്‍ ആള് അടിപൊളി ആണ്.....പെണ്പിള്ളേരെ വളക്കാനുള്ള അവന്റ്റെ കഴിവും അപാരം തന്നെ..... പനി പിടിച്ചു അഞ്ച് ദിവസം ഹോസ്പിറ്റലില്‍ കെടന്ന ആള് ചികില്‍സിക്കാന്‍ വന്നിരുന്ന സിസ്റ്റെരുടെ കയ്യീന്ന് അയ്യായിരം വാങ്ങിയാണ് ഡിസ്ചാര്‍ജ് ചെയ്തത് എന്ന് പറയുമ്പോള്‍ അങ്ങേരെ കുറിച്ച് അധികം പറയണ്ടല്ലോ അല്ലെ .....

അങ്ങിനെ ഗള്‍ഫില്‍ എത്തി.....കഷ്ടപാടാണ് ....ബുദ്ധിമുട്ടാണ്....ജനിച്ചു മേലെനങ്ങാത്തവനു അല്ലെങ്ങിലും പണി അലെര്‍ജി ആണല്ലോ.....ഫയര്‍ ആന്‍ഡ്‌ ലാവ്ലിയില്‍ കുളിച്ചു പുറത്തിറങ്ങുന്നവന് പൊടി പറ്റില്ലല്ലോ...അങ്ങിനെ തന്നെയായി എന്റെ സുഹൃത്തിനും ....റേഷന്‍ കടയില്‍ നിന്ന് രണ്ടു കിലോ അരി തൂക്കി കൊണ്ട് വരാത്തവന് ചാക്ക് കണക്കിന് സാധനങ്ങള്‍ തലയിലേറ്റെണ്ടി വന്നു .....പാവം ....വിസ കണ്ടുപിടിച്ചവന്റെ തന്തക്ക് വിളിക്കുകയല്ലാതെ നിവര്‍ത്തി ഒന്നുമില്ലാതെയായി ....

എന്തായാലും വളരെ കഷ്ട്ടപെട്ടു രണ്ടു കൊല്ലം കഴിഞ്ഞു കിട്ടി .... അവന്‍ ലീവിനു നാട്ടില്‍ വന്നു....ഇച്ചിരി തടിവെച്ചതല്ലാതെ വല്യേ മാറ്റമൊന്നുമില്ല......രണ്ടു ദിവസം കൊണ്ട് ഗള്‍ഫുകാര് വീട്ടില്‍ വന്നാലുണ്ടാവുന്ന സ്ഥിരം ഷോ ഒക്കെ കഴിഞ്ഞു അവന്‍ ഞങ്ങടെ ഗാങ്ങില്‍ സ്ഥിരമാവാന്‍ തുടങ്ങി.....മാറ്റമൊന്നുമില്ല അവനു..... പക്ഷെ മൊബൈലില്‍ കുറുക്കം കൂടിയോ എന്നൊരു സംശയം....അവനെ ഒറ്റയ്ക്ക് കിട്ടിയപ്പോ നേരിട്ട് ചോദിച്ചു....അളിയാ ഏതാടാ പുതിയ ലൈന്‍ ?? ....പഴയ നേഴ്സൊ അതോ വേറെ ചെല്ലകിളികള്‍ വല്ലതും ?? ....ആത്മാര്‍ത്ഥസുഹൃത്തിനോട് ഒന്നും ഒളിച്ചു വെക്കാന്‍ പാടില്ലെന്ന നാട്ടുനടപ്പ് വെച്ച് അവസാനം ലവന്‍ കാര്യം പറഞ്ഞു ....ഗള്‍ഫില്‍ പോകുന്നതിനു നാല് ദിവസം മുന്നേ തെറ്റി വന്ന ഒരു മിസ്സ്‌ കാള്‍ ആണ്.....പിന്നെ ഫ്രണ്ട്സ് ആയി...സംഗതി കുറച്ചു കൂടി കേറി പിടിച്ചപ്പോള്‍ ഇപ്പൊ ലൈനും.....ഹ്മ്മം അവനെ അറിയാവുന്നത് കൊണ്ട് എനിക്ക് സംശയമോ ഉണ്ടാര്‍ന്നില്ല......ഇരയുള്ള ചൂണ്ടയില്‍ മീന്‍ കൊത്തുന്നതില്‍ എന്തത്ഭുതം !!! ....
"കൊച്ച് എങ്ങിനെയുണ്ടളിയാ" എന്നായി എന്‍റ്റെ ചോദ്യം.....അപ്പൊ അവന്‍ പഴ്സില്‍ നിന്നൊരു ഫോട്ടോ എടുത്തു കാണിച്ചു..... ഉം ..കുഴപ്പമില്ല....തരക്കെടില്ലാത്തൊരു സുന്ദരി ...
അപ്പൊ ഇനിയെന്താടാ പ്ലാന്‍ ???.
അടുത്ത ശനിയാഴ്ച കാണാന്‍ പോകുന്നുണ്ട്....നേരിട്ട് കണ്ടു ഇടപഴകിയാലെ കാര്യങ്ങള്‍ക്ക് ഒരു ഉഷാറു വരൂ ഡാ ......
അതും പറഞ്ഞു "നീ പോരുന്നോ "‌ എന്ന് എന്നോട് ചോദിച്ചപോ എന്തായാലും പോയി കാണാലോ എന്ന് വിചാരിച്ചു ഞാനും റെഡി പറഞ്ഞു....
ശനിയാഴ്ച ഞാന്‍ നേരത്തെ തന്നെ റെഡി ആയി അവന്റ്റെ വീട്ടില്‍ ചെന്നു ....അവനും റെഡി ആയിട്ടുണ്ട്.....ഞങ്ങള് രണ്ടു പേരും സുന്ദരകുട്ടപന്മാരായി(ഞാന്‍ പണ്ടേ അങ്ങിനെ തന്നെയാണ്, ഇന്ന് ചെറുതായി ഒരു ടച്ചിംഗ് ചെയ്തു, അത്രേ ഉള്ളു ) ഇറങ്ങാന്‍ നേരത്താണ് അവന്റ്റെ അളിയന്‍ വന്നുകയറിയത്...എങ്ങോട്ടാ എന്ന് ചോദിച്ചപ്പോള്‍ കണ്ണൂര് ഒരു ഫ്രെന്റ്റിനെ കാണാന്‍ എന്ന് അവന്‍ പറഞ്ഞു...എങ്കില്‍ പിന്നെ ഞാനും ഉണ്ടെന്നായി അളിയന്‍.....അളിയന് കോഴികോട് ഒരാളെ കാണേണ്ട ആവശ്യവും ഉണ്ടത്രേ .....ഞങ്ങളുടെ കൂടെ ആവുമ്പോള്‍ കമ്പനിയും ആയല്ലോ ......ഞങ്ങള് ഒരു നൂറു ഒഴിവു കഴിവ് പറഞ്ഞെങ്കിലും അളിയന്‍ വിട്ടില്ല, കാര്‍ എടുത്തു പോവാം എന്ന് പറഞ്ഞു.....അവസാനം രക്ഷയില്ല എന്ന് കണ്ടപ്പോള്‍ അവന്‍ ആരോടും പറയില്ല എന്ന ഉറപ്പിന്മേല്‍ കാര്യം പറഞ്ഞു......അതിനെന്താ...നല്ല കുട്ടിയാണ് എങ്കില്‍ നമ്മുക്ക് നോക്കാം എന്നായി അളിയന്‍......ഇതൊക്കെ അളിയന്മാരുടെ കടമയാണത്രേ !!!

അങ്ങിനെ തൃശ്ശൂര്‍ നിന്ന് ഞങ്ങള് മൂന്ന് പേരും കൂടി പത്തു നൂറ്റി അമ്പതു കിലോമീറ്റര്‍ ദൂരെ ഉള്ള കണ്ണൂര്‍ അവളെ കാണാന്‍ എത്തി.....ഇടക്ക്‌ അവള് വിളിച്ചുസ്ഥലവും അവിടെ ഒരു ഐസ് ക്രീം പാര്‍ലറും പറഞ്ഞു തന്നു....അവിടെ വെച്ച് കാണാം എന്നും പറഞ്ഞു...അവനോടു തനിയെ ചെല്ലാനാണ് അവള്‍ പറഞ്ഞിരിക്കുന്നത് ......അവനാണെങ്കില്‍ അത് മാറ്റിപറഞ്ഞിട്ടുമില്ല......അതോണ്ട് തന്നെ ഞങ്ങള്‍ ഐസ് ക്രീം പാര്‍ലര്‍ എത്തിയപ്പോള്‍ ഞാനും അളിയനും വേറെ ഇരുന്നു....നമ്മടെ(സോറി അവന്റെ) കക്ഷിയെ കാത്തു അവന്‍ ഒറ്റക്കും ....ഒരു പത്തു മിനിറ്റ് കഴിഞ്ഞപോ ഒരു പെണ്‍കുട്ടി വന്നു.....
അമ്മേഏഏഏഏഏഏഏഏഏഏഏഏഏഏ ....ഞാന്‍ അറിയാതെ വിളിച്ചു പോയി.....ഫോട്ടോയില്‍ കണ്ടതിന്റ്റെ കാര്‍ബണ്‍ കോപ്പി.....വായ തുറന്നപോള്‍ കട്ടപല്ലും .......ശ്യോ..എന്തൊരു പെണ്ണാ ഇത്......ചിരിയാണോ കരച്ചിലാണോ വന്നത് എന്നറിയാത്ത ഒരവസ്ഥ !!!
ഞാന്‍ അളിയനെ നോക്കി.....ഇത്രയും ദയനീയമായി ഇതിനു മുന്നേ ( ശേഷവും ) ഞാനവന്റ്റെ അളിയനെ കണ്ടിട്ടില്ല.....
എന്റെ മാന്യസുഹൃത്തിന്റെ അവസ്ഥയും വ്യത്യസ്തമായിരുന്നില്ല .....എങ്കിലും അവനത് മുഖത്തു കാണിച്ചില്ല .....അവനോട്‌ അവള്‍ എന്തോ സംസാരിച്ചു.....ഞങ്ങള്‍ തമ്മിലുള്ള ദൂരം അത് കേള്‍ക്കുന്നതില്‍ നിന്ന് ഞങ്ങളെ അകറ്റി.....അവര് ഓരോ ഐസ് ക്രീം കഴികുന്നത് കണ്ടു....ഞങ്ങള്‍ ഓരോ ജൂസും കുടിച്ചു...അവരൊരു ഇരുപതു മിനുറ്റ് സംസാരിച്ചു കാണും .....സത്യം പറഞ്ഞാല്‍ ഞങ്ങള്‍ക്ക് രണ്ടു പേര്‍ക്കും അവനെ തിന്നാന്‍ ഉള്ള ദേഷ്യം വരുന്നുണ്ടായിരുന്നു.....അവസാനം ഞാന്‍ കയ്യും കണ്ണും കാണിച്ചു അവനൊരു സിഗ്നല്‍ കൊടുത്തു.....അവന്‍ യാത്ര പറഞ്ഞു...അവളെറങ്ങി പോയി......അളിയന്‍ ഉള്ളത് കൊണ്ട് ഞാന്‍ ഒന്നും ചോദിച്ചില്ല......അവന്‍ തന്നെ ഞങ്ങടെ അടുത്ത് വന്നു " പെട്ട് അളിയാ, ഇങ്ങനെ ഒരബദ്ധം പ്രതീക്ഷിച്ചില്ല " എന്ന് പറഞ്ഞു....അളിയന്‍ അവനോടു
ഒരക്ഷരം പറഞ്ഞില്ല.....പക്ഷെ ഞാന്‍ ചിരിച്ചു..... പൊട്ടി പൊട്ടി ചിരിച്ചു
....അപ്പൊ അവന്റ്റെ മുഖത്ത് രണ്ടു വര്‍ഷം അവള്‍ക്ക് വിളിച്ചു നഷ്ടപെടുത്തിയ കാശിന്റെയും നെയ്തു കൂടിയ്യ നഷ്ടസ്വപ്നങ്ങളുടെയും ബാക്കിപത്രം എനിക്ക് വായിക്കാന്‍ പറ്റി......തിരിച്ചു വരുമ്പോള്‍ ഞങ്ങള് അധികം മിണ്ടിയില്ല.....അവന്‍ ആകെ സങ്കടത്തില്‍ ആണെന്ന് ഞങ്ങള്‍ക്ക് അറിയാമായിരുന്നു ....കുറച്ചു കഴിഞ്ഞു അവന്‍ പേഴ്സില്‍ നിന്ന് അവളുടെ ഫോട്ടോ എടുത്തു കീറി വെളിയില്‍ കളയുന്നത് കണ്ടു .....അത് കണ്ട ഞങ്ങള്‍ രണ്ടു പേരും ചിരിയടക്കാന്‍ പാട് പെടുകയായിരുന്നു ....

അന്നെനിക്കൊരു കാര്യം മനസ്സിലായി .....ഫോട്ടോ കണ്ടു ആരെയും ഇഷ്ട്ടമായി എന്ന് പറയരുത് ...കാരണം ഫോട്ടോഷോപ്പ് ഒരു വല്ലാത്ത സംഭവമാ !!!!

Monday, January 9, 2012

എന്റെ പെണ്ണുകാണല്‍ വിശേഷങ്ങള്‍




ഇതെന്റ്റെ കഥയാണ്‌.... ഇതിലെ കഥാപാത്രങ്ങള്‍ അത് കൊണ്ട് തന്നെ തീര്‍ച്ചയായും ജീവിക്കുന്നവരും, വായിക്കുന്നവരില്‍ പലരും കണ്ടുമുട്ടാനും സാധ്യത ഉള്ളവരുമാണ്‌ ....നായകന്‍ ഞാന്‍ തന്നെയെന്ന്‌ അവകാശപെടണം എന്നുണ്ടെങ്കിലും സാഹചര്യം എന്നെ വില്ലനാക്കി എന്ന് ഉണര്ത്തട്ടെ...

ഈ സംഭവകഥയിലെ കഥാപാത്രങ്ങളെ കുറിച്ച് പറയാം......എന്റ്റെ മാമ്മിമാരും മാമനും(മൂത്ത മാമ്മീടെ കെട്ട്യോന്‍ ) ഞാനും പിന്നെ എന്റ്റെ സങ്കല്‍പ്പത്തിലെ പെണ്‍കുട്ടി .....എന്റ്റെ ഉപ്പാടെ താഴെ ഉള്ള രണ്ടു പെങ്ങന്മാരെ "മാമ്മി" എന്നാണ് വിളികാറ്...സ്ഥാനം കൊണ്ടേ അമ്മായി ആവുന്നുള്ളൂ.....കര്‍മ്മം കൊണ്ട് എന്റെ ഏറ്റവും അടുത്ത കൂട്ടുകാരും ദുനിയാവിലെ തന്നെ എന്റ്റെ ഏറ്റവും വല്യേ പാരകളും ആണ് കക്ഷികള്‍....അതില് മൂത്ത കക്ഷി ആണ് ഈ കഥയുടെ സൂത്രധാര....ഐ മീന്‍ ദി ത്രെഡ്മേക്കര്‍ ഓഫ്‌ ദിസ്‌ സ്റ്റോറി....
ഞാന്‍ കുട്ടിയായിരുന്നപ്പോള്‍ അങ്ങേരാണ്‌ എന്നെ നോക്കിയതെന്നും അങ്ങേരുടെ മടിയില്‍ ആണ് ഞാന്‍ വളര്‍ന്നതെന്നുമാണ് പഴയ കുടുംബ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നതു.......... മാത്രമല്ല അവരുടെ ഫസ്റ്റ് നൈറ്റിനു അവരുടെ അടുത്ത് നിന്ന് മാറി കിടക്കാന്‍ സമ്മതിക്കാതെ, മാമ്മീടെ അടുത്ത് കിടക്കാന്‍ വേണ്ടി ഞാന്‍ കരഞ്ഞു ബഹളമുണ്ടാക്കി എന്നും പണ്ട് മുതലേ ഞാന്‍ മാമ്മിയോടു ഓവര്‍അറ്റാച്ച്ഡ് ആണെന്നും മാമ്മി തന്നെ എന്റ്റെ സുഹൃത്തുക്കള്‍ വീട്ടില്‍ വരുമ്പോള്‍ വിളിച്ചു പറയും......എന്നെ നാണം കെടുത്താന്‍ വേണ്ടി മാത്രം...ഒരു തരം റാഗിംഗ് തന്നെ.....പക്ഷെ ഈ റാഗിംഗ് ഒരു തുടര്‍കഥ ആയപ്പോള്‍ പിന്നെ ഞാനും ഇതിനു മറുപടി പറയാന്‍ തുടങ്ങി " നിങ്ങളെന്തുവാ ചെയ്യുന്നേ എന്ന് അറിയാന്‍ വേണ്ടി ഞാന്‍ മനപ്പൂര്‍വം വാശി പിടിച്ചതാന്നു.....നിങ്ങളുടെ കൈയ്യിലിരിപ്പ്‌ എന്താന്നു ഞാനും കൂടി അറിയണമല്ലോ" അങ്ങിനെയോക്കെയായി എന്റെ മറുപടി ....... പിന്നെ അങ്ങേരു വലുതായൊന്നും മിണ്ടാറില്ല....അല്ലെങ്കിലും നമ്മള് താഴ്ന്നു കൊടുക്കുമ്പോള്‍ ആരും തലയില്‍ കേറും.....ഇതൊരു പൊതുതത്വം ആണല്ലോ.... ...ഇനി രണ്ടാമത്തെ മാമ്മി...അങ്ങേരു കാര്യമായി സ്നേഹമൊക്കെ ആണെങ്ങിലും എന്നെ പാര വെക്കാനുള്ള ഒരു ചാന്‍സും മിസ്സ്‌ ചെയ്യാറില്ല......ഒരു തരം supportive പാര എന്ന് പറയാം .......കുടുംബത്തിലെ എന്തെങ്കിലും പ്രത്യേക അവസരങ്ങളില്‍ എന്നെ തേജോവധം ചെയ്യാന്‍ വേറെ ആള്‍കാരെ ഇറകേണ്ട ആവശ്യമില്ലെന്നു ഇനി പ്രത്യേകം ഉണര്‍ത്തേണ്ട കാര്യമില്ലല്ലോ അല്ലെ ....

......ഇനി കഥയിലേക്ക്......

രണ്ടു വര്‍ഷത്തെ ബഹ്‌റൈന്‍ പ്രവാസ ജീവിതം കഴിഞ്ഞു ഞാന്‍ നാട്ടില്‍ എത്തിയ സമയത്താണ് എന്റ്റെ മൂത്ത മാമ്മീടെ(അമ്മായി ) മോന്‍ അഥവാ എന്റ്റെ മച്ചുനന്റ്റെ കല്യാണം ഉറപ്പിച്ചത്.....അവനാണെങ്കില്‍ എന്റ്റെ അനിയത്തിയുടെ പ്രായമാണ്......മൊട്ടേന്നു വിരിഞ്ഞിരങ്ങുന്നതിനു മുന്നേ ചെക്കന് കെട്ടു പോലും !!!.......

എന്തായാലും അവന്‍ കാരണം ഞാന്‍ ഇങ്ങനെ വായനോക്കിയും പഞ്ചാരയടിച്ചും നടക്കാതെ ഒരു കല്യാണത്തെ കുറിച്ചൊക്കെ ചിന്തിക്കാന്‍ സമയമായി എന്ന് കണ്ടു മുട്ടുന്ന ഒട്ടുമിക്ക പേരും എന്നോട് പറഞ്ഞു.......പക്ഷെ ഇത്ര ചെറുപ്പത്തിലെ കല്യാണം കഴിച്ചു, കുട്ടികള്‍ ആയി കുടുംബം, പ്രാരാബ്തം എന്നൊക്കെ പറഞ്ഞു....അയ്യേ നാണക്കേട്‌!!! അത് പറഞ്ഞപ്പോഴേ എനിക്ക് തമാശയായി തോന്നി....മാത്രമല്ല എന്റ്റെ മച്ചുനനെ പിടിച്ചു കുരുക്കിട്ടതിനെ ഞാന്‍ അപലപിച്ചു .....അതിനു ഉത്തരവാദിയായ മാമ്മിയെയും മാമ്മനെയും കുറെ കളിയാക്കി....മാമ്മിക്കുള്ള അടിവര പോല്ലേ "ഞാനിങ്ങനെ ഒക്കെ കുറച്ചു കൂടി കാലം വായ നോക്കി അടിച്ചുപൊളിച്ചു നടന്നോളാമേ" എന്നും പറഞ്ഞു ...
പക്ഷേ മാമ്മിമാര് രണ്ടു പേരും കൂടി എനിക്ക് കല്യാണ പ്രായം ആയി എന്ന് ഔദ്യോകികമായി തന്നെ പ്രഖ്യാപിച്ചു ....പക്ഷെ ഞാന്‍ പിടി കൊടുത്തില്ല....നമ്മളോടാ കളി..... ഞാന്‍ മുങ്ങി നടന്നു....പിന്നെ എന്റ്റെ ലീവ് കഴിഞ്ഞപ്പോള്‍ ഗള്‍ഫിലോട്ട് തിരിച്ചു പോന്നു....

6 - 7 മാസം കഴിഞ്ഞപ്പോള്‍ എന്റ്റെ മൂത്ത മാമ്മീടെ ഭര്‍ത്താവ് അഥവാ എന്റ്റെ മാമ്മന്‍, എന്റ്റെ മറ്റു മാമ്മന്മാര്‍‍, കസിന്‍ അങ്ങിനെ ഒരു ടീം തന്നെ ലീവിനു നാട്ടില്‍ വന്നു....എല്ലാരും നാട്ടില്‍ എത്തി ഒരാഴ്ച കഴിഞ്ഞപ്പോള്‍ ഞാനും ഒരു 10 ദിവസത്തിന്റ്റെ ലീവിനു നാട്ടില്‍ വന്നു (അര്ബാബിനോട് കരഞ്ഞു വാങ്ങിച്ചു...എനിക്ക് കൂടെ പിറക്കാതെപോയ എന്റെ ഇക്ക വീണ്ടും വണ്ടിയിച്ചു ആശുപത്രിയില്‍ ആയി)....എല്ലാരും നാട്ടില്‍ പോയാല്‍ ഞാന്‍ മാത്രമെങ്ങിനാ ....എന്താ എനിക്കുമില്ലേ ആഗ്രഹങ്ങള്‍ ...അടിച്ചുപൊളിയെന്കില്‍ അടിച്ചുപൊളി തന്നെ !!!

നാട്ടില്‍ വന്നതും മാമ്മിമാരും മാമ്മനും കൂടി പഴയ കാര്യം വീണ്ടും കുത്തി പൊക്കി.....എന്റ്റെ കല്യാണകാര്യം....ഇനിയിപ്പോ കല്യാണം കഴിക്കുന്നില്ലെങ്കില്‍ കൂടി ഒരു പെണ്ണ് ഉറപിച്ചിട്ടു പോയി അടുത്ത ലീവിനു കെട്ടാം എന്നൊരു പുതിയ ആശയം കൂടി അവതരിപ്പിച്ചു അവര്‍...എന്നാല്‍ പിന്നെ ആ പരിപാടി തരക്കേടില്ലെന്നു എനിക്കും തോന്നി ...അതിന്റെ ആലോചനകള്‍ ചെറിയ രീതിയില്‍ ആരംഭിക്കുകയും ചെയ്തു,

പിന്നെ ദിവസം മാമ്മീടെ വീട്ടില്‍ കേറി ചെന്നപ്പോള്‍ മാമ്മ എന്നോട് അവരു എല്ലാരും കൂടി വൈകീട്ട് മാമന്റ്റെ കൂട്ടുകാരന്റ്റെ (അങ്ങേരുംപ്രവാസി, ലീവില്‍ ആണ് ) വീട്ടില്‍ പോകുന്നുണ്ട് എന്നും എന്നോടും കൂടെ ചെല്ലാനും പറഞ്ഞു.....:ഏയ്‌ ഞാനൊന്നുമില്ല; അല്ലെങ്കിലെ നിന്ന് തിരിയാന്‍ നേരമില്ല" എന്ന് മാമ്മാട് പറഞ്ഞു ഞാന്‍ അടുകളയില്‍ കേറി ചെന്നു....അവിടെ എന്റ്റെ രണ്ടു മാമ്മിമാരും നിന്ന് വര്‍ത്തമാനം പറയുക ആയിരുന്നു....എന്നെ കണ്ടതും മൂത്ത മാമ്മി പറഞ്ഞു " ഡാ വാടാ, ചെക്കാ , മാമാടെ കൂട്ടുകാരന്റ്റെ വീട്ടിലോട്ടാണ് ....ഞങ്ങള്‍ മൂന്ന് പേരും നീയും കുട്ടികളും മാത്രേ ഉള്ളോ...വെറുതെ പോയിട്ട് വരാം ......പിന്നെ മാമ്മാന്റ്റെ കൂട്ടുകാരന് പ്ലസ്‌ ടുവിനു പഠിക്കുന്നൊരു മോള്‍ ഉണ്ട്...അവളെയും കാണാം.....നിനക്ക് ഇഷ്ടമാവുകയനെന്കില്‍ നമുക്ക് ഫോര്‍വേഡ് ചെയ്യാം.....പെണ്ണ് കാണല്‍ ആയിട്ടൊന്നും വേണ്ട, ഞങ്ങളുടെ കൂടെ വരുമ്പോള്‍ വെറുതെ കാണാല്ലോ, " മാമ്മി ഇത്രയും പറഞ്ഞപ്പോള്‍ അതൊരു നൂനത ആശയം ആയി എനിക്ക് തോന്നി ...പെണ്ണ് കാണല്‍ അല്ലാതൊരു പെണ്ണ് കാണല്‍ ...ഹ്മം കൊള്ളാം.....ഇഷ്ട്ടപെട്ടു എങ്കില്‍അടുത്ത തവണ വന്നു കെട്ടാല്ലോ, 6 മാസം പഞ്ചാര അടികുവേം ചെയ്യാം....good idea....എവിടെ നിന്നോ മണിയടി ശബ്ദം കെട്ടു ....പക്ഷെ ബള്‍ബ്‌ കത്തുന്നതിനു പകരം ഉള്ള കറന്റ്‌ പോയി ...

പക്ഷേ എന്റ്റെ ഊതി വീര്പിച്ച മാനം സംരക്ഷിക്കാം വേണ്ടി ഞാന്‍ ഇല്ല എന്ന് പറഞ്ഞു ( അവരു നിര്‍ബന്ധിക്കും എന്ന് ഉറപ്പുള്ളത് കൊണ്ട് )......അവസാനം അവരുടെ നിര്‍ബന്ധത്തിനു വഴങ്ങിയെന്ന പോലെ ഞാന്‍ സമ്മധിച്ചു .....(നിര്‍ബന്ധിചില്ലെങ്കില്‍ ഞാന്‍ പെട്ട് പോയെന്നെ )

വൈകുന്നേരം മാമ്മ വിളിച്ചു വണ്ടി ഇപ്പൊ വരും എന്നും, അത് കൊണ്ട് എന്നോട് വേഗം ഒരുങ്ങി വരാന്‍ പറഞ്ഞു.....ഞാന്‍ ആണെങ്കില്‍ ജീവിതത്തില്‍ ആദ്യമായി ഒരു പെണ്ണ് കാണാന്‍ പോകുകയല്ലേ......അടി പൊളി ആയി തന്നെ പോണം(മനസ്സില്‍ കണക്കു കൂട്ടി)......ഞാന്‍ എന്റ്റെ പുതിയ shirts ഒക്കെ എടുത്തു , മാറി മാറി ഇട്ടു നോക്കി..........ഇട്ടതു തന്നെ വീണ്ടും വീണ്ടും ഇട്ടു നോക്കി ......ഏയ്‌.... ഒന്നും മനസ്സിന് പിടിക്കുന്നില്ല......അല്ലെങ്കിലും ആവശ്യത്തിന് ഒരു പീറ്റര്‍ ഇംഗ്ലണ്ടും ഉപകരിക്കില്ലല്ലോ....ഇപ്പൊ പോയി വേറെ ഷര്‍ട്ട്‌ എടുകാനാനെകില്‍ നേരവും ഇല്ല.....ഞാനാകെ ടെന്‍ഷന്‍ ആയി...ഇനിയെന്ത് ചെയ്യും??? കുടുങ്ങീല്ലോ പടച്ചോനെ എന്ന് വിചാരിച്ചു നില്‍കുന്ന നേരത്താണ് അനിയന്ട്ടെ പുതിയ ഷര്‍ട്ട്‌ ആങ്കരില്‍ കിടന്നു മൈക്കല്‍ ജാക്സന് പഠിക്കുന്നത് കണ്ടത്....പുത്തന്‍ പുതിയത്.....നല്ല കളര്‍ഫുള്‍ ഡിസൈനും ....അവന്‍ എടുത്തു കൊണ്ട് വന്നിട്ടേ ഉള്ളോ....ഇട്ടിട്ടില്ല ....
അതെടുക്കണോ???.....ഗള്‍ഫില്‍ പോയി വന്നിട്ടും ഇക്ക decent ആയില്ല എന്ന് അവനു തോന്നിയാല്ലോ....വേണോ വേണ്ടേ എന്നാ സംശയം ബാക്കിയായി.....അവസാനം ഇച്ചിരി മോശമായാലും സാരമില്ല, അനിയന്റെ മുന്നില്‍ അല്ലെ ....ഇതും കൂട്ടി അവന്‍ എന്നെ മൊത്തം കഞ്ഞി എന്ന് വിച്ചാരിചോട്ടെ...ആപത്തു നേരത്ത് നാണകേട്‌ വിചാരിച്ചിട്ട് കാര്യമില്ല എന്ന് വെച്ച് അതങ്ങ് എടുത്തു ഇട്ടു.....ഉമ്മാനോട് മാമ്മാടെ കൂടെ പോവാനാന്നെന്നു പറഞ്ഞു പുതിയൊരു മുണ്ടും വാങ്ങി....പെണ്ണ് കാണളിന്റ്റെ കാര്യമൊന്നും വീട്ടില്‍ പറഞ്ഞില്ലെങ്കില്‍ കൂടി എന്റ്റെ dressing കണ്ടപ്പോള്‍ ഉമ്മാക്കും അനിയത്തിക്കും ഇച്ചിരി പന്തികേടു തോന്നിയോ എന്ന് എനിക്ക് സംശയമായി...എങ്ങിനെ സംശയിക്കാതെ ഇരിക്കും....അമ്മാതിരി ആയിരുന്നു എന്റ്റെ പ്രകടനം....കപ്പകഷണം കണ്ട മൂഷികരാജന്‍ കണ്ടക്കെ ഞാന്‍ പൌഡര്‍ എടുക്കാന്‍ ഓടും....ഷര്‍ട്ട് എടുക്കാന്‍ ഓടും....മുണ്ട് എടുക്കാന്‍ ഓടും...പിന്നെ fair and lovely, hair jell, body spray, perfume etc etc................... ഇതൊക്കെ എടുക്കാന്‍ അങ്ങോട്ടും ഇങ്ങോട്ടും ഓട്ടമായിരുന്നു.....ഒരു ലേശം ഓവര്‍ ആണോ എന്ന് എനിക്ക് തന്നെ സംശയമായിരുന്നു.....അപ്പൊ വീട്ടുകാരുടെ കാര്യം പറയണ്ടല്ലോ അല്ലെ....

എന്തായാലും ഞാന്‍ ഒരു ഒന്ന് ഒന്നര മണിക്കൂറില്‍ ഒരുങ്ങി പിടിച്ചു മാമ്മാടെ വീട്ടില്‍ എത്തി..........അവരെല്ലാം ഒരു മണിക്കൂര്‍ മുന്നേ തന്നെ ഒരുങ്ങി പിടിച്ചു പോകാന്‍ തയ്യാറായി നിക്കുവാരുന്നു....വിളിച്ചു വരുത്തീതല്ലേ എന്നോര്‍ത്താവും, എന്റെ കൃത്യനിഷ്ട്ടതയെ അവരൊന്നും പറഞ്ഞില്ല........പറഞ്ഞാല്‍ കാണാര്‍ന്നു (അണ്ടി പോയ അണ്ണാനെ പോല്ലേ ഞാനവിടെ നിന്ന് പോയെന്നെ ) .....
ഞങ്ങള്‍ പുറപ്പെട്ടു....നിറയെ പ്രതീക്ഷകളും സ്വപ്നങ്ങളുമായി ഞാന്‍ മുന്നില്‍ തന്നെ ഇരുന്നു.....


ആദ്യമായി കാണാന്‍ പോകുന്ന പെണ്ണല്ലേ.......നല്ല കുട്ടി ആവണേ എന്ന് മനസ്സ് കൊണ്ട് പ്രാര്‍തിച്ചാണ് വീട്ടില്‍ നിന്ന് ഇറങ്ങിയത്‌ ......വണ്ടിയില്‍ കേറുമ്പോള്‍ തന്നെ " ആരാ ഇത് , പുത്യാപ്ല ചെക്കനോ ??" എന്നൊരു ചോദ്യം....രണ്ടാം ക്ലാസ്സില്‍ പഠിക്കുന്ന ചെറിയമാമ്മീടെ മോള്‍ ആണ് (പടച്ചോനെ, നീര്‍കോലിക്കും പത്തിയോ ??? ) ........."ഫെമി മോളെ, നിച്ചുക്ക ചെത്തായിട്ടില്ലേ " എന്ന് ഞാന്‍ തിരിച്ചു ചോദിച്ചു......"പിന്നെ ------- തകര്‍ത്തിട്ടുണ്ട് " അത് പക്ഷെ പറഞ്ഞത് ഫെമി മോള്‍ അല്ലെ, എന്റ്റെ മൂത്ത മാമ്മിയാ (എന്നെ ആക്കീതാണോ ??ആഹ്!! എന്തെല്ലും ആവട്ടെ )..........

ഇടയ്ക്കിടയ്ക്ക് രണ്ടു മാമ്മിമാരും അങ്ങോട്ടും ഇങ്ങോട്ടും നോക്കും.........വീണ്ടും എന്നെ ആകിയിട്ടാനോഓഓഓഓഓ എന്ന് എനിക്കൊരു സംശയം.....ഞാന്‍ അവരെ ശ്രദ്ധിക്കാതെ, മാമ്മാടെ അടുത്തിരുന്നു ഓരോ തമാശ പറഞ്ഞു കൊണ്ടിരുന്നു......പക്ഷെ ഞാനും മാമ്മിമാരും തമ്മില്‍ സംസാരിച്ചതും പെണ്ണ് കാണലിന്റ്റെ കാര്യവും ഒന്നും മാമ്മക്ക് അറിയില്ലായിരുന്നു........എങ്കില്‍ എല്ലാ വഴിക്കും എനിക്ക് പാര ആയെന്നെ !!!

അടിപൊളി ആയിട്ടുണ്ട് എന്നാണു മൊത്തത്തില്‍ ഉള്ള അഭിപ്രായം എങ്കിലും എനികെന്തോ മനസ്സമാധാനം കിട്ടില്ല...ഞാന്‍ ഇടയ്ക്കിടയ്ക്ക് വണ്ടിയുടെ ഗ്ലാസില്‍ എത്തി വലിഞ്ഞു നോക്കും.....അത് പിന്നെ ബാക്കിലിരിക്കുന്ന കാലമാടികള്‍ നോട്ടീസ് ചെയ്യുന്നുണ്ട് എന്ന് മനസ്സിലായപ്പോള്‍ വേണ്ട എന്ന് വെച്ചു ..." ഡാ നിച്ചു, ഷംസുക്കാക്ക് ഒരു മോളും മോനും ആണ്....പത്തില് പഠിക്കുന്ന ചെക്കനാണ് ...അവിടെ ചെന്ന് ആ ചെക്കന് ഒരു കമ്പനി കൊടുക്കണം കേട്ടോ " മാമ്മി എന്നോട് പറഞ്ഞു ....... ശെരി എന്ന് ഞാനും പറഞ്ഞു......(അളിയനെ സ്നേഹിക്കുന്ന നല്ലൊരു അളിയനല്ലേ ഞാന്‍ അളിയാ )

ഒരു മുക്കാല്‍ മണിക്കൂറില്‍ ഞങ്ങള്‍ അവിടെ എത്തി......മാമ്മ വിളിച്ചു പറഞ്ഞിരുന്നത് കൊണ്ട് ഷംസുക്ക അവിടെ വീട്ടു പടിക്കല്‍ തന്നെ ഉണ്ടായിരുന്നു.....നല്ല ഉയരത്തില്‍ തടിച്ചു വെളുത്തു ചെറുപ്പം തോന്നിക്കുന്ന സുന്ദരനായ ഒരാള്‍....... ഗള്‍ഫ്‌ഗേറ്റ് വിഗ് ഉപയോഗിക്കുന്നുണ്ടോ എന്ന എന്റ്റെ ന്യായമായ സംശയം ഞാന്‍ എന്റ്റെ കഴുകന്‍ കണ്ണുകള്‍ വെച്ച് സൂക്ഷിച്ചു നോക്കി ഇല്ല എന്ന അഭിപ്രായത്തില്‍ എത്തി....ഹ്മം....അമ്മായപ്പന്‍ കുഴപ്പമില്ല....ആരുടെ മുന്നിലും ഇതാണ് എന്റ്റെ അമ്മായപ്പന്‍ എന്ന് തലയുയര്‍ത്തി തന്നെ പറയാം......യു ആര്‍ വോക്കെ മിസ്റ്റര്‍ ഫാതര്‍ ഇന്‍ ലോ !!!

ഞങ്ങളെ എല്ലാം അങ്ങേരു സ്വീകരിച്ചു.....മറ്റുള്ള എല്ലാരേയും അങ്ങേരു അറിയും....അത് കൊണ്ട് തന്നെ എനിക്ക് നേരെ ഒരു ചോദ്യചിഹ്നം ഉയരും മുന്നേ എന്നെ മാമ്മന്‍ പരിചയപെടുത്തി .... " അളിയന്ട്ടെ മോനാ, നിച്ചു ; അബുധാബിയില്‍ തന്നെ ആണ്....ഞങ്ങള് നാട്ടില്‍ വന്നപ്പോള്‍ സമാധാനം ഇല്ലാതെ പത്തു ദിവസം ലീവ് എടുത്തു ഓടി പോന്നതാ... " വലുതായി പൊക്കി പറഞ്ഞില്ലെങ്കില്‍ കൂടി മാമ്മ എന്നെ മോശമല്ലാത്ത രീതിയില്‍ introduce ചെയ്തു.... ഒരു നൂറു രൂപ എടുത്തു മാമ്മാക്ക് (കൈമണി ) കൊടുക്കണം എന്ന് തോന്നി അപ്പോള്‍....."വാ, എല്ലാരും കേറി വാ" എന്ന് പറഞ്ഞു അങ്ങേരു എല്ലാരേയും വീട്ടിലോട്ടു ക്ഷണിച്ചു....ഞാനും മാമ്മയും മാമ്മാടെ രണ്ടു ചെക്കന്മാരും സിറ്റ്ഔട്ടില്‍ തന്നെ ഇരുന്നു...ഷംസുക്ക പെണ്ണുങ്ങളെ ഉള്ളില്‍ കൊണ്ടാകാന്‍ പോയി , ആ നേരം ഞാന്‍ എന്റ്റെ ഷര്‍ട്ടും മുണ്ടും ഒക്കെ ഒന്ന് നേരെയാക്കി, ചീപ്‌ എടുത്തു മുടി ചീന്തി......കുഴപ്പമില്ലെന്ന് എനിക്ക് തന്നെ തോന്നുന്ന സ്റ്റൈലില്‍ ഞാന്‍ വീടിന്റ്റെ ഉള്ളിലോട്ടു നോട്ടം കിട്ടുന്ന സ്ഥലത്ത് തന്നെ ഇരുന്നു......മാമ്മിമാരെ ഭാര്യയെ ഏല്പിച്ചു ഷംസുക്ക തിരിച്ചു വന്നു മാമ്മാടെ അടുത്ത് വന്നിരുന്നു മാമ്മാട് കത്തിയടി തുടങ്ങി......നാട്ടിലെ വിശേഷം , കുടുംബം, ഗള്‍ഫ്‌ കാര്യങ്ങള്‍ അങ്ങിനെ അങ്ങിനെ.....ഇടക്ക് നിര്‍ത്തി എന്നോടും ഓരോന്നൊക്കെ ചോദിച്ചു (എനിക്ക് bore അടികേണ്ട എന്ന പോലെ )....ഞാന്‍ വീടിന്റ്റെ ഉള്ളിലോട്ടു ഇടകിടക്ക് എത്തി നോക്കി....നമ്മുടെ കക്ഷി എങ്ങാനും അങ്ങോട്ടോ ഇങ്ങോട്ടോ പാസ്‌ ചെയ്യുന്നുണ്ടോ എന്നറിയാന്‍ വേണ്ടി......കുറച്ചു കഴിഞ്ഞപ്പോള്‍ അളിയന്‍ ചെക്കന്‍ വന്നു....അല്ലാഹ് !! നല്ല പൂവന്‍ പഴം പോലൊരു ചെക്കന്‍.........അവന്‍ പഠിക്കുക ആയിരുന്നത്രെ .....പഠികട്ടെ പഠിക്കട്ടെ ......അവന്‍ പഠിച്ചാല്‍ ഭാവിയില്‍ എനിക്കും ഉപകാരപെടും...(ഞാന്‍ മനസ്സില്‍ കരുതി )...അപ്പൊ അമ്മായപ്പനും അളിയനും ഓ കെ ...

അധികം താമസിച്ചില്ല ഒരു സ്ത്രീ വന്നു ചായ കുടിക്കാന്‍ വിളിച്ചു......ഇത് അമ്മായമ്മ തന്നെ......ഉയരം കുറഞ്ഞു വെളുത്തു സുന്ദരിയായ ഒരു സ്ത്രീ......ഷംസുക്കാടെ അത്രയ്ക്ക് കളര്‍ ഇല്ലെങ്ങിലും നല്ല മുഖശ്രീ ഉണ്ട്....അപ്പൊ അമ്മായമ്മ ഡബിള്‍ ഓ കെ.....( എല്ലാരും പ്രത്യക്ഷപെട്ടു ....എന്തെ നീ മാത്രം വന്നീല്ല?? ...... വരും വരാതിരിക്കില്ല )......ഭാര്യയുടെ ക്ഷണത്തിന് അനുപല്ലവി എന്ന പോലെ ഷംസുക്കയും ചായ കുടിക്കാന്‍ വരാന്‍ പറഞ്ഞു .... വിളിക്കേണ്ട താമസം ഞാന്‍ മാമ്മന്റ്റെ ചെക്കന്മാരെ വിളിച്ചു വീടിന്ന്റെ ഉള്ളില്‍ കേറി......കേറുന്ന വഴിയില്‍ എന്റ്റെ കുട്ടി അവിടെ എവിടെയെങ്കിലും ഉണ്ടോ എന്ന് തിരയാനും ഞാന്‍ മറന്നില്ല....ചായ കുടിക്കാന്‍ കേറിയപ്പോള്‍ അടുകളയിലോട്ടും അടുത്ത് കാണുന്ന മുറിയില്ലോട്ടും നോട്ടം കിട്ടുന്ന തരത്തില്‍ തന്നെ ഞാന്‍ ഇരുന്നു.,...(നമ്മളോടാ കളി...നിന്നെ കണ്ടിട്ടേ പെണ്ണെ ഞാനിന്നു പോകുന്നുള്ളൂ...ഹല്ലാ പിന്നെ ).......മാമ്മിമാരും കുട്ടികളും എല്ലാം വന്നിരുന്നു.....അവിടെ ഒക്കെ തിരഞ്ഞു നോക്കിയിട്ടും കുട്ടിയെ കണ്ടില്ല.... ഞാന്‍ മാമ്മിയെ നോക്കി കണ്ണ് കൊണ്ട് എവിടെ എന്റ്റെ ആള്‍ എന്ന അര്‍ത്ഥത്തില്‍ സിഗ്നല്‍ കൊടുത്തു.....മാമ്മി ഒന്ന് അടങ്ങു എന്നാ രീതിയില്‍ തിരിച്ചും ഒരു സിഗ്നല്‍ തന്നു.....(ഹ്മം ശെരി ....ഇപ്പൊ അടങ്ങി....പക്ഷെ എന്നെ അധിക നേരം അടക്കി നിര്‍ത്താമെന്ന് ആരും വിചാരികണ്ട)....ഞങ്ങള്‍ എല്ലാരും ചായ കുടിച്ചു എണീറ്റു....ചായ കുടിക്കുമ്പോഴും വാഷ്‌ ചെയ്യുമ്പോഴും പുറത്തോട്ടു നടക്കുമ്പോഴും എല്ലാം എന്റ്റെ കണ്ണ് ആ വീട്ടിന്‍റ്റെ കാണാവുന്ന മൂലകളില്‍ ഒക്കെ പരത്തി നടന്നു....എന്റ്റെ സ്വന്തം കുട്ടിയെ ഒരു നോക്ക് കാണാന്‍.....ദാസേട്ടന്റെ "താമസമെന്തേ വരുവാന്‍ " എന്ന ആ പഴയ പാട്ടിന്റെ വരികള്‍ എവിടെനിന്നോ കേള്‍ക്കുന്ന പോല്ലേ

ഞങ്ങള്‍ വീണ്ടും സിറ്റ് ഔട്ടില്‍ വന്നിരുന്നു....മാമ്മയും ശംസുക്കയും പഴയ ലാത്തി തുടര്‍ന്ന്.....മാമ്മ ഈ ലാത്തി കേള്‍കാനാണോ എന്നെ പിടിച്ചു കൊണ്ട് വന്നത് എന്ന് എനിക്ക് തോന്നി.....അകത്തോട്ടു കേറി പോയ ആ ദുഷ്ട്ടകള്‍ക്കാനെങ്കില്‍ ഇങ്ങനെ ഒരാളെ വിളിച്ചു കൊണ്ട് വന്നിട്ടുണ്ടെന്ന വിചാരമേ ഇല്ലെന്നു തോന്നുന്നു.......

അവസാനം കുറെ നേരം ഇരുന്നു ക്ഷമ നശിച്ച ഞാന്‍ മാമ്മാടെ ഇളയ കുട്ടിയെ കൂട്ടി ഫെമി മോളെ വിളികാനെന്ന പോല്ലേ വീടിന്റ്റെ ഉള്ളില്‍ കേറി അവിടെ ഒക്കെ തെരഞ്ഞു....ഒരു മുറിയില്‍ അളിയന്‍ ചെക്കനിരിന്നു ഗെയിം കളിക്കുന്നു.....ഹാള്ളില്‍ മാമ്മിമാരും അമ്മായമ്മയും ഇരുന്നു വര്‍ത്താനം പറയുന്നു.....എന്നെ കണ്ടതും ചെറിയ മാമ്മി ഒന്ന് ചിരിച്ചു....തുടര്‍ന്ന് വെല്യെ മാമ്മിയും....ഹ്മ്മം..."മാമ്മിക്ക് വീണ വായന എനിക്ക് പെണ്ണുകാണല്‍ വേദന എന്ന് പറയണ പോല്ലേ ആയല്ലോ പടച്ചോനെ...."ചിരിച്ചോ ചിരിച്ചോ ഈ പടി കടന്നാല്‍ കാണിച്ചു തരാം തെണ്ടി മാമ്മികളെ" ....ഞാന്‍ മനസ്സില്‍ കണക്കു കൂട്ടി......

ആ കുട്ടി ഈ വീട്ടില്‍ ഇല്ല എന്ന് എനിക്ക് ഏകദേശം ഉറപ്പായി.........വെല്ല ബന്ധുവീട്ടിലും പോയി കാണും.....ഛെ!! ഇവളെന്തു പണിയാ കാണിച്ചേ....മുയല് ഇറങ്ങിയപ്പോള്‍ പുലി കട്ടന്‍ ചായ കുടിക്കാന്‍ പോയി എന്ന് പറയണ പോല്ലേ ആയല്ലോ എന്റെ കാര്യം ......ഇവള്കെന്നെ കാത്തിരിക്കാമായിരുന്നില്ലേ.....എനിക്ക് വേണ്ടി ഒരു ജന്മം കാത്തിരികേണ്ടവള്‍ അല്ലെ അവള്‍ ???.....

എന്തായാലും ഇനി നിന്ന് തിരിഞ്ഞിട്ടു കാര്യമില്ല.....ഞാന്‍ മാമ്മിമാരോട് മാമ്മന്‍ വിളികുന്നുണ്ട് എന്ന് ചെന്നുപറഞ്ഞു....എന്നിട്ട് പുറത്തുവന്നു മാമ്മനോട് പോകാം എന്നും പറഞ്ഞു ഞാന്‍ പുറത്തെറങ്ങി നിന്നു......ക്ഷമ നശിച്ചവനെ പോലെ (സത്യത്തില്‍ അതൊക്കെ എപോഴോ നശിചിട്ടുണ്ടായിരുന്നു) .....ഒരു പത്തു മിനിട്ടില്‍ അവരെല്ലാം യാത്ര പറഞ്ഞു ഇറങ്ങി.....ഞാന്‍ പഴയത് പോലെ തന്നെ കാറില്‍ എന്റ്റെ സ്ഥാനം പിടിച്ചു......(മീന്‍ കൊട്ടയുടെ പിന്നാലെ വെറുതെ ഓടിയ പൂച്ചയെ പോലെ ആയിരുന്നു എന്റ്റെ അവസ്ഥ...മീനും ഇല്ല, മീന്കാരന്റ്റെ ചവിട്ടും കിട്ടി ..).....ആ കുട്ടി അവിടെ ഇല്ലെങ്കില്‍ പിന്നെ എന്തിനാ എന്നെ വിളിച്ചു കൊണ്ട് വന്നെ എന്ന് മാമ്മിമാരോട് ചോദികണം എന്നുണ്ടായിരുന്നു....പക്ഷെ മാമ്മാക്ക് ഒന്നുമറിയില്ലല്ലോ.....( ഇപ്പൊ എന്തെങ്കിലും സംസാരിച്ചാല്‍ മാമ്മ അറിയും ...മാമ്മ അറിഞ്ഞാല്‍ പിന്നെ ഗള്‍ഫ്‌ മുഴുവന്‍ അറിയും....എന്തിനാ ഗള്‍ഫ്‌ ന്യൂസിന് ഞാനായിട്ട് ഒരു കോമ്പിറ്റെറ്റരെ ഉണ്ടാകുന്നെ )..അത് കൊണ്ട് ഇപ്പൊ ചോദികണ്ട.....വേറെ രണ്ടു സ്ഥലത്ത് പോയി ഞങ്ങള്‍ തിരിച്ചു വന്നപ്പോള്‍ രാത്രിയായിരുന്നു.....അത് കൊണ്ട് ഞാന്‍ എന്റ്റെ വീട്ടു പടിക്കല്‍ ഇറങ്ങി....അവര് അവരുടെ വീടിലും....എന്തായാലും ആ കുട്ടി എങ്ങോട്ട് പോയി എന്ന് മാമ്മിമാരോട് ചോദിക്കാന്‍ പറ്റാത്തതില്‍ ഭയങ്കര നിരാശ ഉണ്ടായിരുന്നു.....
വീട്ടില്‍ ആണേല്‍ എന്റ്റെ പട്ടി ചന്തക്കു പോയതു പോലെ ആയ മുഖം കണ്ടപ്പോള്‍ അവര്‍ക്ക് എന്തോ അപാകത അനുഭവപെട്ടിട്ടുണ്ടാവും.....എങ്കിലും അവരൊന്നും ചോദിച്ചില്ല .....ഞാന്‍ ഭക്ഷണം കഴിച്ചു കിടന്നുറങ്ങി.....

കാലത്ത് ഞാന്‍ നേരത്തെ തന്നെ എണീറ്റ്‌ കുളിയും ചായ കുടിയുമൊക്കെ കഴിഞ്ഞു വേഗം മാമ്മിയുടെ വീട്ടിലോട്ടു ചെന്നു......രണ്ടു മാമ്മിമാരും ടേബിള്‍ഇന് ചുറ്റും ഇരുന്നു പത്തിരി പരത്തുന്നു........മാമ്മ തൊട്ടു തൊട്ടില്ല എന്നാ രീതിയില്‍ മാമ്മീടെ അടുത്തിരിക്കുന്നു.......ഞാന്‍ കേറി ചെന്നതും അവരൊക്കെ ചിരിക്കാന്‍ തുടങ്ങി.....എല്ലാരും പൊട്ടി ചിരിക്കുന്നു....കുട്ടികള്‍ അടക്കം....

ഹോ ദുഷ്ടകള്‍!!! എല്ലാരോടും പറഞ്ഞിട്ടുണ്ടാവും....പറഞ്ഞാല്‍ എനികെന്താ,.....എന്നെ പോല്ലേ സുന്ദരനും സുമുഗനും സല്‍സ്വഭാവിയും ആയ ആണ്‍ പിള്ളേര്‍ക്ക് കാണാന്‍ വേണ്ടിയല്ലേ ഈ നാട്ടിലെ പെണ്‍ കുട്ടികള്‍......ഞാന്‍ മനസ്സില്‍ കരുതി.....( ആ സിദ്ധാന്തം പക്ഷെ ആ നേരത്ത് അവിടെ അവതരിപ്പിച്ചാല്‍ മെഡിക്കല്‍ കോളേജില്‍ കുട്ടികള്‍ക്ക് പഠിക്കാന്‍ കൊണ്ട് വന്നിട്ട ശവത്തിനെക്കാള് കഷ്ടമാവും എന്റ്റെ കാര്യം ......വിദ്വാന് ആണെങ്കിലും വിഡ്ഢിക്ക് ആണെങ്കിലും ആ നേരത്ത് മൌനം തന്നെ ഭൂഷണം ) ഒരു പെണ്ണ് കാണാന്‍ പറ്റാത്തതില്‍ ഇത്രയ്ക്കു ചിരികാനുണ്ടോ??? ഇന്നല്ലെങ്കില്‍ നാളെ ഞാന്‍ അവളെ കാണും .....കേട്ടുവേം ചെയ്യും ......അപ്പൊ ഇവരെന്തു പറയും എന്ന് കാണാം ...

എന്നെ കോമാളിയാക്കി കൊണ്ട് അവരെല്ലാരും കൂടി കുറെ ഇരുന്നു ചിരിച്ചു....ഞാനും വിചാരിച്ചു എന്തായാലും പന്ത് അവരുടെ കാലിലല്ലേ....ഇന്ത്യ ബ്രസീലിന്റെ പോസ്റ്റില്‍ അടിച്ച ഗോള്‍ എന്ന പോല്ലേ അവര് ആര്മാദിക്കട്ടെ.....പക്ഷെ എല്ലാ കളിയാക്കലിലും എന്നെ വേദനിപ്പിച്ചത്, ഞാനാ നഗ്നസത്യം അറിഞ്ഞപ്പോഴാണ് ......

## "ഷംസുക്കാക്ക് അങ്ങിനെ ഒരു മോളില്ല " ## അങ്ങേര്‍ക്കു ആകെ അവിടെ കണ്ട ഒരു മോനെ ഉള്ളൂ ...........ഇല്ലാത്ത പെണ്ണിനെ കാണാന്‍ അണിഞ്ഞൊരുങ്ങി പോകേണ്ടി വന്ന എന്റ്റെ ദുര്‍വിധിയെ കുറിച്ചോര്‍ത്തു ഞാന്‍ സങ്കടപെടുമ്പോള്‍ എന്റ്റെ ഈ ജന്മത്തിലെ കുരുത്തകേടുകള്‍കൊക്കെ മധുരപ്രതികാരം ചെയ്ത വിജയീ ഭാവം ആയിരുന്നു എന്റ്റെ സ്നേഹസംബന്നമാരായ മാമ്മികള്‍ക്ക്....

*************************

NB : ഇത് ആത്മാകധാംശി ആയൊരു സംഭവകഥയാണ് .... അത് കൊണ്ട് തന്നെ പലര്‍ക്കും ഇഷ്ടമായെന്നു വരില്ല......അങ്ങിനെയെങ്കില്‍ സവിനയം ക്ഷമിക്കുക....ഐ ആം ദി സോറി മൈ ഡിയര്‍ ഫ്രണ്ട്സ്‌

ചില ബസ്‌ കഥകള്‍





കുട്ടികാലത്തിന്റ്റെ സുഖമുള്ള ഓര്‍മ്മകളില്‍ എന്നും തങ്ങി നില്‍കുന്ന ഒന്നാണ് ബസ്സും ബസ്സിനെ ചുറ്റിപറ്റിയുള്ള കഥകളും .....മറ്റു വണ്ടികളെ അപേക്ഷിച്ചു വളരെ നീളത്തില്‍ ഒരുപാട് ആള്‍ക്കാരെ കൊണ്ട് പോകുന്ന ആ വണ്ടിയെ വളരെ ആഗ്രഹത്തോടെയും ആരാധനയോടും കൂടിയാണ് കുട്ടിക്കാലത്ത് ഞാന്‍ നോക്കി കണ്ടിരുന്നത് ...സ്കൂളില്‍ പഠിക്കുന്ന കാലത്ത് വളരെ അപൂര്‍വമായേ ബസ്സില്‍ കേറാന്‍ ഭാഗ്യം ലഭിച്ചിട്ടുള്ളൂ.....കാരണം മറ്റൊന്നുമല്ല, സ്കൂളില്‍ പോകുന്നത് സ്കൂള്‍ വാനിലാണ്....വീട്ടുകാരുടെ കൂടെ പുറത്തു പോകുകയാണെങ്കില്‍ കാറിലോ ഓട്ടോയിലോ ആവും.....അപ്പൊ പിന്നെ ഇടയ്ക്കു ഓട്ടോയെ കാറോ കിട്ടാതെ വരുന്ന അപൂര്‍വം സന്ദര്‍ഭങ്ങളില്‍ ഉമ്മയുടെ കൂടെ മരുന്നോ മറ്റോ വാങ്ങാന്‍ കുന്നംകുളം പോകുന്നത് മാത്രമാണ് എന്റ്റെ ഓര്‍മ്മയിലെ ബസ്സ്‌ യാത്രകള്‍..


സ്ഥിരമായി ബസ്സില്‍ കയറാന്‍ പറ്റില്ലെങ്കിലും കുട്ടിക്കാലത്തെ ഞങ്ങളുടെ വര്‍ത്തമാനങ്ങളില്‍ എന്നും ബസ്സ്‌ നിറഞ്ഞു നില്‍ക്കുമായിരുന്നു .....പ്രധാനമായും ടി വി എസ്സും(തെക്ക് വടക്ക് സര്‍വീസ്‌ എന്ന് ഞങ്ങള്‍ പറയുന്ന ബസ്സ്‌ ) , കാര്‍ത്തികയും, ഏ എം എസ്സും(ആമ്മ മൂട്ട സര്‍വീസ്‌) ആണ് ഞങ്ങളുടെ റൂട്ടില്‍ ഓടുന്നത്....ആ ബസ്സുകളില്‍ ഏതിനു ആണ് ഏറ്റവും സ്പീഡ്‌ കൂടുതല്‍ എന്നും കാര്‍ത്തിക ടി വി എസ്സിനെ വെട്ടിക്കുമോ(ഓവര്‍ടേക്ക്) അല്ലെങ്കില്‍ പി കെ എസ് ടി വി എസ്സിനെ വെട്ടികുമോ എന്നൊക്കെ ആവും ഞങ്ങളുടെ വര്‍ത്തമാനം....കുറച്ചു സ്റ്റോപ്പ്‌കളില് മാത്രം നിര്‍ത്തി ‍സ്പീഡില്‍ ഓടുന്ന ബസ്സുകള്‍ ആയിരുന്നു ഞങ്ങളുടെ ഹീറോ...ബസ്സില്‍ ഹൈസ്കൂളില്‍ പോയി പഠിക്കുന്ന ഇക്കമാരോട് വളരെ കൌതുകത്തോടെ ആണ് ഇതൊക്കെ ചോദിച്ചറിയുന്നത്....ടി വി എസ്സിനെ കാര്‍ത്തിക വെട്ടിച്ച കദനകഥ കേട്ട് ഭക്ഷണം പോലും കഴിക്കാതെ കിടന്നുറങ്ങിയ ദിവസങ്ങള്‍ എനിക്കിന്നും ഓര്‍മ്മയില്‍ ഉണ്ട്.....

അങ്ങിനെ വളര്‍ന്നു വരും തോറും എനിക്കും ബസ്സില്‍ പോകാന്‍ ആഗ്രഹം കൂടി....മരുന്ന് വാങ്ങാനും മറ്റും ഇക്കമാരുടെ കയ്യില്‍ കാശ് കൊടുത്തു അവരെ പറഞ്ഞു വിടുമ്പോള്‍ ഞാന്‍ പോകാമെന്ന് വാശിപിടിച്ചു ഉമ്മച്ചിയോട് ഞാന്‍ തല്ലു കൂടാറുണ്ടായിരുന്നു ...പക്ഷെ ഒരിക്കലും ഇക്കമാരുടെയോ അല്ലെങ്കില്‍ മറ്റാരുടെയോ കൂടെ അല്ലാതെ എന്നെ എങ്ങോട്ടും പറഞ്ഞു വിട്ടിരുന്നില്ല ....


പക്ഷെ എനിക്ക് എട്ടോ ഒമ്പതോ വയസ്സുള്ളപ്പോള്‍, അതെ അന്നൊരു ദിവസം അത് സംഭവിച്ചു......ഇക്കമാരൊക്കെ കളിക്കാന്‍ പോയിരിക്കുകയും പണിക്കാരന്‍ നാട്ടില്‍ പോയിരിക്കുകയും ചെയ്തതിനാല്‍ അത്യാവശം മരുന്ന് വാങ്ങാന്‍ ആളില്ലാതെ ആയി.....എനിക്ക് വീണു കിട്ടിയ അവസരം പാഴാകാതെ പോകാതിരിക്കാന്‍ ഞാന്‍ മീന്കാരനെ കണ്ട കള്ളിപൂച്ചയെപോലെ ഉമ്മചിയുടെ പിറകില്‍ കൂടി......ഉമ്മച്ചി ആണെങ്കില്‍ എന്നെ പറഞ്ഞു വിടണോ വേണ്ടയോ എന്നുള്ള ചിന്തയില്‍ ആയിരുന്നു ..."അവന്‍ വലിയ കുട്ടി ആയില്ലേ, അവന്‍ പോയി വാങ്ങി കൊണ്ട് വരും " വെല്ലിമ്മ ഉമ്മചിയോടു എനിക്ക് വേണ്ടി വാദിച്ചു....അപ്പോഴാണ്‌ എനിക്ക് വെല്ലിമ്മയുടെ മഹത്വം മനസ്സിലായത്‌......വെല്ലിമ്മാടെ മുറുക്കാന്‍ പൊതി വൈക്കോല്‍കൂനയില്‍ ഒളിപ്പിച്ചു വെച്ചതിലും നിസ്ക്കാരകുപ്പായത്തില്‍ ചൊറിയാന്‍പുഴുവിനെ കൊണ്ട് വന്നിട്ടതിനും ഒക്കെ എനിക്ക് മനസ്താപം തോന്നി...(ആ നിമിഷത്തേക്ക് മാത്രം )


എന്തായാലും വെല്ലിമ്മാടെ സപ്പോര്‍ട്ട് ഫലിച്ചു, ......മരുന്ന് വാങ്ങുന്ന കടയും ബസ്സില്‍ കേറുന്നതും ഒക്കെ എനിക്ക് വ്യക്തമായി അറിയാമായിരുന്നെങ്കിലും, എന്നെ കൊണ്ട് സാധിക്കും എന്ന് ഉറപ്പു വരുത്താന്‍ വേണ്ടി ഒരു നാലഞ്ചു പ്രാവശ്യം ഉമ്മച്ചി തന്നെ പറഞ്ഞു തന്നു, എനിട്ടു പോവാനുള്ള സമ്മതം തന്നു ..... ബസ്സിനുള്ള ചില്ലറ കാശ് ഷര്‍ട്ടിന്റെ പോക്കറ്റിലും, മരുന്ന് വാങ്ങാനുള്ള നൂറു രൂപ എന്റെ പഴ്സില്‍ വെച്ച് പാന്റിന്റെ പോക്കറ്റിലും വെച്ച് തന്നിട്ട് ആണ് ഉമ്മച്ചി എന്നെ പറഞ്ഞു വിട്ടത് .....


ഹോ....അഭിമാന നിമിഷം....അനര്‍ഘ സുലഭിത സുന്ദര എല്ലാം കൂടി ആ നിമിഷം തന്നെ...ഇനിയിപ്പോ ആ നിമിഷമല്ല എന്നൊന്നും പറഞ്ഞു കാര്യമില്ല...... ഞാന്‍ തനിയെ ഒരു ബസ്സില്‍ യാത്ര ചെയ്തു തിരിച്ചു വരാന്‍ പോകുന്നു....ആകാശത്തിനു ഉയരം കുറഞ്ഞതോ അതോ എനിക്ക് പെട്ടന്ന് ഉയരം വെച്ചതോ, എന്തായാലും രണ്ടില്‍ ഒന്ന് സംഭവിച്ചിരിക്കുന്നു .....അഹങ്കാരത്തിനു കയ്യും കാലും വെച്ച് ഞാന്‍ റോഡിലൂടെ നടന്നു ബസ്സ്‌സ്റ്റോപ്പില്‍ പോയി നിന്നു...അവിടെ രണ്ടു മൂന്നു പേര്‍ നില്‍ക്കുന്നുണ്ട്.,അവരുടെ അടുത്ത് ഗമയോടെ ഞാനും നിന്നു ....ഒരഞ്ചു മിനിറ്റ് കഴിഞ്ഞില്ല ബസ്സ്‌ വന്നു.....പടച്ചോനെ,എന്റ്റെ സ്വപ്നനായകന്‍ ടി വി എസ്സ് ....ഹോ വെളുപ്പാന്‍ കാലത്ത് കണ്ട സ്വപ്നം ഫലിക്കും എന്ന് പറയുന്നത് എത്ര ശെരി!!(അന്ന് രാവിലെ ഞാന്‍ ടി വി എസ്സില്‍ പോകുന്നത് സ്വപ്നം കണ്ടിരുന്നു ).....ബസ്സ്‌ നിര്‍ത്തിയതും ഞാന്‍ തന്നെ ആദ്യം ചാടി കേറി.....


ബസ്സില്‍ നല്ല തിരക്കുണ്ട്‌, അത് കൊണ്ട് തന്നെ സീറ്റ്‌ കിട്ടിയില്ല......ഞാന്‍ കമ്പി പിടിച്ചു അരികിലായി നിന്നു......ആള്‍ക്കാരുടെ തിക്കിനും തിരക്കിനും ഇടയില്‍ നിന്നു എനിക്ക് പുറത്തെ കാഴ്ചകള്‍ ഒന്നും കാണാന്‍ പറ്റിയില്ലെന്ന് മാത്രമല്ല തിരക്ക് കൊണ്ട് എനിക്ക് ശ്വാസം മുട്ടാന്‍ തുടങ്ങി......ഉയരമുള്ള ആള്‍ക്കാരെ ഞാന്‍ മനസ്സ് കൊണ്ട് പ്രാകി...ഒന്ന് കൂടി വലുതാവട്ടെ, എന്നിട്ട് എല്ലാരെയും ശെരിയാക്കി തരാം......രണ്ടു മൂന്നു സ്റ്റോപ്പ്‌ കഴിഞ്ഞു കുറച്ചു യാത്രക്കാര് ഇറങ്ങി തിരക്കിനു ഒരു അയവു വന്നപ്പോള്‍ ഞാന്‍ തിക്കി തെരക്കി പുറത്തെ കാഴ്ചകള്‍ കാണത്തക്ക വിധം സ്ഥാനം പിടിച്ചു......കുറച്ചു സമാധാനമായി ......പുറത്തെ നയനമനോഹരകാഴ്ചകള്‍ എല്ലാം എനിക്കിപ്പോ കാണാന്‍ പറ്റുന്നുണ്ട് ....


ഞാനങ്ങിനെ ബസ്സ്‌ പിന്നിട്ടു പോകുന്ന പറമ്പും കടകളും മറ്റു വാഹനങ്ങളും നോക്കി രസം പിടിച്ചു നിന്നു യാത്ര ചെയ്യുകയാണ്.....അധികം സമയം കഴിഞ്ഞില്ല.....ബസ്സില്‍ ഒരു ബഹളം....." എന്റ്റെ പേഴ്സ് കാണുന്നില്ല" എന്ന് എന്റ്റെ അടുത്ത് നിന്ന ഒരുത്തന്‍ വിളിച്ചു പറയുന്നത് കേട്ടു...അപ്പോഴാണ്‌ എന്റ്റെ പുര്സിനെ കുറിച്ചും അതിലെ കാഷിനെ കുറിച്ചും എനിക്കോര്‍മ്മ വന്നത് , ഞാന്‍ പിറകിലോട്ട് കൈയിട്ടു പേഴ്സ് തപ്പിപിടിച്ചു ....ഹാ,എന്റ്റെ പേഴ്സ് അവിടെ തന്നെ ഉണ്ട്.....


ബസ്സിലെ ബഹളം ഉന്തും തള്ളുമായി.....അടുത്ത് നിന്ന ആരോ ആണ് പേഴ്സ് എടുത്തത്‌ എന്ന് ലവന്‍....കണ്ടക്ടര്‍ ഓടി വന്നു....തല്ലു കൂടുന്നവരെ പിടിച്ചു മാറ്റി, ബസ്സ്‌ നേരെ പോലീസ് സ്റ്റേഷനിലോട്ടു പോകട്ടെ, ബാക്കി അവിടെ ചെന്നു തീരുമാനിക്കാം എന്ന് ഡ്രൈവറോട് പറഞ്ഞു


എനിക്ക് മൂത്രമൊഴിക്കാന്‍ മുട്ടുന്നുണ്ടോ ?? എന്തിനാ കയ്യും കാലും വിറക്കുന്നത് ?? ഇത്രയും നേരം മാനം മുട്ടെ വളര്‍ന്നു നിന്ന അഹങ്കാരമൊക്കെ അലിഞ്ഞു ചൂട് വെള്ളത്തില്‍ ഇട്ട ഐസ്കട്ട പോല്ലേയായി പോയി.....പേടി കേറി ഞാന്‍ വിയര്‍ക്കാന്‍ തുടങ്ങി...


ബസ്സ്‌ നേരെ പോലിസ്‌ സ്റ്റേഷനില്‍ ചെന്ന് നിന്നു, കണ്ടക്ടര്‍ ഇറങ്ങി പോയി രണ്ടു മൂന്നു പോലീസുകാരെ കൂട്ടി കൊണ്ട് വന്നു ....


"ഓരോരുത്തരായി ഇറങ്ങി വാടാ.....എല്ലാരെയും ചെക്ക്‌ ചെയ്യണം " കൊമ്പന്‍ മീശയും കുടവയറും ഉള്ള ഒരു പോലീസുകാരന്‍ വിളിച്ചു പറഞ്ഞു....


അതും കൂടി കേട്ടതോടെ എന്റ്റെ ബാക്കിയുണ്ടായിരുന്ന ജീവനും പോയി.....ആള്‍കാര് ഓരോരുത്തരായി ബസ്സില്‍ നിന്നു ഇറങ്ങി ചെന്നു.....രണ്ടു പോലീസുകാരും കൂടി ഓരോരുത്തരെ ആയി ചെക്ക് ചെയ്യാന്‍ തുടങ്ങി......എന്റ്റെ അടുത്ത് നിന്നവരൊക്കെ ഇറങ്ങിയപ്പോള്‍ ഞാനും ഇറങ്ങി....


ആ കൊമ്പന്‍ മീശക്കാരന്റ്റെ മീശ കണ്ടതെ ഞാന്‍ കരയാന്‍ തുടങ്ങി


"സത്യായിട്ടും ഉമ്മച്ചി മരുന്ന് വാങ്ങാന്‍ തന്ന നൂറു ഉര്‍പ്യ മാത്രേ എന്റ്റെ കയ്യില്‍ ഉള്ളു സാറേ" ഞാന്‍ കരഞ്ഞു കൊണ്ട് പറഞ്ഞു ..


"അങ്ങോട്ട്‌ മാറി നിക്കെടാ ചെക്കാ, ഇവിടെ നിന്നു മോങ്ങാതെ " എന്ന് പറഞ്ഞു അയാള്‍ എന്നെ ചെക്ക് ചെയ്യാതെ മാറ്റി നിര്‍ത്തി..


എങ്കിലും ഞാന്‍ രണ്ടു കണ്ണും തിരുമി ഞാന്‍ കരഞ്ഞു കൊണ്ടിരുന്നു ...എന്റ്റെ കയ്യിലുള്ള കാശ് അവര് പിടിച്ചു വാങ്ങി എന്നെ ജയിലില്‍ ഇടുമോ എന്നായിരുന്നു എന്റ്റെ പേടി .....പക്ഷെ കുറച്ചു കഴിഞ്ഞില്ല,ആരോ ഒരു പേഴ്സ് താഴെ കിടക്കുന്നത് കണ്ടു പിടിച്ചു പോലീസുകാരെയും കണ്ടക്ടരെയും അറിയിച്ചു .....പോലീസുകാര്‍ ആ പേഴ്സ് അതിന്റ്റെ ഉടമസ്ഥന് തിരുച്ചു കൊടുത്തു...എന്നിട്ട് എല്ലാരോടും പോയ്‌കൊള്ളാന്‍ പറഞ്ഞു......



ഞാന്‍ കരച്ചില് നിര്‍ത്തി അവിടുന്ന് എസ്കേപ്പ് അടിച്ചു......മരുന്നും വാങ്ങി വീട്ടില്‍ എത്തി .. പിന്നീട് ഒരിക്കലും ഞാന്‍ ഒറ്റയ്ക്ക് ബസ്സില്‍ യാത്ര ചെയ്യണം എന്ന് പറഞ്ഞു വാശി പിടിച്ചിട്ടില്ല ...


പാവം ഞാന്‍ !!!

########### **************************** ###########

Saturday, September 18, 2010

വിരോധാഭാസം (മിനി കഥ )

ഇന്നലെ



എന്റെ സ്വപ്നങ്ങളുടെ വിളിക്കപെടാത്ത വിരുന്നുകാരിയായിരുന്നു അവള്‍ .... എന്റെ ഉള്ളിലെ പുത്തന്‍പ്രതീക്ഷയുടെ ആള്‍രൂപം......പ്രണയത്തേക്കാള്‍ ആരാധനയായിരുന്നു അവളോടെനിക്ക്.....അവളോടൊന്നിച്ചുള്ള നല്ലനാളെകളുടെ സുന്ദരനിമിഷങ്ങളായിരുന്നു എന്‍റെ പ്രതീക്ഷകള്‍ !!!





ഇന്ന്




ഇന്നവള്‍ മറ്റൊരാളുടെതാണ്....അയാളുടെ പ്രതീക്ഷകളുടെയും !!!

Thursday, August 5, 2010

'ബര്‍ക്കത്തിന്റ്റെ കായി'

ഡ്യുട്ടി കഴിഞ്ഞു തിരക്കിട്ട് റൂമ്മിലേക്ക് നടക്കുന്നതിനിടയില്‍ ആണ് എനിക്കെതിരെ നടന്നു വന്ന ആളെ ഞാന്‍ ശ്രദ്ധിച്ചത്.....വെള്ള ഷര്‍ട്ടും കരി നീല പാന്റും ധരിച്ച വെളുത്തു മെലിഞ്ഞു നെറ്റിയില്‍ നിസ്ക്കാരതഴംബുള്ള മദ്ധ്യവയസ്ക്കന്‍ .....എവിടെയോ കണ്ടു മറന്ന പരിചയക്കാരനെ എന്ന പോല്ലേ....... ഞാന്‍ വീണ്ടും വീണ്ടും ആ മുഖത്തോട്ട് നോക്കിനിന്നു, എന്‍റെ കണ്ണുകള്‍ക്ക്‌ മീതെ അയാള്‍ പരിചയത്തിന്റെ ഒരു തടയണയിട്ടതാണോ, അതോ ഓര്‍മ്മകള്‍ എന്നെ പിറകോട്ടു വലിച്ചതോ,.. എന്തോ അറിയില്ല ....പക്ഷെ ഒരു നിമിഷനേരത്തേക്ക്‌ ഞാന്‍ അയാളെ നോക്കിനിന്നു.....അയാള്‍ എന്നെ കടന്നു പോയി .......

നിമിഷങ്ങള്‍ ......ഓര്‍മ്മയുടെയും മറവിയുടെയും ഇടയില്‍ പരതി നടന്ന നിമിഷങ്ങള്‍ ....ചിലപ്പോള്‍ ഒരിക്കലും കണ്ടിട്ടില്ലാത്തവരെ പോലും എനിക്ക് പരിചിരായി തോന്നാറുണ്ട്......ഏതോ മുജന്മബന്ധത്തിന്റെ കണ്ണി പോല്ലേ, കാണാത്ത പലരും എന്നോട്, എന്‍റെ ഓര്‍മ്മകളോടും സ്വപ്നങ്ങളോടും ഒട്ടിനില്‍ക്കുന്നു ..... .....അത് പോലെ ഇതും എന്‍റെ വെറും തോന്നലാകുമോ .....ഒരു പക്ഷെ ആയിരിക്കാം, എങ്കിലും ആ മുഖം ഉത്തരമറിയാത്ത ഒരു കുന്നു ചോദ്യങ്ങളുടെ അസ്വസ്ഥത ഉണര്‍ത്തി എന്റെ മനസ്സിലങ്ങിനെ നിറഞ്ഞു നിന്നു.

പത്തു മിനിറ്റ്‌ കൊണ്ട് നടന്നു റൂമ്മില്‍ എത്തി .....റൂമില്‍ ആരുമുണ്ടായിരുന്നില്ല ... ഡ്രസ്സ്‌ മാറി കുളിക്കാന്‍ കയറി .......അമ്മാവന്‍മാരുടെയും ജ്യെഷ്ട്ടന്‍മാരുടെയും കൂടെയാണ് താമസം.......ഞാന്‍ ഇവരുടെ കൂടെ നില്‍ക്കുന്നാതാണ് എന്‍റെ ഉപ്പാടെ ഇഷ്ട്ടം ,ഇങ്ങിനെ കുടുംബക്കാരുടെ കൂടെ കഴിയുന്നതില്‍ എനിക്കും പ്രത്യേകിച്ച് ബുദ്ധിമുട്ടുകള്‍ തോന്നിയിട്ടുമില്ല.....അല്ലെങ്കിലും കുടുംബക്കാരുടെ കൂടെ നില്‍ക്കുമ്പോള്‍ നാട് വിട്ടു നില്‍ക്കുന്ന തോന്നലും ഉണ്ടാവില്ലല്ലോ......കുളി കഴിഞ്ഞു ചായയുണ്ടാക്കി കുടിച്ചു....രണ്ടു നാല് ദിവസം ഓഫീസില്‍ പണി കൂടുതല്‍ ആയിരുന്നത് കൊണ്ട് നേരാംവണ്ണം വീട്ടില്‍ വിളിക്കാന്‍ പറ്റിയിരുന്നില്ല , ഇന്നിപ്പോ നേരത്തെ എത്തി, അത് കൊണ്ട് തന്നെ ഫോണ്‍ എടുത്തു വീട്ടില്‍ വിളിച്ചു ..........പതിവിനു വിപരീതമായി ഉപ്പ ആണ് ഫോണ്‍ എടുത്തത്‌..........ഉമ്മ അടുത്ത് തന്നെയുള്ള തറവാട്ടില്‍ പോയിരിക്കുകയാണത്രേ.....എന്‍റെ വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞു പെട്ടന്ന് തന്നെ ഉപ്പ ഫോണ്‍ കട്ട്‌ ചെയ്തു....അല്ലെങ്കിലും ഉപ്പ അങ്ങിനെയാണ്,


ഫോണ്‍ വിളിച്ചാല്‍ അധികം സംസാരിക്കില്ല....മകന്റെ കാശ് നഷ്ട്ടമാവും എന്നൊരു പേടിയാണ് ....


ഫോണ്‍ വിളിച്ചു കഴിഞ്ഞപ്പോള്‍ വെറുതെ അങ്ങിനെ കിടന്നു....വീടിനെ കുറിച്ചുള്ള ചിന്തകള്‍ ആയിരുന്നു മനസ്സില്‍..... വീടിനെ കുറിച്ചോര്‍ത്തപ്പോള്‍ മനസ്സില്‍ വല്ലാത്തൊരു നീറ്റല്‍.......നാടും വീടും, അത് വിട്ടൊരു ജീവിതം വല്ലാത്തൊരു നഷ്ട്ടം തന്നെയാണ്.......അന്നത് അറിയില്ലായിരുന്നു.....എന്‍റെ സ്വര്‍ഗം, അത് ഞാന്‍ തന്നെ കൈവിട്ടു പോന്നതല്ലേ ?? ചെറിയൊരു ജോലിയുമായി അവിടെ തന്നെ കൂടിയാല്‍ മതിയായിരുന്നു.....നഷ്ട്ടപെട്ടതിനെ ഓര്‍ത്ത്‌ ഇപ്പോള്‍ വേവലാതിപെട്ടിട്ടു ഇനിയെന്ത് കാര്യം.....ഈ ഗള്‍ഫ്‌ ഒരുതരത്തില്‍ ഒരു മരണകെണിയാണ് ...ഒരിക്കല്‍ വന്നു പെട്ടാല്‍ തിരിച്ചു പോക്ക് വളരെ ബുദ്ധിമുട്ടാണ്.......നല്ലതായാലും ചീത്തയാലും ഇവിടെ തന്നെ അനുഭവിച്ചു തീര്‍ക്കണം......


ചിന്തിച്ചു കിടക്കുന്നതിനിടയില്‍ വീണ്ടും മനസ്സ് ആ നിസ്ക്കാരതഴംബുള്ള മനുഷ്യനില്‍ ഉടക്കി....,എവിടെയോ കണ്ടിട്ടുണ്ട്, അതാണ്‌ മനസ്സില്‍ നിന്ന് മായാതെ അങ്ങിനെ കിടക്കുന്നത്....പിന്നീടെപ്പോഴോ ഓര്‍മ്മ വന്നു.....അല്ല, എന്‍റെ മനസ്സ് ഓര്‍ത്തെടുത്തു ....അലവിക്കാ !!

അതെ എന്‍റെ ഉപ്പാന്റെ കൂട്ടുകാരന്‍ അലവിക്ക തന്നെയായിരുന്നു അത് .....ഉപ്പാന്റെ ഗള്‍ഫ്‌ കഥകളിലൂടെയും കത്തുകളിലൂടെയും ഞങ്ങള്‍ക്കെല്ലാം സുപരിചിതമായ അലവിക്ക.......ഉപ്പ ആദ്യമായി ഇവിടെ വന്ന സമയത്ത് ഉപ്പയെ ഒരുപാട് സഹായിച്ച ഉപ്പാടെ സ്വന്തം അലവിക്ക ..പത്തു പതിനഞ്ചു വര്‍ഷങ്ങള്‍ക്കു മുന്നേ ഒരേ ഒരു വട്ടമേ കണ്ടിട്ടുള്ളൂ .....എങ്കിലും ആ മുഖം ഇന്നും മനസ്സിലുണ്ട് .....

അന്ന് അനിയന്‍ പിറന്നു അധികം കഴിഞ്ഞിട്ടില്ല, അന്നൊരു ദിവസം ഉപ്പ കൊടുത്തു വിട്ട സാധങ്ങള്‍ കൊണ്ട് വന്നു തരാന്‍ വീട്ടില്‍ വന്നതും കുഞ്ഞായിരുന്ന എന്നെ കണ്ടു ഉപ്പാനെ വാര്‍ത്തെടുത്തത് പോലെ ഉണ്ടെന്നു പറഞ്ഞു കെട്ടി പിടിച്ചു ഉമ്മ വെച്ചതും പോക്കറ്റില്‍ നിന്ന് നൂറു രൂപ എടുത്തു തന്നതും എല്ലാം എനിക്ക് ഓര്‍മ്മയുണ്ട്......ഉപ്പ ഗള്‍ഫിലെ ജോലി കാന്‍സല്‍ ചെയ്തു നാട്ടില്‍ സ്ഥിരമാക്കിയപ്പോഴും അലവിക്കയെ കുറിച്ച് പലപ്പോഴും പറയുന്നത് കേള്‍ക്കാം.....അങ്ങിനെ കേട്ടറിഞ്ഞു അലവിക്ക എന്ന വ്യക്തി എത്ര മാത്രം ഉപ്പയെ സ്വാധീനിച്ചിരുന്നു എന്ന് ഞങ്ങള്‍ മക്കള്‍ക്ക്‌ എല്ലാര്‍ക്കുമറിയാം.....ആ അലവിക്കയെ ആണ് ഇന്ന് എന്‍റെ കണ്ണുകള്‍ക്ക്‌ മുന്നില്‍ മിന്നിമറഞ്ഞത്.......ആളെ കണ്ടതില്‍ ഒരുപാട് സന്തോഷവും പെട്ടന്ന് തിരിച്ചറിയാന്‍ പറ്റാത്തതില്‍ സങ്കടവും എനിക്ക് തോന്നി .....ഞാനപ്പോള്‍ തന്നെ ഉപ്പയ്ക്ക് വിളിച്ചു കാര്യം പറഞ്ഞു.....ഉപ്പ പറയാതെ തന്നെ ഉപ്പാടെ സന്തോഷം എനിക്ക് അറിയാന്‍ കഴിഞ്ഞു....ഉപ്പ ഇത്രമേല്‍ വികാരാധീനനായി സംസാരിക്കുന്നത് അടുത്തൊന്നും ഞാന്‍ കേട്ടിട്ടുണ്ടായിരുന്നില്ല....ഇനി അദ്ധേഹത്തെ കാണുകയാണെങ്കില്‍ ഉപ്പാടെ പ്രത്യേകം സലാം പറയണം എന്നും അന്യെഷണങ്ങള്‍ അറിയിക്കണം എന്നും ഉപ്പ എന്നോട് പറഞ്ഞുറപ്പിച്ചു ....

പിന്നീട് രാവിലെ ഓഫീസില്‍ പോകുമ്പോഴും വരുംബോഴുമെല്ലാം എന്‍റെ കണ്ണുകള്‍ അലവിക്കയെ തിരഞ്ഞു കൊണ്ടിരുന്നു....വഴിയേ കാണുന്ന കടകളിലും ഇടവഴികളിലും ഒക്കെ അദ്ദേഹത്തെ എന്‍റെ കണ്ണുകള്‍ തിരഞ്ഞു കൊണ്ടിരുന്നു....ഇത്രയും വലിയ നഗരത്തില്‍ ഒരാളെ കണ്ടു പിടിക്കുക ബുദ്ധിമുട്ടാണ് ........എങ്കിലും പ്രതീക്ഷ, പ്രതീക്ഷയെക്കാള്‍ കൂടുതല്‍ കണ്ടുപിടിക്കണം എന്ന വാശി....ഒടുവില്‍ ജയിച്ചു , ഹംദാന്‍ സ്ട്രീറ്റിലെ ഇരുളാണ്ടൊരു ഇടവഴിയില്‍ പഴയൊരു നാല് നില കെട്ടിടത്തിന്‍റെ താഴെയുള്ള കഫ്റ്റീരിയയില്‍ വെച്ച് ഞാന്‍ കണ്ടു.....കഫ്ട്ടീരിയക്ക്‌ പുറത്തു ഇട്ട നാല് കസേരകളില്‍ ഒന്നില്‍ ഇരുന്നു ചായ കുടിക്കുന്ന അലവിക്ക...
ഞാന്‍ അടുത്ത് പോയി നിന്ന് ചെറുതായൊന്നു ചിരിച്ചു.....സ്വയം പരിച്ചയപെടുത്താന്‍ ഞാന്‍ നിന്ന് കുഴങ്ങി"ഇങ്ങള് അലവിക്കയല്ലേ" എന്ന് ഞാന്‍ ചോദിച്ചു...നീയേതാ എന്ന അര്‍ത്ഥത്തില്‍ ഒരു ചോദ്യ ചിന്ഹമായിരുന്നു എനിക്കുള്ള ഉത്തരം....
ഞാന്‍ .....ചാവാക്കാട് വീടുള്ള......ഉമ്മുല്‍നാറില്‍ സ്റ്റോര്‍ ഉണ്ടായിരുന്ന അഷ്റഫിന്റെ ....മോന്‍ അഫ്സല്‍ .....എന്‍റെ വാക്കുകള്‍ മുറിഞ്ഞു പോയി.....അല്ല ഈ മനുഷ്യന് മുന്നില്‍ എങ്ങിനെ ഞാനെനിക്ക് മേല്‍വിലാസമുണ്ടാക്കും എന്ന സംശയമായിരുന്നു ...

ചായ കുടിച്ചിരുന്ന അലവിക്ക ചായകപ്പു അവിടെ വെച്ച് എഴുന്നേറ്റു എന്നെ കെട്ടി പിടിച്ചു .....ആഹ്ലാദവും ആശ്ചര്യവും കലര്‍ന്നൊരു വികാരം ആ മുഖത്ത് നിഴലിച്ചു....കുറച്ചു ഉള്ളില്‍ പോയ ആ കണ്ണുകള്‍ നനഞ്ഞിട്ടുണ്ടോ ???
അലവിക്ക എന്നെ കൈ പിടിച്ചു അടുത്ത് കണ്ട കസേരയില്‍ ഇരുത്തി.....കഫ്ടീറിയയിലെ ചെക്കനോട് ഒരു ചായേം പഴംപൊരിയും കൊണ്ട് വരാന്‍ പറഞ്ഞു......ഞാന്‍ വേണ്ടാ എന്ന് പറഞ്ഞു തടയാന്‍ ശ്രമിച്ചെങ്കിലും എന്റെ വക ഒരു ചായ കുടിച്ചാല്‍ അന്റെ വയറു നിറഞ്ഞു പൊട്ടുക ഒന്നുമില്ല എന്നായിരുന്നു മറുപടി ......അതെ ഞാന്‍ കേട്ടറിഞ്ഞ അലവിക്കയും അങ്ങിനെ തന്നെയാണ്.......സ്നേഹം കൊണ്ട് കല്‍പ്പിക്കും, മനസ്സ് കൊണ്ട് ചങ്ങാതിയാക്കും......എന്റെ ഉപ്പ അത് ഒരുപാട് അനുഭവിച്ചറിഞ്ഞതാണ്.....

ഞങ്ങള്‍ ഒരുപാട് നേരം സംസാരിച്ചു.....ഉപ്പയെ കുറിച്ചും, കുടുംബക്കാരെ കുറിച്ചും, വീടിനെ കുറിച്ചും എന്തിനു അടുത്ത അയല്‍ക്കാരെ കുറിച്ച് വരെ അദേഹം എന്നോട് ചോദിച്ചറിഞ്ഞു.......ആശ്ചര്യം നിറഞ്ഞൊരു സന്തോഷത്തോടെയാണ് ഞാനതിനൊക്കെ മറുപടി പറഞ്ഞത്.....ഞങ്ങള്‍ എന്റെ ഉപ്പാടെ മക്കള്‍ എല്ലാരും നല്ല നിലയില്‍ ജോലി ചെയ്യുന്നുണ്ട് എന്ന് അറിഞ്ഞപ്പോള്‍ ആ മുഖത്ത് കണ്ട സന്തോഷത്തിനു അതിരില്ലായിരുന്നു......ഞങ്ങളെ നന്നായി പഠിപ്പിക്കണം എന്ന് അലവിക്ക എന്നും പറയാറുണ്ട് എന്ന് ഉപ്പ പറഞ്ഞിട്ടുള്ള കാര്യം അപ്പോള്‍ എനിക്ക് ഓര്‍മ്മ വന്നു ....എന്റെ ഉപ്പയെപ്പോള്‍ ഞങ്ങളുടെ കുടുംബത്തെ സ്നേഹിച്ചിരുന്ന ആളാണ്‌ അലവിക്ക എന്ന് അദ്ദേഹം പറയാതെ തന്നെ ഞാനറിഞ്ഞു .....വീട്ടില്‍ വിളിക്കുമ്പോള്‍ എല്ലാരോടും അന്വേഷണം പറയണം എന്നും ഉപ്പാനോട് ഇങ്ങനെ ഒരാളെ കണ്ടെന്നു പറയണം എന്നും പറഞ്ഞു എന്നെ ചട്ടം കെട്ടി.....ഇനി നാട്ടില്‍ വരുമ്പോള്‍ നിര്‍ബന്ധമായും വീട്ടില്‍ വരണമെന്നും ഞാന്‍ ഇടയ്ക്കിടയ്ക്ക് വിളിക്കാം എന്നും പറഞ്ഞു ഞാന്‍ അദ്ധേഹത്തിന്റെ നമ്പര്‍ വാങ്ങി...

ഞാന്‍ സലാം പറഞ്ഞു പോകാന്‍ എണീറ്റപ്പോള്‍ അദ്ദേഹം എണീറ്റ്‌ പോക്കറ്റില്‍ നിന്ന് ഒരു അമ്പതു ദിര്‍ഹംസ് എടുത്തു എന്റെ പോക്കറ്റില്‍ വെച്ചുതന്നു.....ആശ്ചര്യവും നീരസവും കലര്‍ത്തി ഞാന്‍ എന്താ ഇത്, എന്തിനാ എന്ന് ചോദിച്ചപ്പോള്‍ ,എന്റെ കുട്ടിക്ക് ബാര്‍ക്കത്തിനാ ഇത് എന്നായിരുന്നു മറുപടി ....ഒരുപാട് വേണ്ടെന്നു പറഞ്ഞെങ്കിലും ആ സ്നേഹത്തോടെയുള്ള കൈനീട്ടം വാങ്ങാതിരിക്കാന്‍ എനിക്ക് പറ്റിയില്ല....

തിരികെ മുറിയില്‍ എത്തിയപ്പോഴും മനസ്സ് നിറയെ ആ മനുഷ്യനായിരുന്നു.....എന്റെ ഉപ്പ പറയുന്ന പോല്ലേ വീടും നാടും വിട്ടു മരുഭൂമിയുടെ ചൂടില്‍ ജീവിതം കെട്ടിപടുക്കാന്‍ എത്തപെടുന്നവര്‍ക്ക് കിട്ടുന്ന മരുപ്പച്ചയാണ് അലവിക്കയെ പോല്ലെയുള്ള മനുഷ്യര്‍ ..അങ്ങിനെയുള്ള ഇവരുടെ സ്നേഹവും പ്രാര്‍ത്ഥനയുമാണ് ഓരോ പ്രവാസിയുടെ വീട്ടിലേയും ബര്‍ക്കത്ത് !!!

Sunday, July 4, 2010

പുട്ടും പുട്ടുണ്ടാക്കലും ചില ആഗോള അടുകളപ്രശ്നങ്ങളും (അണ്‍ബിലീവബിള്‍സ് )

എന്നോട് കളിക്കല്ലേ ഒണക്ക പുട്ടെ ....
മൈസൂര് പഴം കൂട്ടി അടിക്കും നിന്നെ .....

പുട്ടും പഴവും കഴിച്ചു കഴിച്ചു ഞാനിപ്പോ രോഗി ....
ആ പുട്ടും പഴവും...ആ പുട്ടും പഴവും .....


തുടങ്ങിയ പ്രശസ്തമായ പല ദേശീയഭക്തി ഗാനങ്ങളിലും കേന്ദ്ര കഥാപാത്രമായ ഒന്നാണ് പുട്ട്.......തേങ്ങാപുട്ട്, റവപുട്ട് , ഗോതമ്പ് പുട്ട് , മത്തങ്ങാ പുട്ട്, മുളപുട്ടു, സെമിയപുട്ട് അങ്ങിനെ അങ്ങിനെ പല വകഭേതങ്ങളില്‍ പുട്ട് അറിയപെടുന്നുന്ടെങ്കിലും മലയാളിയുടെ ഫേവറേറ്റ് പുട്ട് അരിപുട്ട് തന്നെയാണ്.....പുട്ട് തിന്നാത്ത മലയാളി ഉണ്ടാവില്ലെന്ന് തന്നെ പറയാം.....കാരണം പുട്ട് നമ്മുടെ ദേശീയഭക്ഷണം ആണ് (അല്ലെ?? അല്ലെങ്കില്‍ വേണ്ട....ഞാനും ഒരു പുട്ടടിച്ചോട്ടെ എന്റ്റിസ്ടാ ).... .....

ബാറ്ററി , ബോംബ്‌, ഗുണ്ട് എന്നിങ്ങനെ കുറെ വട്ടപേരുകളില്‍ പുട്ട് പലയിടങ്ങളിലും അറിയപെടുന്നുണ്ട്.....ലീവിന് നാട്ടില്‍ പോയി പുട്ട് തിന്നണം എന്ന് പറയുന്നത് പ്രവാസിയുടെ ഒരു ലക്ഷണം ആണ്.....അങ്ങിനെ നാട്ടില്‍ എത്തുന്ന പ്രവാസി നാട്ടില്‍ എത്തി ഒരു മാസം തീര്‍ന്നു എന്നറിയിക്കാന്‍ വീട്ടുകാര്‍ ഉപയോകിക്കുന്ന indicator ആണ് ഉണക്കപുട്ട്‌ അഥവാ ജിമ്മിനു പോകുന്ന പുട്ടുകള്‍....ഇത് അവശ്യ നേരങ്ങളില്‍ വീട്ടുകാര്‍ ഉപയോഗിക്കുന്ന വജ്രായുധമാണ്

ലീവിന്റ്റെ ആദ്യ ആഴ്ചകളില്‍ നല്ല മയമുള്ള പുട്ട് ...പിന്നെ കുറച്ചു ഉറപ്പുള്ളത്.....പിന്നെ പിന്നെ കാരണവര്‍മാര്‍ മുറുക്കാന്‍ കുത്തുന്ന ദണ്ട് കൊണ്ട് ഇടിച്ചു പൊട്ടികേണ്ടത് അങ്ങിനെ മാറി വരും ലീവിനു കൂടുന്നതിന് അനുസരിച്ച് പുട്ടിന്റ്റെ വക ഭേതങ്ങള്‍ ......രണ്ടു മാസം ലീവ് കഴിഞ്ഞിട്ടും തിരിച്ചു പോയില്ലെങ്കില്‍ ഒണക്കപുട്ടെടുത്തു വീടിന്റ്റെ ചുമരില്‍ എറിയും....അത് പ്ലേറ്റ് കാട്ടി പിടികണം...പിടിച്ചാല്‍ കിട്ടി .....അത് അവരുടെ ഭാഗ്യം....ചില ക്രിക്കറ്റ്‌ കളിക്കാര്‍ പന്ത് പിടിക്കാന്‍ ചാടുന്നതിനേക്കാള്‍ ആയാസം ചിലപ്പോള്‍ ഈ ഘട്ടങ്ങളില്‍ ആവശ്യമായി വരും ...എന്നിട്ടും പുട്ട് കിട്ടിയില്ലെങ്കില്‍ നോ രക്ഷ ( ഈ ഘട്ടം കഴിഞ്ഞു ഞാന്‍ നാട്ടില്‍ നിന്നിട്ടില്ല...അത് കൊണ്ട് ഈ വിഷയത്തില്‍ ഇതിലും കൂടുതല്‍ അറിവ് എനിക്കില്ല )

ഇങ്ങിനെ ഒക്കെ ആണെങ്കിലും പുട്ടുണ്ടാകുന്നതിനെ കുറിച്ച് എത്ര പേര്‍ക്ക് അറിയാം??? പലര്‍ക്കും അറിയില്ല എന്നതാണ് സത്യം.....അപ്പം തിന്നാല്‍ പോരെ എന്തിനാ കുഴിയെണുന്നെ എന്ന് പലര്‍ക്കും തോന്നാം.......പക്ഷെ പുട്ടില്‍ കുഴിയില്ലല്ലോ....സൊ പുട്ടുണ്ടാകുന്നത് പഠികുന്നത് നല്ലതാണു( ആപത്തു ഘട്ടത്തില്‍ അത് സഹായിക്കും, അനുഭവം ഗുരു !! )......പുട്ടുണ്ടാകുന്നത് ഒരു കലയാണെന്നും അത് പൊക്ക്രാനില്‍ അണ്വായുധം ഉണ്ടാക്കുന്ന പോലെ സൂക്ഷ്മായി ചെയ്യേണ്ട ഒന്നാണെന്നും എന്റ്റെ അനുഭവം എന്നെ പഠിപ്പിച്ചു ....അതിനെ കുറിച്ചൊരു ലഖുലേഖനം ആണീ ബ്ലോഗ്‌

അപ്പൊ പിന്നെ കാര്യത്തിലോട്ടു കടക്കാം.....എന്റ്റെ അനിയത്തിയും ഉണ്ടാക്കി പുട്ട്...ഒന്ന് ഒന്നര രണ്ടു രണ്ടേ മുക്കാല്‍ ടൈപ്പ് പുട്ട് .....പക്ഷെ സംഭവം നടക്കുന്നത് ഇപോഴല്ല......പണ്ട് പണ്ട് വളരെ പണ്ട് നെല്‍സണ്‍ മണ്ടേല ആഫ്രിക്കയിലും ഞങ്ങള് ചിരമനെങ്ങാടും താമസിക്കുമ്പോള്‍ ...അന്ന് ഞാന്‍ ഒമ്പതിലും അവള് എട്ടിലും പഠിക്കുവാണ്.....വീട്ടിലെ ഒരു അവസ്ഥ എന്ന് പറഞ്ഞാല്‍ ഞാനും അനിയത്തിയും അനിയനും കൂടിയതാണ് വീട്ടിലെ മക്കള്‍ ബറ്റാലിയന്‍ ... അതില് ആകെ ഉള്ള പെണ്‍കുട്ടി എന്നത് കൊണ്ടും, ഉപ്പയെയും ഉമ്മയെയും സ്നേഹിക്കാനും നോക്കാനും എന്തിനു ഒരാവശ്യത്തിനു പൊട്ടി കരയാന്‍ പോലും പെണ്ണ്കുട്ടികള്‍ തന്നെ വേണമെന്ന എന്റ്റെ ഉമ്മന്റ്റെ (തെറ്റി)ധാരണ കൊണ്ടും അനിയത്തിയെ വല്യേ പുള്ളി ആയാണ് വളര്‍ത്തി കൊണ്ട് വന്നത്...... " ഒന്നേ ഉള്ളോ എങ്കില്‍ ഉലക്ക കൊണ്ട് അടിക്കണം" എന്നുള്ള ബനാന ടോക്ക് ഉണ്ടോ എട്ടാം ക്ലാസ്സില്‍ തോറ്റു പഠിപ്പ് നിര്‍ത്തിയ എന്റ്റെ ഉമ്മച്ചി അറിയുന്നു.....ഇങ്ങനെ ഒക്കെ ആയതോണ്ട് വളരെ critical സമയങ്ങളില്‍ മാത്രേ എന്റ്റെ അനിയത്തി അടുകളയില്ലോട്ടു മാര്‍ച്ച്‌ ചെയ്യാറുള്ളൂ.....അതും വളരെ complicated ഐറ്റംസ് ആയ കട്ടന്‍ ചായ , പൊരിച്ച പപ്പടം , ഓംലെറ്റ്‌ തുടങ്ങിയ പ്രധാനപെട്ട സദ്യവട്ടങ്ങള്‍ക്ക് മാത്രമേ ആ കര സ്പര്‍ശനത്താല്‍ പുളകിതമാകാനുള്ള ഭാഗ്യമുണ്ടായിട്ടുള്ളൂ......

പക്ഷെ അവസാനം അത് സംഭവിച്ചു.....വെല്ലിമ്മാക്ക് വയ്യാതെ ഹോസ്പിറ്റലില്‍ അഡ്മിറ്റ്‌ ചെയ്തപ്പോള്‍ രണ്ടു ദിവസം ഉമ്മചിക്കവിടെ തുണക്ക് നില്‍ക്കേണ്ടി വന്നു.......രാത്രി ഉമ്മ ഉച്ചക്ക് വെച്ച് പോയ ഭക്ഷണം എടുത്തു കഴിച്ചു ഞങ്ങള് കിടന്നുറങ്ങി .....അടുത്ത ദിവസം മുതല്‍ ഉപ്പചിയോടും ഞങ്ങള് പിള്ളേരോടും അടുത്ത് തന്നെയുള്ള തറവാട്ടില്‍ നിന്ന് മാമ്മി ഉണ്ടാകുന്ന നല്ല ഭക്ഷണം കഴിച്ചോളാന്‍ പറഞ്ഞിട്ട് ഉമ്മ പോയതാണ്...ആ ഒരു പ്രതീക്ഷയില്‍ സുന്ദരസ്വപ്നങ്ങളും കണ്ടു ഞങ്ങള്‍ വരാനിരിക്കുന്ന ദുരന്ത സ്റ്റോറിയുടെ ക്ലിമാക്സ്‌ എപ്പിസോഡിനെ കുറിച്ചറിയാതെ കിടന്നുറങ്ങി ..പക്ഷെ അന്ന് രാത്രി ചെകുത്താന്‍(ഞാനല്ല വേറൊരുവന്‍ ) പ്രത്യേകിച്ച് ഒന്നുമില്ലാതെ കാലിയായി കിടന്നിരുന്ന എന്റ്റെ അനിയത്തിയുടെ തലയില്‍ കേറി കൂടി (ആ ചെകുത്താന് അന്ന് ഞങ്ങള്‍ ആണ് target എന്ന് വളരെ വൈകി ആണ് ഞങ്ങളറിഞ്ഞത് )......

കാലത്ത് എണീറ്റ്‌ വന്നു നോക്കിയപ്പോള്‍ അനിയത്തി അടുകളയില്‍ എന്തോ പണിയില്‍ ...."പടച്ചോനെ, ഞാന്‍ നടന്നും സ്വപ്നം കണ്ടു തുടങ്ങിയോ??" എന്റെ സംശയം തീര്‍ക്കാന്‍ ഞാന്‍ കണ്ണ് നന്നായി ഒന്ന് തിരുമ്മി...എന്നിട്ടും ഉറപ്പു വരാതെ പോയി മുഖം തണുത്ത വെള്ളത്തില്‍ കഴുകി തിരിച്ചു വന്നു നോക്കി......ആ സ്വപ്നമല്ല ......ഹ്മ്... യാഥാര്‍ത്ഥ്യം ചെലപ്പോള്‍ സ്വപ്നത്തെക്കള്‍ അവിശ്യനീയമാകും എന്ന് പറയുന്നത് എത്ര ശെരിയാ..

"ഡീ, നീ അടുകളയില്‍ എന്തെടുക്കുവാ ??" തള്ളിതെറിച്ചു വന്ന വികാരവിസ്ഫോടനത്തെ തടയുന്നു നിര്‍ത്തി ചോദിച്ചു.....
"ഉമ്മച്ചി വരുന്നത് വരെ ഞാനാണ് ഭക്ഷണം വെക്കുനത് മോനെ....വേണ്ടാ എന്ന് വെച്ചിട്ടല്ലേ, എനിക്കും ഫുഡ്‌ ഉണ്ടാക്കാന്‍ ഒക്കെ അറിയാം....ഇന്ന് മുതല്‍ ഞാനാണ് കുക്കിംഗ്‌......ഇന്നത്തെ സ്പെഷ്യല്‍ പുട്ടാണ്...അതിനുള്ള പൊടിയാണ് കുഴക്കുന്നത് " ഇത്രേം പറഞ്ഞു കൊണ്ട് അവള്‍ ചിരിച്ചു (കൊലച്ചിരി )
"അയ്യോ" ഞാന്‍ അറിയാതെ വിളിച്ചു പോയി......"ഇന്നെന്തെങ്കിലും സംഭവിക്കും" എന്ന് ഞാന്‍ മനസ്സില്‍ കണക്കു കൂട്ടി,എങ്കിലും ഒന്നും ചോദികാനും പറയാനും നിന്നില്ല .....പുതിയ പുതിയ സംരംഭങ്ങളെ പ്രോലസാഹിപ്പികണം എന്ന് മുഖ്യമന്ത്രി ആന്റണി പറയുന്നത് ഇന്നലെ വാര്‍ത്തയില്‍ കേട്ടതാണ്....ഇനി കാലത്ത് തന്നെ അവള്‍ ആന്റണി ആദര്‍ശം എനിക്കിട്ടു വിളംബിയാലോ ....മിണ്ടാതെ ഇരിക്കുന്നതാണ് ഫുദ്ധി....

ഉമ്മ പോയത് വരാനിരിക്കുന്ന കൊടുംകാറ്റിന്റ്റെ ആരംഭം ആണെന്ന് അപ്പോള്‍ ഞാന്‍ തിരിച്ചറിഞ്ഞു.....അവള് പറഞ്ഞാല്‍ പിന്നെ ഇനി നോ രക്ഷ.....ഇന്ന് പുട്ട് തിന്നേണ്ടി തന്നെ വരും..........അതില്‍ നിന്ന് ഞങ്ങളെ രക്ഷിക്കാന്‍ ചെകുതാന്റ്റെ വല്ലിപ്പ വിചാരിച്ചാലും നടക്കില്ലെന്നു എനിക്കുറപ്പായിരുന്നു...

കെമിസ്ട്രി ലാബില് experiments ചെയ്യുന്ന മാഷിനെ നോക്കി നില്‍കുന്ന അനുസരണയുള്ള കുട്ടിയെ പോല്ലേ ഞാന്‍ അവിടെ തന്നെ നിന്നു നിരീക്ഷിച്ചു, അവളുടെ ഓരോ ചലനവും.....കാണുമ്പോള്‍ വലിയ കുഴപ്പമൊന്നുമില്ല ...എങ്കിലും എന്റ്റെ പത്താം ഇന്ത്രിയം വെറുതെ ചില അശകുന ലക്ഷണങ്ങളുടെ മണിയടിച്ചു കൊണ്ടിരുന്നു ....

അടുപ്പത്ത് വെള്ളം നിറച്ചു പുട്ടുംകുടം വെച്ചിട്ടുണ്ട്‌....... വെള്ളം തിളച്ചു എന്ന് കണ്ടപ്പോള്‍ അവള്‍ ‍കുടത്തിന്റ്റെ മുകളില്‍ പുട്ടുംകുറ്റി എടുത്തു വെച്ചു....കുഴച്ച പൊടി എടുത്തു അതില് ഇട്ടു.....പൊടിയിട്ടിട്ടും ഇട്ടിട്ടും അത് നിറഞ്ഞില്ല.......അവസാനം പൊടി തീര്‍ന്നപ്പോള്‍ ആണ് അവള്‍ക്കു പുട്ടു കുറ്റിയുടെ ഉള്ളില്‍ ചില്ലിട്ടിട്ടില്ലെന്നു മനസ്സിലാക്കിയത്.....ഹ ഹ ഹ....ബെസ്റ്റ് കണ്ണാ ബെസ്റ്റ് .....എനിക്ക് പൊട്ടി ചിരിക്കാന്‍ തോന്നി....പക്ഷെ ഞാന്‍ അത് പുറത്തു കാണിക്കാതെ ഒന്നുമറിയാത്തവനെ പോല്ലേ നിന്നു
" നീ നോക്കി നിന്നത് കൊണ്ടാ , ഇത് നാശായത് " എന്നെ നോക്കി അവള് പറഞ്ഞു.....
(വാട്ട് എ ബുള്‍ ഷിറ്റ്‌ !! സെല്‍ഫ് ഗോള്‍ അടിച്ചിട്ട് റഫറിയെ കുറ്റം പറയുന്നോ )
ഞാനൊന്ന് ചമ്മി എങ്കിലും "ഓ പിന്നെ, അറിയാത്ത പണിക്കു നിക്കണ്ടാ എന്ന് നിന്നോട് പറഞ്ഞതല്ലേ, അനുഭവിച്ചോ" എന്ന് അവള്‍ക്കു മറുപടി കൊടുത്തു .....
പക്ഷെ അവള്‍ ഒന്നും സംഭവികാത്ത പോലെ പുട്ടു കുറ്റി ഊരി വെച്ചു, തുണി കൂട്ടിപിടിച്ചു അതെടുത്ത് കൊണ്ട് പോയി അതിലെ കുഴംമ്പ് പോലുള്ള പൊടി അടുക്കളപുറത്തെ തെങ്ങിന്റ്റെ ചുവട്ടില്‍ കൊട്ടി...( പുട്ട് പൊടി കുഴച്ചത് തെങ്ങിന് വളമാണോ??? ടിവിയിലെ കാര്‍ഷിക രംഗം പരിപാടിയില്‍ ചോദിക്കാമായിരുന്നു )

അവള്‍ കുടം കഴുകി വീണ്ടും അടുപ്പത്ത് വെച്ചു......

ആഹാ, ഇവള് തോല്‍കാനുള്ള ഭാവമില്ലല്ലോ....ഇന്ന് പുട്ട് തീറ്റിച്ചേ അടങ്ങു എന്നാ ആ മട്ടു കണ്ടിട്ട് തോന്നുന്നത്.....ഞങ്ങളുടെ ഒരു ഗതിയെ !!!! .....ഞാന്‍ ഒന്നും മിണ്ടിയില്ല.....അവള് തിരിച്ചും )
വീണ്ടും അവള്‍ പൊടിയെടുത്തു കൊണ്ട് വന്നു കുഴച്ച് എന്തൊക്കെയോ സാധനങ്ങള്‍ പൊടിയില്‍ കൂട്ടി.......
പുട്ടും കുടത്തിലെ വെള്ളം തിളച്ചപ്പോള്‍ അവള്‍ കുറ്റി എടുത്തു വെച്ചു......എന്നിട്ട് അവള്‍ രെഫ്രി മഞ്ഞ കാര്‍ഡ്‌ ഉയര്‍ത്തി കാണിക്കുന്ന പോലെ ചില്ല് ഉയര്‍ത്തി കാണിച്ചു...അതെന്നെ ഉദ്ദേശിച്ചാണ് ....എന്നെ മാത്രം ഉദ്ദേശിച്ചാണ് ....പക്ഷെ ഞാന്‍ മൈന്‍ഡ് ചെയ്തില്ല .......

ഇപ്രാവശ്യം പൊടിയും തേങ്ങയും ഒക്കെ ഇട്ടു ഡീസന്റ് ആയി ഒരു കുറ്റി പുട്ട് ഉണ്ടാക്കി ....വീണ്ടും അത് പോല്ലേ തന്നെ രണ്ടു കുറ്റി കൂടി ഉണ്ടാക്കി.....എന്നിട്ട് എന്നോട് തിരിഞ്ഞു" ഇതൊക്കെ നമ്മള് എത്ര കണ്ടെക്കുന്നെ എന്നാ രീതിയില്‍ ഒരു നോട്ടവും"
ഹ്മം ശരി....ഇവളെന്തായാലും പുട്ടുണ്ടാകി....ഇനി പപ്പടം പൊരിക്കും.....അതിത്ര കാണാന്‍ ഒന്നുമില്ലല്ലോ.......ഇനിയിപ്പൊ ഇവിടെ നിന്നു കളിയാക്കിയിട്ടു ഒരു കാര്യവുമില്ല....ഒരൊറ്റ ദിവസം കൊണ്ട് ഇവളു സ്റ്റാര്‍ ആവുന്ന ലക്ഷണമാണ്....എന്റ്റ്റെ വിധി....

ഞാന്‍ അവിടുന്ന് പോയി പല്ല് തേച്ചു കുളിയും മറ്റു പരിപാടിയും കഴിഞ്ഞു വന്നു വെറുതെ ടി വി കണ്ടിരുന്നു....അനിയനും ഉപ്പയും കുറച്ചു കഴിഞ്ഞപ്പോള്‍ എണീറ്റ്‌ വന്നു കാലത്തെ പരിപാടീസ്‌ ഒക്കെ കഴിഞ്ഞു ഡൈനിങ്ങ്‌ ടേബിളില്‍ സ്ഥാനം പിടിച്ചു ......എല്ലാരും വന്നു എന്ന് കണ്ടപ്പോള്‍ അനിയത്തി ഏഷ്യന്‍ ഗെയിംസ്സിനു സ്വര്‍ണം നേടിയ കര്‍ണ്ണം മല്ലേശ്വരിയെ പോലെ ഒരു ചിരി പാസാക്കി പുട്ടും പപ്പടവും പഴവും എടുത്തു കൊണ്ട് വന്നു ടേബിളില്‍ കൊണ്ട് വെച്ചു.....ഞാന്‍ പപ്പടമെടുക്കാന്‍ ടിന്‍ തുറന്നു.....അത് കരിഞ്ഞു ജപ്പാന്‍ ബ്ലാച്ചില്‍ വീണ പോല്ലേ ആയിരിക്കുന്നു.....ഓഹ് പപ്പടം ഇങ്ങനെയും പൊരിക്കാന്‍ പറ്റുമോ ...
അല്ലെങ്ങിലും എനിക്ക് പപ്പടം ഇഷ്ടമല്ല....ഞാനാ ശ്രമം ഉപേക്ഷിച്ചു...പുട്ട് എടുക്കാന്‍ ഒരു പേടി....ആരെങ്ങിലും എടുത്തു പരീക്ഷികട്ടെ....എനിട്ട്‌ മതി എന്റ്റെ ചാന്‍സ്...
ഉപ്പ തന്നെ ആദ്യം പുട്ട് എടുത്തു..... അതിനു ഉപ്പാനെ പറഞ്ഞിട്ട് കാര്യമില്ല....സ്വന്തം മകള്‍ ഉണ്ടാക്കിയത് തിന്നു നോക്കാന്‍ ഏതു ഉപ്പാക്കും ഒരാക്രാന്തം ഉണ്ടാവുമല്ലോ...... പഴവും പപ്പടവും ഒന്നും കൂട്ടാതെ ഉപ്പ ഒരു കഷ്ണം പുട്ട് പൊട്ടിച്ചു കടിച്ചു......
ക്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്‍ ക്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്‍ര്ര്ര്ര്ര്ര്ര്ര്ര്‍
പുറത്തു ഏതോ മെഷീന്‍ ഓണ്‍ ആക്കിയതാനെന്നാണ് ഞാന്‍ ആദ്യം വിചാരിച്ചത്.....പക്ഷെ വായ പൊതി പിടിച്ച ഉപ്പാടെ ഇരിപ്പ് കണ്ടപ്പോള്‍ ആണ് മെഷീന്‍ അല്ല ഉപ്പ പുട്ട് കടിച്ചതാനെന്നു ഞങ്ങള്‍ക്ക് മനസ്സിലായത്‌....
വായില്‍ കൊടുത്ത പുട്ട് അത് പോലെ തന്നെ കൈ കൊണ്ട് എടുത്തു ഉപ്പ വേസ്റ്റ് പ്ലേറ്റില്‍ ഇട്ടു......ഞങ്ങള് രണ്ടു ചെക്കന്മാര് പരസ്പരം നോക്കി.....ഉപ്പ എന്താ കടിച്ചേ എന്ന് അറിയാത്ത മട്ടില്‍...
" മോളെ, ഇതില് കല്ലുപ്പ് ആണോ ഇട്ടെകുന്നെ ??? " ഉപ്പ ദയനീയമായി അനിയത്തിയോട് ചോദിച്ചു....
ആഹാ!!! " അതാണ്‌ മാറ്റര്‍ ഓഫ് കോളേബറേഷന്‍ " അല്ലെ .....
എനിക്ക് ചിരി വന്നു....എന്താരുന്നു ഏഷ്യന്‍ ഗെയിംസ്, കര്‍ണം മല്ലേശ്വരി, ബോംബെ വികിങ്ങ്സ് ...

അവസാനം പവനായി ശവമായി.....

എന്തായാലും വേറെ നിവര്‍ത്തി ഇല്ലല്ലോ..പരീക്ഷിക്കുക തന്നെ .....പുട്ടിന്റ്റെ അധപതനം എത്രത്തോള്ളം ആവാം എന്നെങ്കിലും അറിഞ്ഞിരിക്കാമല്ലോ ...ഞാനും അനിയനും പുട്ട് എടുത്തു മെല്ലെ കടിച്ചു നോക്കി....ഹോ കടുപ്പം ഡാ കടുപ്പം.....എന്തിനീ ക്രൂരത, റബ്ബേ!!!..ഒരു ഉപ്പു ഫാക്ടറി വായില്‍ വീണ പോല്ലേ തോന്നി എനിക്ക് (അനിയന്റ്റെ അവസ്ഥയും അത് തന്നെ എന്ന് അവന്റ്റെ മുഖത്ത് നിന്ന് ഞാന്‍ വായിച്ചു ) .....ഞങ്ങള് രണ്ടു പേരും വായില്‍ നിന്ന് പുട്ടെടുത്തു വേസ്റ്റ് പ്ലേറ്റില്‍ ഇട്ടു.....

എന്തായാലും കാലത്ത് ഭക്ഷണം കഴിക്കാതെ ഇരിക്കാന്‍ പറ്റില്ലല്ലോ ....മാത്രമല്ല എല്ലാര്ക്കും നല്ല വിശപ്പും.....ഇവള്‍ ആണെങ്കില്‍ ഒരേ കുഴിയില്‍ ഞങ്ങളെ എല്ലാരേയും ഒരുമിച്ചു ചാടിച്ചു.....ഇനി പറഞ്ഞിട്ട് കാര്യമില്ല....നേരത്തെ തന്നെ തറവാട്ടില്‍ പോയി മാമ്മിയെ മസ്കിട്ടു നിന്നാല്‍ മതിയായിരുന്നു ...പോയ ബുദ്ധി ആന പിടിചാലും തിരിച്ചു കിട്ടില്ലല്ലൊ...ഇനി പറഞ്ഞിട്ട് കാര്യവുമില്ല........എല്ലാം തലവിധി....വേറെ നോ വഴി......
അത് കൊണ്ട് തന്നെ അനിയന്‍ പുട്ടില്‍ പഴവും കുറെ പഞ്ചസാരയും കൂട്ടി ഒരു mixture ആക്കി കുഴച്ച് കഴികാനുള്ള ഒരു കഠിനശ്രമം നടത്തി.....
ഉപ്പ പുട്ട് മുഴുവന്‍ ചായ ഒഴിച്ച് നനച്ചു കുതിര്‍ത്ത് ഒരു പുട്ട് കഞ്ഞി ഉണ്ടാക്കി കഴിച്ചു .......

ഞാനപ്പോള്‍ അടുകളയില്‍ ഇന്നലത്തെ ബാക്കി വന്ന ചോറും കറിയും തെരയാനുള്ള തിരക്കിലായിരുന്നു.....

*********** ################### ***************

വാല്‍ കഷ്ണം : ഇന്നു എന്റ്റ്റെ പഞ്ചായതില്‍ തന്നെ എറ്റവും നന്നായി പുട്ടുണ്ടാക്കുന്ന പ്രമുഖരില്‍ ഒരാളാണു ഈ കഥയിലെ നായിക ...(സത്യം, പ്ലീസ്‌ വിശ്വസിക്കു )

അറിയുന്നു ഞാന്‍ നിന്നെ !!!

അറിയുന്നു ഞാന്‍

അറിയാത്ത നിന്നെ

നിറമില്ലാ പൂവിലെ

തേനെന്ന പോലെ



നിറമാകുന്നു നീ

നിഴലാകുന്നു നീ

നിലാവ് പൊഴിക്കുന്ന

നിശാഗന്ധിയാകുന്നു നീ



നിന്നോട് ചേരാന്‍

നിന്നിലേക്കലിയാന്‍

നീറുന്നിതല്ലോ

എന്‍ നെഞ്ചകമിന്നും



കാലം മായ്ക്കാത്ത

ഓര്‍മ്മകളില്ല

സ്നേഹം മറക്കാത്ത

മുറിവുമതില്ല



അറിവതില്ലെന്ന

ഭാവത്തില്ലെന്കിലും

അറിയുന്നു ഞാന്‍

അറിയാത്ത നിന്നെ

എന്റെ കൂട്ടുകാരി (കവിത )

നശ്വരജീവിതയാത്രയിലെപ്പോഴോ

കണ്ടൂ ഞാനൊരു പെണ്‍കൊടിയെ

തങ്കത്തില്‍ നിറമുള്ള, തളിരിന്‍ ഗുണമുള്ള

സല്‍ഗുണ സമ്പന്നയാം സ്നേഹിതയെ


ഒറ്റയ്ക്കിരിക്കുമ്പോള്‍ കൂട്ടായ്‌ നീയെത്തും

ആധിയിലുഴലുബോള്‍ താങ്ങായ് നീയണയും

എന്തെന്തു പേര് ചൊല്ലി ഞാന്‍ നിന്നെ വിളിക്കേണ്ടു

എന്‍ കാര്‍ത്തിക രാവിന്റെ മണിമുത്തിനെ


നിന്നെ പോലൊരു സ്നേഹിതേ കിട്ടാന്‍

ഞാനെന്തു പുണ്യം ചെയ്തതാണെ

ഇല്ലാത്ത ദൈവത്തില്‍ വല്ലാത്ത കാരുണ്യം

എന്നില്‍ വാരി ചൊരിഞ്ഞതാവം


ഇലകള്‍ കൊഴിയുമ്പോള്‍, കാലം കഴിയുമ്പോള്‍

ഭയമെന്നില്‍ ഏറുന്നതെന്തിനാണോ

കാലം മായ്ക്കുന്ന ബന്ധങ്ങളില്‍

മായുമോ നമ്മുടെ ഈ ആത്മസൌഹൃദവും...


************* @@@@@@ **********

ആത്തോല (ഒരു ഓര്‍മ്മകുറിപ്പ് )

അറപ്പ് കലര്‍ന്നൊരു ഭയമായിരുന്നു എനിക്കവരോട് !!!

റോഡരികില്‍ മരം നട്ടു വളര്‍ത്താന്‍ വേണ്ടി ഉയര്‍ത്തിയ നാല് കോണ്‍ക്രീറ്റ് തൂണുകള്‍ക്കു മീതെ പഴയ പായയും പ്ലാസ്റ്റിക്കും കൊണ്ട് കൂരയൊരുക്കി കഴിയുന്ന ഭ്രാന്തിയായ സ്ത്രീ .....പ്രായം കൊണ്ട് നടു വളഞ്ഞു, കണ്ണുകള്‍ ഉള്ളിലോട്ട് വലിഞ്ഞു, മുടിയാകെ ഉണക്ക ചകിരി കണക്കെ പിരിഞ്ഞു ആകെ കൂടി പ്രാക്രതമായ വേഷത്തില് ‍അവരെ കണ്ടാല്‍ പേടി തോന്നാത്ത കുട്ടികള്‍ വിരളം ....നാട്ടുകാര് കൊടുക്കുന്ന പഴകിയ ഭക്ഷണവും വെള്ളവും ആയിരുന്നു അവരുടെ ജീവന്‍ നിലനിര്‍ത്തി പോന്നിരുന്നത് ...മഴയും വെയിലുമെല്ലാം അവര്‍ക്ക്‌ ഒന്നായിരുന്നു .....

എന്ന് മുതലാണ്‌ അവരെ കണ്ടു തുടങ്ങിയത് എന്ന് എനിക്കൊര്‍മ്മയില്ല......ഭക്ഷണം കഴിക്കാന്‍ വിസമ്മതിക്കുന്ന കുട്ടികളെ പിടിക്കാന്‍ ആത്തോല വരും എന്നത് ഓര്‍മ്മ വെച്ച നാള്‍ മുതല്‍ കേട്ട് തുടങ്ങിയതാണ്......അത് കൊണ്ട് തന്നെ ഭീതി ആയിരുന്നു എനിക്കവരോട് തോന്നിയാ ആദ്യവികാരം .....ഉമ്മിയും മാമ്മിയും തറവാട്ടിലെ മുതിര്‍ന്ന കുട്ടികളും പറഞ്ഞറിഞ്ഞ ആത്തോല രാത്രിയില്‍ കുട്ടികളെ പിടിക്കാന്‍ വരുന്ന ഭ്രാന്തിയായ സ്ത്രീയാണ്...കുട്ടികളെ പിടിച്ചു കൊണ്ട് പോയി കണ്ണ് പൊട്ടിച്ചു തെണ്ടാന്‍ വിടുന്ന ഭ്രാന്തിയായ സ്ത്രീ.....അത് കൊണ്ട് തന്നെ വയറു നിറഞ്ഞാല്‍ പോലും ആത്തോലയെ വിളിക്കും എന്ന് പറഞ്ഞാല്‍ പേടി കൊണ്ട് രണ്ടുരുള കൂടുതല്‍ ഉണ്ണും...

വളരും തോറും അറപ്പ് ബാക്കി നിര്‍ത്തി അവരോടുള്ള ഭീതി ഇല്ലാതായി തുടങ്ങി.... പിടിച്ചു കൊണ്ട് പോവാന്‍ മാത്രം ഞാനൊരു കുട്ടിയല്ല എന്ന ആത്മവിശ്വാസം കൊണ്ടാവാം ....അല്ലെങ്കില്‍ ഉപദ്രവിക്കാത്ത ഒരു ഭ്രാന്തിയാണ് അവര്‍ എന്ന് ഞാന്‍ സ്വയം തിരിച്ചരിഞ്ഞതാവാം ...എന്തായാലും അവരുടെ കീറി പറിഞ്ഞ വസ്ത്രങ്ങളോട് കൂടിയ വേഷവും ആരോടെന്നില്ലാത്ത പിറുപിറുപ്പും എനിക്കവരോടുള്ള അറപ്പ് കൂട്ടി.....സ്കൂളില്ലാത്ത ദിവസങ്ങളില്‍ കൂട്ടുകാരൊത്തു വെറുതെ അവരെ ദേഷ്യം പിടിപ്പിച്ചു കളിയാക്കുന്നത് എനിക്കും എന്റ്റെ കൂട്ടുകാര്‍ക്കും ഒരു ഹരമായി മാറി ....വെറുതെ, അവര് പിറുപിറുക്കുമ്പോള്‍ അവരെ അനുകരിക്കാനും, അവരുടെ സാധങ്ങള്‍ വലിച്ചു വാരിയിട്ട് അവരെ ദേഷ്യം പിടിപ്പിക്കാനും എന്തെന്നില്ലാത്ത ഒരു ആനന്ദം....കുട്ടികാലത്തെ വെറും കുസ്ര്യുതി ആവാം....അല്ലെങ്കില്‍ ലാളിച്ചു വളര്‍ന്ന ഞങ്ങളുടെ അഹങ്കാരമാവാം.

പക്ഷെ അന്നൊരു ദിവസം ഞങ്ങള്‍ കളിയായി തുണിയില്‍ പൊതിഞ്ഞ അവരുടെ എന്തോ വസ്തു എടുത്തു വലിചിട്ടപ്പോള്‍ അവര്‍ പതിവില്ലാത്ത വിധം പ്രകോപിത ആയി ഞങ്ങളുടെ നേരെ തിരിഞ്ഞു......തിരിഞ്ഞോടുന്നതിന്റ്റെ ഇടയില്‍ എന്തിനാണ് ഒരു കല്ലെടുത്ത് അവരെ എറിഞ്ഞതെന്നു അറിയില്ല.....പക്ഷെ ദൂരെ നിന്ന് ഒരു നോക്ക് തിരിഞ്ഞു നോക്കിയപ്പോള്‍ അവരുടെ നെറ്റി പൊട്ടി ചോര ഒലിക്കുന്നത് ഞാന്‍ കണ്ടു....

ചത്തത് കീജകനെങ്കില്‍ കൊന്നത് ഭീമനെന്ന പഴങ്കഥ പോല്ലേ, അധികം താമസിയാതെ തന്നെ അവരെ എറിഞ്ഞത് ഞങ്ങള്‍ ആണെന്ന് വീട്ടില്‍ അറിഞ്ഞു....ആരോ വന്നു പറഞ്ഞതാണ്, അതും എന്റ്റെ കുഞ്ഞിപ്പാനോട് ...ചോദ്യം ചെയ്യല്‍ എന്ന പതിവ് പരിപാടിക്ക് ശേഷം സ്ഥിരം കുറ്റവാളി ആയ എന്റ്റെ പങ്കും വെളിപെട്ടു.....അല്ലെങ്കിലും ആര് തെറ്റ് ചെയ്താലും കുഞ്ഞിപ്പാടെ കയ്യില്‍ നിന്നുള്ള തല്ലു എനിക്ക് മാത്രമുള്ളതാണ്....അതെന്റ്റെ അവകാശമാണ് .....തല്ലു കഴിഞ്ഞാല്‍ പിന്നെ തറവാടിന്റ്റെ മുറ്റത്തുള്ള തൂണില്‍ കൈ രണ്ടും വട്ടത്തില്‍ പിടിച്ചു കെട്ടും....രാത്രി വരെ അങ്ങിനെ കിടക്കണം...ഭക്ഷണം ഒക്കെ മാമ്മിയോ ഉമ്മുമയോ വാരി തരും.....ഉറങ്ങാറാവുമ്പോള്‍ കെട്ടഴിച്ചു കൊണ്ട് പോയി കിടത്തും ....അതൊരു ശിക്ഷാ രീതി ആണ്......അന്നും അത് തന്നെ സംഭവിച്ചു .....മാമ്മി വന്നു ഭക്ഷണം വാരി തന്നു...അനിയത്തി ഉള്ളത് കൊണ്ട് ഉമ്മിയേക്കാള്‍ എന്റ്റെ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നത് മാമ്മി ആണ്...എന്നോട് പ്രത്യേക സ്നേഹമാണ് അങ്ങേര്‍ക്കു, പാവം !! ....ഭക്ഷണം വാരി തരുന്നതിന്റ്റെ ഇടയില്‍ ആത്തോലയുടെ നെറ്റിയില്‍ നല്ല മുറിവുണ്ടെന്നും നാട്ടുകാര്‍ ആരോ അത് മരുന്ന് വെച്ച് കെട്ടി എന്നും എന്നോട് പറഞ്ഞു ....എന്നിട്ട് എന്തിനാണ് ആത്തോലയെ എറിഞ്ഞത് എന്ന് ചോദിച്ചു.....വെറുതെ , എന്നൊരു മറുപടി മാത്രമേ എനിക്ക് പറയാനുണ്ടായിരുന്നുള്ളൂ ...അപ്പോഴാണ്‌ മാമ്മി ആ ഭ്രാന്തി ആയ സ്ത്രീയെ പറ്റി പറയുന്നത്.....

ഞങ്ങളുടെ നാട്ടിലെ ഏറ്റവും വലിയ പണക്കാരന്ന്റ്റെ ഏകമകളായിരുന്ന അവര്‍ ചെറുപ്പത്തില്‍ ഏതോ അന്യജാതിക്കാരനുമായി പ്രേമമായിരുന്നു എന്നും അതിന്റ്റെ പ്രശ്നമായി അവരുടെ വീട്ടുക്കാര് ഇവിടെ ഉള്ളതൊക്കെ വിറ്റ് പോകുക ആയിരുന്നു എന്നും ഒരുപാടു നാളുകള്‍ക്കു ശേഷം ആത്തോല മാത്രം ഒരു ഭ്രാന്തിയായി ഇവിടെ തിരിച്ചെത്തുക ആയിരുന്നു എന്നും മാമ്മി പറഞ്ഞു ......ആ വീട്ടുകാരെ കുറിച്ച് ആര്‍ക്കും പിന്നീട് ഒരു വിവരവും കിട്ടിയില്ലത്രേ .....ആദ്യമൊക്കെ കടത്തിണ്ണയിലും മറ്റും കിടന്നിരുന്ന ആത്തോല പിന്നീട് ആ കോണ്‍ക്രീറ്റ്‌ തൂണുകള്‍ക്ക് ഉള്ളില്‍ കൂരയോരുക്കുക ആയിരുന്നത്രേ....ഞങ്ങളുടെ തറവാടും വീടും പറമ്പും എന്റ്റെ വീടിനു മുന്നില്‍ ഞാന്‍ കളിക്കുന്ന ഒഴിഞ്ഞ പറമ്പും അടക്കം എല്ലാം അവരുടെ ആയിരുന്നുവത്രേ ഒരു കാലത്ത്, അവരുടെ വീട്ടുകാരില്‍ നിന്ന് എന്റ്റെ ഉപ്പുപ്പ വാങ്ങി കൂട്ടിയതാനത്രേ ഞങ്ങളുടെതെന്നു കാണുന്ന സ്വത്തു മുഴുവനും.......അവരുടെ കഥ പറഞ്ഞതിന് ശേഷം ഇനി അവരെ ഉപദ്രവിക്കരുതെന്നും മറ്റും പറഞ്ഞു മാമ്മി എന്നെ കുറെ ഉപദേശിച്ചു....ഇതൊക്കെ കേട്ട് കഴിഞ്ഞപ്പോള്‍ എനികെന്തോ കുറ്റബോധം തോന്നി...

വെറുതെ ഒരു നേരം പോക്കിന് അല്ലെങ്കില്‍ എന്റ്റെ കുസൃതിക്ക് ഞാന്‍ ചെയ്തത് അല്ലെങ്കില്‍ ചെയ്തു കൊണ്ടിരുന്നത് ഒരു വലിയ തെറ്റായിരുന്നു എന്ന് എനിക്ക് തോന്നി....ആ ഭ്രാന്തിയായ സ്ത്രീ ഒരിക്കല്‍ പോലും എന്നെ ഉപദ്രവിച്ചിട്ടില്ല....ആരെയും ഉപദ്രവിച്ചതായി അറിവുമില്ല...വെറുതെ ഞാനാ പാവത്തിനെ ഉപദ്രവിച്ചു....അതില് പിന്നെ സങ്കടവും ആയി അത് കൊണ്ട് തന്നെ പിന്നീട് ഞാന്‍ അവരെ ഉപദ്രവിക്കാനോ കളിയാക്കാണോ പോയില്ല......ഇടയ്ക്കു ഞാന്‍ വീട്ടില്‍ നിന്ന് പഴമോ ഭക്ഷണമോ എടുത്തു കൊണ്ട് പോയി കൊടുക്കും....മാമ്മി പറഞ്ഞിട്ടാണ് അങ്ങിനെ ചെയ്തിരുന്നത് എങ്കില്‍ കൂടി പിന്നെ പിന്നെ അത് ചെയ്യാന്‍ മനസ്സ് കൊണ്ട് ഏറെ ഇഷ്ട്ടപെട്ടു....എനിക്ക് കിട്ടുന്ന നല്ല എന്തെങ്കിലും ഭക്ഷനതിന്റ്റെ പങ്കു ഞാന്‍ അവര്‍ക്ക് കൊണ്ട് പോയി കൊടുക്കാന്‍ തുടങ്ങി .....അങ്ങിനെ ഞാന്‍ വളരും തോറും എന്റ്റെ ആരും അല്ലായിരുന്നിട്ടു കൂടി ഞാന്‍ അവരെ സ്നേഹിക്കാനും അവരെ എനിക്ക് കഴിയുന്നത് പോല്ലേ പരിജരിക്കാനും തുടങ്ങി...ദിവസങ്ങള്‍ കഴിയും തോറും ആര്‍ദ്രമായ ഒരു സ്നേഹബന്ധത്തിന്റെ നോവ്‌ ഞാനറിഞ്ഞു ....

ഞാന്‍ ഒമ്പതില്‍ പഠിക്കുമ്പോള്‍ എനിക്ക് സ്ക്കൂള്‍ കലോല്‍സവത്തില്‍ പ്രസംഗം, ഉപന്യാസം, കവിതാ രചന എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളില്‍ ലഭിച്ച ഫര്സ്റ്റ്‌ സ്ഥാനം കാരണം ജില്ലാ കലോല്‍സവത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചു.....തൃശ്ശൂര്‍ വെച്ചാണ് ജില്ലാ കലോല്‍സവം...എന്റ്റെ മല്‍സരങ്ങള്‍ എല്ലാം ഒരൊറ്റ ദിവസം ആയിരുന്നു.....കാലത്ത് ഒമ്പത് മണിക്ക് തന്നെ എനിക്ക് മല്‍സരം ഉണ്ടായിരുന്ന കാരണം നേരത്തെ തന്നെ എണീറ്റു റെഡി ആയി മറ്റു മല്‍സരങ്ങള്‍ ഉള്ള എന്റ്റെ കൂട്ടുകാരുടെ കൂടെ തൃശ്ശൂര്‍ക്ക് പോയി.....പോകാന്‍ നേരം ഉമ്മച്ചി എനിക്ക് ഭക്ഷണത്തിനും വണ്ടിക്കും എന്ന് പറഞ്ഞു കുറെ കാശ് തന്നു.....നന്നായി പ്രാര്‍ഥിച്ചു മത്സരിക്കണം എന്നും പറഞ്ഞു ...

രാവിലെ തന്നെ പ്രസംഗമത്സരവും ഉപന്യാസമത്സരവും കഴിഞ്ഞു....സാമാന്യം തരക്കേടില്ലാതെ മത്സരിക്കാന്‍ എനിക്ക് സാധിച്ചു....ഉച്ചക്ക് ശേഷം ആയിരുന്നു കവിതാ രചന ...ഊണ് കഴിച്ചു ഞാന്‍ കൂട്ടുകാരൊത്ത് ഒന്ന് കറങ്ങി ഞാന്‍ കവിത രചനക്ക് ചെന്നിരുന്നു .... എനിക്ക് തന്ന വിഷയം : ഭ്രാന്തി " ആയിരുന്നു.....പെട്ടന്നു എനിക്ക് ആത്തോലയെ ഓര്‍മ്മ വന്നു.... മനസ്സിന് എന്തെന്നില്ലാത്ത കനം......കവിത എഴുതാന്‍ ഇരുന്ന എനിക്ക് രണ്ടു വരി പോലും മുഴുവിക്കാന്‍ ആവാതെ മല്‍സരം അവസാനിപ്പികേണ്ടി വന്നു .....മറ്റു കൂട്ടുകാരുടെ മല്‍സരം കഴിഞ്ഞു വൈകി ആണ് അവിടെ നിന്ന് ഇറങ്ങിയത്.....സ്കൂളില്‍ ഇന്ന് ഇറങ്ങും നേരം വഴിയരിക്ക്‌ ഓറഞ്ച് വാങ്ങി കഴിച്ചപ്പോള്‍ രണ്ടെണ്ണം ആത്തോലക്ക് വാങ്ങി കൊടുക്കണം എന്ന് മനസ്സ്‌ പറഞ്ഞു.....അത് വാങ്ങി എന്റ്റെ ബാഗില്‍ ഇട്ടു ഞാന്‍ വീട്ടിലോട്ട് തിരിച്ചു

രാത്രി വൈകി വീട്ടിലെത്തിയ ഞാന്‍, ഞങ്ങള്‍ കളിക്കുന്ന ഒഴിഞ്ഞ പറമ്പില്‍ തീ കത്തിയെരിഞതിന്റ്റെ കനല്‍ കണ്ടു....പുറത്ത്‌ എന്നെ കാത്തു നില്‍ക്കുന്ന ഉമ്മിയോടു എന്താ അവിടെ തീ കത്തുന്നത് എന്ന് ചോദിച്ചപ്പോള്‍ ആത്തോല ഇന്ന് കാലത്ത് മരിച്ചു എന്നും അറിയിക്കാനും പറയാനും ആരും ഇല്ലാത്തത് കൊണ്ട് കാത്തു വെക്കാതെ നാട്ടുകാര് തന്നെ ദഹിപ്പിച്ചു എന്നും പറഞ്ഞു ....തലയ്ക്കു അടി കിട്ടിയ പോലെയായി ഞാന്‍ ....എന്റ്റെ കണ്ണില്‍ ഇരുട്ട് കേറി .....എന്ത് പറയണം എന്നോ എന്ത് ചെയ്യണമെന്നോ അറിയാതെ തളര്‍ന്നു പോയ ഞാന്‍ ഉള്ളിലെ കരച്ചില്‍ മറയ്ക്കാന്‍ പാടുപെട്ടു.... ...പിന്തിരിഞ്ഞു നോക്കാന്‍ എനിക്ക് ശക്തിയുണ്ടായിരുന്നില്ല....തളര്‍ന്നു വീഴാതിരിക്കാന്‍ ഞാന്‍ ഉമ്മിയെ താങ്ങി പിടിച്ചു ...അപ്പോള്‍ എന്റ്റെ ആരും അല്ലായിരുന്നിട്ടു കൂടി ഞാന്‍ ഒരുപാട് സ്നേഹിച്ച ആ ഭ്രാന്തിസ്ത്രീ അഗ്നിയെ സ്നേഹിച്ചു അതില്‍ അലിഞ്ഞു ചേരാന്‍ തിരക്ക് കൂട്ടുക ആയിരുന്നു...



@##നിച്ചുട്ടന്‍സ്‌ ##@



********* ************ &&&& ************** ***********

Wednesday, June 23, 2010

അടി വരുന്ന ഓരോ‌ വഴിയേ !!! അനുഭവങ്ങള്‍ പാളിച്ചകള്‍ 1

ഞാന്‍ ഒമ്പതാം ക്ലാസ്സില്‍ പഠിക്കുന്ന കാലം...

ഇംഗ്ലീഷ് മീഡിയം സ്കൂളിന്‍റെ എല്ലാ നൂലാമാലകളും കര്‍ശനങ്ങളും ഉണ്ടായിരുന്ന പഠനാന്തരീക്ഷം .....രാവിലെ തന്നെ കോട്ടും ടൈയും ബെല്‍ട്ടും കെട്ടി അണിഞ്ഞൊരുങ്ങി പെന്ഗിന്‍ കുട്ടികളെ പോലെ സ്കൂളിലോട്ട് മാര്‍ച്ച്‌ നടത്തും....ഉപ്പ ഗള്‍ഫില്‍ നിന്ന് കൊണ്ട് വരുന്ന ,അല്ലെങ്കില്‍ ആരുടെയെങ്കിലും കൈയില്‍ കൊടുത്തയക്കുന്ന ബദാം, പിസ്ത, chocolate, ഈത്തപ്പഴം ഇതൊക്കെ തിന്നു ചെറിയൊരു വട്ടചെമ്പ് കണക്കെ മെലിഞ്ഞാണ് എന്റ്റെ ശരീരം.... അതിന്റ്റ്റെ കൂടെ പഴക്കൊല ചുറ്റിപൊതിഞ്ഞത് പോല്ലെ ഉള്ള ഈ കോട്ടും യൂണിഫോമും....നല്ല ചേലാണു കാണാന്‍ തന്നെ ....(വൈക്കോല്‍‍ കുണ്ട ടാര്‍പായ ഇട്ടു പൊതിഞ്ഞത് പോല്ലേ എന്നാണു എന്റ്റെ കോലത്തിനു മൂതുമ്മാടെ കുട്ടികള്‍ വിളിച്ചു കളിയാക്കുന്നത്.....(പന്ന കഴുവേറി തറ വാടികള്‍സ് )
ഇംഗ്ലീഷ് മീഡിയം ,പട്ടാള ചിട്ട, ഗുഡ് പേഴ്സണാലിറ്റി, etc etc....... എന്തൊക്കെയാണ് വീട്ടുകാരുടെ സ്കൂളിനെ കുറിച്ചുള്ള സ്വപ്‌നങ്ങള്‍!!!......(ഞങ്ങളൊക്കെ നന്നാവുമെന്നു എന്തു കണ്ട്ടിട്ടാണാവോ ഇവരു സ്വപ്നം കാണുന്നത് ......സ്വപ്നം കാണാന്‍ ടാക്സ്‌ ഇല്ലെന്നു വെച്ച് ഞങ്ങളെ കുറിച്ചൊക്കെ ഇങ്ങനെ സ്വപ്‌നങ്ങള്‍ കാണാവോ..... മക്കളെ കണ്ടും മാംബൂ കണ്ടും ആശിക്കരുതെന്നു പറഞ്ഞ മഹാനു സ്തോത്രം.....)

സത്യത്തില്‍ പുറത്തു നിന്ന് നോക്കുമ്പോള്‍ ഉള്ള സ്കൂളിന്റ്റെ ആ പോഷ്‌ തന്നെ ഉള്ളൂ ...പിള്ളേര് തറയാ...തനി തറ ...തത്തറ !! ....
ഞാന്‍ മാത്രമല്ല കേട്ടോ....എന്റ്റെ നല്ലവരായ കൂട്ടുകാരും.......( മി ഇചിരി കൂടുതല്‍ തറ ആണോ എന്നു എനിക്കു തന്നെ പലപ്പോഴും തോന്നിയിട്ടും ഉണ്ട് ..... മൈ ഗോഡ് !! വാട്ട് ആന്‍ സെല്‍ഫ്‌ മിസ്അന്‍ഡര്‍ സിറ്റിംഗ് ഇറ്റ് ഈസ് !!)
ഞങ്ങളായിരുന്നു ആ സ്കൂളില്ലേ ever seniors ...കാരണം ഞങ്ങള്‍ക്ക് മുന്നേ ഒരു ബാച്ച് അവിടെ പഠിച്ചിട്ടില്ല...
അത് കൊണ്ട് തന്നെ അവിടെ വന്നിട്ടുള്ള , വന്നു കൊണ്ടിരിക്കുന്ന എല്ലാ തറ വേലകള്‍ക്കും തൊട്ടിതരങ്ങള്‍ക്കും ഉത്തരവാദികളും തുടക്കരാരും ഞങ്ങള്‍ തന്നെ....അതില് തന്നെ എന്റ്റെതായ പങ്കു വിട്ടു കളയാന്‍ പറ്റാത്തതാണെന്ന് സവിനയം ഉണര്ത്തട്ടെ ......

ഒമ്പതാം ക്ലാസ്സില്‍ എത്തി എന്ന് പറഞ്ഞാല്‍ ഞങ്ങള്‍ ആള് കൊണ്ട് ഇച്ചിരി വലുതായി, പൊടി മീശയൊക്കെ വെച്ച് (വെച്ചതല്ല ശരിക്കും വന്നതാ) ആരും കാണാതെ കുറ്റിബീഡി വലിക്കാനും മുത്തുച്ചിപ്പി വാങ്ങി വായിക്കാനും ധൈര്യം ഒക്കെ വന്ന ടൈം.......പത്താം ക്ലാസ്സിലോട്ടുള്ള പില്ലേരെന്ന നിലയില്‍ ഞങ്ങള്‍ക്ക് സ്പെഷ്യല്‍ ക്ലാസ്സ്‌ , intensive കോച്ചിംഗ് എന്നുള്ള സബ്രദായം ഒക്കെ കൊണ്ട് വന്നു...സ്പെഷ്യല്‍ ക്ലാസ്സ്‌ എന്ന് പറഞ്ഞാല്‍ മറ്റുള്ള പിള്ളേര്‍ക്ക് ക്ലാസ്‌ ഇല്ലാത്ത ദിവസം കാലത്ത് തന്നെ കുളിച്ചൊരുങ്ങി, സ്കൂളില്‍ വന്നു ക്രിക്കറ്റ്‌ കളിക്കുക , പഞ്ചാര അടിക്കുക, സ്കൂള്‍ പറബില്ലെ മാങ്ങാ പൊട്ടിക്കുക, ഞാവല്‍ പഴം പെറുക്കുക , അപ്രത്തെ വീട്ടിലെ മതില് ചാടി പേരക്ക, ചാമ്പക്ക തുടങ്ങിയത് പൊട്ടിക്കുക എന്നിങ്ങനെയുള്ള കലാപരിപാടികള്‍കിടയില്‍ ഏതെങ്കിലും ടീച്ചര്‍ വന്നു ഒന്നോ രണ്ടോ മണിക്കൂര് ക്ലാസ്സ്‌ എടുക്കുന്ന പരിപാടി ആണെന്ന് ഞങ്ങള്‍ക്ക് പിന്നീടാണ് മനസ്സിലായത്‌..... മോഷ്ടിച്ച് ഭക്ഷിക്കുന്നത്തിന്റ്റെ സ്വാദ് തിരിചരിഞ്ഞതു ഈ സമയതാണ് (ഗ്രെയ്റ്റ് തിരിചരിവുകള്‍സ് ) ‍..... സ്ഥിരം യൂണിഫോറം ചട്ട കൂടില്‍ നിന്നുള്ള മോചനം കൂടി ആയതോടെ സ്പെഷ്യല്‍ ക്ലാസുകളെ ഞങ്ങള്‍ വല്ലാതെ സ്നേഹിച്ചു....കളര്‍ ഡ്രസ്സ്‌ ഇട്ടു വരുമ്പോള്‍ എന്റ്റെ ക്ലാസ്സിലെ ചെല്ലകിളികള്‍ക്കിത്രയും ഭംഗി ഉണ്ടെന്നു ഞഞ്ഞളിപ്പോഴാ അറിയുന്നത്....കുട്ടിത്തം മാറി കൌമാരത്തിലോട്ടുള്ള എന്‍ട്രി ടൈമും അല്ലെ ....കണ്ണിനും കാത്തിനും ഒക്കെ ബൂസ്റ്റ് കുടിച്ച ഉഷാറു വരും...(♥♥ ♥♥ എനിക്കു എന്റ്റ്റെ ക്ലാസ്സിലെ( or സ്കൂളിലെ ത്തന്നെ) ഏറ്റവും ഭംഗിയുള്ള കുട്ടിയോട് code of mutual conduct ഉം കഴിഞ്ഞൊരു ഇത് തുടങ്ങിയതു ഈ ടൈമില്‍ ആണ് ...."ആരെയും ഭാവ ഗായകനാക്കും" ♥♥ ♥♥ )

ആ കാലത്ത് ആണ് സ്കൂള്‍ മുറ്റത്തെ ഞാവലുകളുടെ മുകളില്‍ പഴം ഉണ്ടാവാന്‍ തുടങ്ങിയത്.......ഞാവല്‍ പഴം എന്ന് പറഞ്ഞാല്‍ പെണ്‍പിള്ളേര്‍ക്ക് വല്ലാത്ത കൊതി ആണ്.....പഴുത്ത് വീഴുന്ന ഞാവല്‍പഴം അവര് മണ്ണില്‍ വീണ സൈഡ് മാറ്റി മറ്റു ഭാഗം മാറി മുഴുവന്‍ തിന്നും......ഫുള്ള് ആക്രാന്തതോടെ ( ഇലക്ഷന്‍ ഫണ്ട് കണ്ടാല്‍ രാഷ്ടീയകക്കാര്‍ക്കുണ്ടാവുന്ന സാധനം ഇല്ലെ; അതു തന്നെ )

ഒരു സ്പെഷ്യല്‍ ക്ലാസ്സ്‌ ദിവസം കാലത്ത് സ്കൂളില്‍ വന്നു കയറിയ്യപ്പോള്‍ പെണ്‍പിള്ളേര്‍ ക്ലാസിന്റ്റെ ചോട്ടിലെ മരത്തിന്റ്റ്റെ താഴെ നിന്നു ഞാവല്‍ പെറുക്കുന്നതാണ് ഞങ്ങല്‍ കണ്ടത്...ഫൂളിഷ് പെരുക്കീസ്!!......അവരെ പുച്ഛത്തോടെ കളിയാക്കി ചിരിക്കുന്നതിന്റ്റെ ഇടയിലാണ് ഞാന്‍ ശ്രദ്ധിച്ചത് ....
മ്മൈ ഓള്‍ ഇന്‍ ഓള്‍ - വ്വണ്‍ + ത്രീ ♥♥ ഉണ്ട് ആ കൂട്ടത്തില്‍ (ഇവള്‍ക്കും ഞാവല്‍ പഴം ഇഷ്ടമാണോ മൈ ഗോഡ്!! ഒരു വാക്കെന്നോട്‌ മുന്നേ പറഞ്ഞിരുന്നെങ്കില്‍ ഒരു ഞാവല്‍ കാട് തന്നെ പറിച്ചു കൊണ്ട് വന്നിരുന്നില്ലേഡീ മോളെ) .....

പിന്നെ മി ഒന്നും നോക്കിയില്ല

കൂട്ടുകാരെയും കൂട്ടി നേരെ ഞാവലിന്റ്റ്റെ ചോട്ടിലോട്ട്.. ഫോര്‍വേര്‍ഡ് മാര്‍ച്ച്......( ഏപ്രില്‍ ....മേയ്...)

അവിടെ ചെന്ന് ഞങ്ങള്‍ കല്ലെടുത്തെറിഞ്ഞു ഞാവല്‍ പഴം വീഴ്ത്തി അവരെ സന്തോഷിപ്പികാന്‍ ശ്രമിക്കുനതിന്റ്റെ ഇടയിലാനെന്റ്റെ കൂട്ടുകാരികളില്‍ ഒരുത്തിക്ക് ബോധോദയം ഉണ്ടായത്....ബോയ്സ് ആരെങ്ങിലും മരത്തില്‍ കേറി കുലുക്കിയാല്‍ എല്ലാര്‍ക്കും ഇഷ്ടം പോലെ പഴം കിട്ടും....

അരേ ബ്ബാപ്രേ ബാപ് !!! What an idea surjiii !!!

പക്ഷെ ആര് കേറും മരത്തില്‍ ?? പൂച്ചക്ക് മണി കെട്ടാന്‍ പറയാം....പക്ഷെ ആരു മണി കെട്ടും എന്നാ കണ്‍ഫ്യുഷന്‍ പോ‍ലെ ആര് മരത്തില്‍ കേറും എന്ന സംശയമായി ... ഞങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും നോക്കി ....


"ഡാ ആരെങ്കിലും ഒന്ന് കേറഡാ" അവസാനം ക്ഷമ നശിച്ചു ഞാന്‍ കൂട്ടുകാരോട് പറഞ്ഞു.....

"ഇപ്പൊ സര്‍ വരും....പിന്നെ ആകെ പുലിവാലാകും, ഇനി നിനക്ക് അത്ര നിര്‍ബന്ധമാണെങ്കില്‍ നീ തന്നെ കേറിക്കോ " എന്റ്റെ കൂട്ടുകാരില്‍ ഒരുത്തന്‍ കയറും കാളയും എന്റ്റെ തലയില്ലോട്ടു തന്നെ ഇട്ടു.......കിട്ടിയ ചാന്സിനു എന്റെ പോസ്റ്റിലോട്ട് തന്നെ പഹയന്‍ പന്തടിച്ചു കേറ്റി....(അവിടെ കൂടിയവരൊക്കെ അവന്റ്റെ മറുപടി കേട്ട് ചിരിച്ചോ ??? )

ഇനി നിവര്‍ത്തിയില്ല....മരത്തില്‍ കേറിയേ പറ്റു .....ജീവന്‍ പോയാലും മാനം കളയാന്‍ പറ്റില്ല.....എന്റ്റെ ഞരമ്പുകളില്‍ കൂടി ചീറി പായുന്ന ബ്ലഡ് ഏതാനെന്ന് ഇവന്മാര്‍കറിയില്ലല്ലോ...അത് മാത്രവുമല്ല അവളുടെ ആഗ്രഹവും ആണല്ലൊ...കേറുക തന്നെ......

പക്ഷെ ഈ പണ്ടാരമടങ്ങിയ മരത്തിനാണെങ്കില്‍ ഒടുകത്തെ ഉയരവും...( “ഉയരമുള്ളത് ഔട്ട് ഒഫ് ഫാഷന്‍ ആയി മരമേ.....ഒന്നു കുനിഞ്ഞ് നില്‍ക്ക് പ്ലീസ് “ )

അവസാനം ഒന്നും നോക്കാതെ ഞാന്‍ മരത്തില്‍ കേറാന്‍ തന്നെ തീരുമാനിച്ചു....ഉരുണ്ടുരുണ്ട് ഞാന്‍ ഒരു വിധം മരത്തില്‍ കൊത്തി പിടിച്ചു കേറി......എന്റ്റെ റബ്ബേ, എങ്ങിനെയാ കേറിയേ എന്ന് എനിക്ക് തന്നെ നിശ്ചയമില്ല....കുറച്ചൊക്കെ മുകളില്‍ എത്തി...ഞാന്‍ കേറി കൊമ്പ് പിടിച്ചു കുലുക്കണ്ട ആവശ്യം ഒന്നുമുണ്ടായില്ല.....കേറുമ്പോള്‍ തന്നെ ഒരു വിധം പഴുത്ത പഴമൊക്കെ വീണു......നാണമില്ലാത്ത പഴങ്ങള്‍ !!, ഒന്ന് കുലുക്കിയപ്പോഴേക്കും എല്ലാം പറിഞ്ഞുവീണേക്കുന്നു .... ഗ്രഹിണി പിടിച്ച കുട്ടികള്‍ ചക്ക കൂട്ടാന്‍ കണ്ട പോല്ലേ എന്റ്റെ കൂട്ടുകാരൊക്കെ പഴം പെറുക്കി തിന്നു....പെണ്‍കുട്ടികളെക്കാള്‍ ആക്ക്രാന്തതോടെ ബോയ്സ് അതു പെറുക്കി തിന്നു (ഡെയ് ഡെയ് ആക്രാന്തം കാണിക്കാതെ ഡെയ് എന്നു വിളിച്ചു പറയണമെന്നുണ്ടായിരുന്നു, പക്ഷെ വേണ്ടെന്ന് വെച്ചു...ബുധിയില്ലാത്ത പിളള്ളേരാ ചിലപ്പോള്‍ ‍ കല്ലെടുത്തെറിയും)

സൈഡിലേക്കു നീങ്ങി നില്‍കുന്ന ചില്ലകള്‍ കൂടി ഒന്ന് കുലുക്കി താഴെ ഇറങ്ങാം എന്ന് വിചാരിച്ച നേരത്താണ് തന്നെ കട കട വണ്ടിയില്‍ വിളിക്കപെടാത്ത അഥിതിയെ പോല്ലേ സാറിന്റ്റെ വരവ്......

അല്ലാഹ്!! ഞാന്‍ പെട്ടു....ഇറങ്ങാനും പറ്റില്ല കേറാനും പറ്റില്ല എന്ന അവസ്ഥയില്‍ ആയി ഞാന്‍......

വണ്ടിയുടെ സൌണ്ട് കേട്ടതും കൂട്ടുകാരൊക്കെ ക്ലാസ്സിലോട്ടു ഓടി....
ദുഷ്ട്ടന്മാരും ദുഷ്ട്ടകളും ....
പഴം വീഴ്ത്തിയ കൈക്ക് തന്നെ അവര് തിരിച്ചു കൊത്തി....

എന്നെ മരത്തില്‍ കേറ്റിയ ദുഷ്ട്ട ആണ് ആദ്യം ഓടിയത്....( THANK YOU DAA THANK YOUUUU ....ആത്മാര്‍ത്ഥ കൂട്ടുക്കാരനായാല്‍ ഇങ്ങനെ തന്നെ വേണം ....ഇതിനു നിനക്കുള്ളതു അടുത്ത വെളിയാഴ്ച്ച )

സാര്‍ എത്തുമ്പോഴേക്കും ഇറങ്ങി ഓടാനുള്ള തന്ത്രപാടില്‍ കാലു തെറ്റി ഞാന്‍ വീണു....ഫ്ലയിംഗ് ഘിയറില്‍ താഴോട്ടു.........
മൈ മത്തറേ!!! എവിടെയോ എന്തൊക്കെയോ പൊട്ടി.....ആപോഴേക്കും കുറച്ചു ക്ഷത്രീയ രക്തം മുറിവില്‍ നിന്നു ഒലിച്ചിറങ്ങാന്‍ തുടങ്ങി...
പോരണ പോക്കിലു ഞാവലിന്റ്റെ ഒരൂ വലിയ കൊബും എന്റ്റെ കൂടെ പോന്നു.....ഒരു കംബനിക്കു...
മീ ഫര്‍സ്റ്റ്....മൂഡും കുത്തി വീണ എന്റ്റെ തലയില്‍ കൊംബിന്റ്റെ ക്രാഷ് ലാന്റ്റിങ്ങ്...

സാര്‍ വന്നു കേറിയതും കണ്ടതു വീണു കിടക്കുന്ന എന്നെയും ഒടിഞ്ഞ കൊബും ആണ്......സൈകിളില്‍ നിന്നു വീണ ചിരിയുമാ‍യി ക്കാലിന്റ്റെയും മേലിന്റ്റെയും വേദന വക വെക്കാത്തെ ഞാന്‍ ക്ലാസിലോട്ട് ഓടി....എന്റ്റ്റെ സീറ്റില്‍ ഞെളിഞിരുന്നു ...

എന്റ്റെ വെല്ലിപ്പാന്റ്റെ ഉപ്പാടെ കാലത്ത് പോലും ഉപയോഗിക്കാന്‍ പറ്റാത്ത ആ വണ്ടി, ഒരു പോര്‍കുതിരയെ തളച്ച ലാഘവത്തോടെ സാര്‍ നിര്‍ത്തി സ്റ്റാന്റ്റി.....അങ്ങേരു കണ്ടോ എന്ന എന്റ്റെ സംശയത്തിനു ഉത്തരം എന്ന പോലെ സ്റ്റാഫ് റൂമില്‍ പോയി ബുക്സ് എടുത്തുവന്ന സാറിന്റെ കയ്യില്‍ എന്തിനോ വേണ്ടി ദാഹികുന്ന ഒരു ചൂരല്‍ വടിയും ഉണ്ടായിരുന്നു......