Pages

Monday, January 9, 2012

ചില ബസ്‌ കഥകള്‍

കുട്ടികാലത്തിന്റ്റെ സുഖമുള്ള ഓര്‍മ്മകളില്‍ എന്നും തങ്ങി നില്‍കുന്ന ഒന്നാണ് ബസ്സും ബസ്സിനെ ചുറ്റിപറ്റിയുള്ള കഥകളും .....മറ്റു വണ്ടികളെ അപേക്ഷിച്ചു വളരെ നീളത്തില്‍ ഒരുപാട് ആള്‍ക്കാരെ കൊണ്ട് പോകുന്ന ആ വണ്ടിയെ വളരെ ആഗ്രഹത്തോടെയും ആരാധനയോടും കൂടിയാണ് കുട്ടിക്കാലത്ത് ഞാന്‍ നോക്കി കണ്ടിരുന്നത് ...സ്കൂളില്‍ പഠിക്കുന്ന കാലത്ത് വളരെ അപൂര്‍വമായേ ബസ്സില്‍ കേറാന്‍ ഭാഗ്യം ലഭിച്ചിട്ടുള്ളൂ.....കാരണം മറ്റൊന്നുമല്ല, സ്കൂളില്‍ പോകുന്നത് സ്കൂള്‍ വാനിലാണ്....വീട്ടുകാരുടെ കൂടെ പുറത്തു പോകുകയാണെങ്കില്‍ കാറിലോ ഓട്ടോയിലോ ആവും.....അപ്പൊ പിന്നെ ഇടയ്ക്കു ഓട്ടോയെ കാറോ കിട്ടാതെ വരുന്ന അപൂര്‍വം സന്ദര്‍ഭങ്ങളില്‍ ഉമ്മയുടെ കൂടെ മരുന്നോ മറ്റോ വാങ്ങാന്‍ കുന്നംകുളം പോകുന്നത് മാത്രമാണ് എന്റ്റെ ഓര്‍മ്മയിലെ ബസ്സ്‌ യാത്രകള്‍..


സ്ഥിരമായി ബസ്സില്‍ കയറാന്‍ പറ്റില്ലെങ്കിലും കുട്ടിക്കാലത്തെ ഞങ്ങളുടെ വര്‍ത്തമാനങ്ങളില്‍ എന്നും ബസ്സ്‌ നിറഞ്ഞു നില്‍ക്കുമായിരുന്നു .....പ്രധാനമായും ടി വി എസ്സും(തെക്ക് വടക്ക് സര്‍വീസ്‌ എന്ന് ഞങ്ങള്‍ പറയുന്ന ബസ്സ്‌ ) , കാര്‍ത്തികയും, ഏ എം എസ്സും(ആമ്മ മൂട്ട സര്‍വീസ്‌) ആണ് ഞങ്ങളുടെ റൂട്ടില്‍ ഓടുന്നത്....ആ ബസ്സുകളില്‍ ഏതിനു ആണ് ഏറ്റവും സ്പീഡ്‌ കൂടുതല്‍ എന്നും കാര്‍ത്തിക ടി വി എസ്സിനെ വെട്ടിക്കുമോ(ഓവര്‍ടേക്ക്) അല്ലെങ്കില്‍ പി കെ എസ് ടി വി എസ്സിനെ വെട്ടികുമോ എന്നൊക്കെ ആവും ഞങ്ങളുടെ വര്‍ത്തമാനം....കുറച്ചു സ്റ്റോപ്പ്‌കളില് മാത്രം നിര്‍ത്തി ‍സ്പീഡില്‍ ഓടുന്ന ബസ്സുകള്‍ ആയിരുന്നു ഞങ്ങളുടെ ഹീറോ...ബസ്സില്‍ ഹൈസ്കൂളില്‍ പോയി പഠിക്കുന്ന ഇക്കമാരോട് വളരെ കൌതുകത്തോടെ ആണ് ഇതൊക്കെ ചോദിച്ചറിയുന്നത്....ടി വി എസ്സിനെ കാര്‍ത്തിക വെട്ടിച്ച കദനകഥ കേട്ട് ഭക്ഷണം പോലും കഴിക്കാതെ കിടന്നുറങ്ങിയ ദിവസങ്ങള്‍ എനിക്കിന്നും ഓര്‍മ്മയില്‍ ഉണ്ട്.....

അങ്ങിനെ വളര്‍ന്നു വരും തോറും എനിക്കും ബസ്സില്‍ പോകാന്‍ ആഗ്രഹം കൂടി....മരുന്ന് വാങ്ങാനും മറ്റും ഇക്കമാരുടെ കയ്യില്‍ കാശ് കൊടുത്തു അവരെ പറഞ്ഞു വിടുമ്പോള്‍ ഞാന്‍ പോകാമെന്ന് വാശിപിടിച്ചു ഉമ്മച്ചിയോട് ഞാന്‍ തല്ലു കൂടാറുണ്ടായിരുന്നു ...പക്ഷെ ഒരിക്കലും ഇക്കമാരുടെയോ അല്ലെങ്കില്‍ മറ്റാരുടെയോ കൂടെ അല്ലാതെ എന്നെ എങ്ങോട്ടും പറഞ്ഞു വിട്ടിരുന്നില്ല ....


പക്ഷെ എനിക്ക് എട്ടോ ഒമ്പതോ വയസ്സുള്ളപ്പോള്‍, അതെ അന്നൊരു ദിവസം അത് സംഭവിച്ചു......ഇക്കമാരൊക്കെ കളിക്കാന്‍ പോയിരിക്കുകയും പണിക്കാരന്‍ നാട്ടില്‍ പോയിരിക്കുകയും ചെയ്തതിനാല്‍ അത്യാവശം മരുന്ന് വാങ്ങാന്‍ ആളില്ലാതെ ആയി.....എനിക്ക് വീണു കിട്ടിയ അവസരം പാഴാകാതെ പോകാതിരിക്കാന്‍ ഞാന്‍ മീന്കാരനെ കണ്ട കള്ളിപൂച്ചയെപോലെ ഉമ്മചിയുടെ പിറകില്‍ കൂടി......ഉമ്മച്ചി ആണെങ്കില്‍ എന്നെ പറഞ്ഞു വിടണോ വേണ്ടയോ എന്നുള്ള ചിന്തയില്‍ ആയിരുന്നു ..."അവന്‍ വലിയ കുട്ടി ആയില്ലേ, അവന്‍ പോയി വാങ്ങി കൊണ്ട് വരും " വെല്ലിമ്മ ഉമ്മചിയോടു എനിക്ക് വേണ്ടി വാദിച്ചു....അപ്പോഴാണ്‌ എനിക്ക് വെല്ലിമ്മയുടെ മഹത്വം മനസ്സിലായത്‌......വെല്ലിമ്മാടെ മുറുക്കാന്‍ പൊതി വൈക്കോല്‍കൂനയില്‍ ഒളിപ്പിച്ചു വെച്ചതിലും നിസ്ക്കാരകുപ്പായത്തില്‍ ചൊറിയാന്‍പുഴുവിനെ കൊണ്ട് വന്നിട്ടതിനും ഒക്കെ എനിക്ക് മനസ്താപം തോന്നി...(ആ നിമിഷത്തേക്ക് മാത്രം )


എന്തായാലും വെല്ലിമ്മാടെ സപ്പോര്‍ട്ട് ഫലിച്ചു, ......മരുന്ന് വാങ്ങുന്ന കടയും ബസ്സില്‍ കേറുന്നതും ഒക്കെ എനിക്ക് വ്യക്തമായി അറിയാമായിരുന്നെങ്കിലും, എന്നെ കൊണ്ട് സാധിക്കും എന്ന് ഉറപ്പു വരുത്താന്‍ വേണ്ടി ഒരു നാലഞ്ചു പ്രാവശ്യം ഉമ്മച്ചി തന്നെ പറഞ്ഞു തന്നു, എനിട്ടു പോവാനുള്ള സമ്മതം തന്നു ..... ബസ്സിനുള്ള ചില്ലറ കാശ് ഷര്‍ട്ടിന്റെ പോക്കറ്റിലും, മരുന്ന് വാങ്ങാനുള്ള നൂറു രൂപ എന്റെ പഴ്സില്‍ വെച്ച് പാന്റിന്റെ പോക്കറ്റിലും വെച്ച് തന്നിട്ട് ആണ് ഉമ്മച്ചി എന്നെ പറഞ്ഞു വിട്ടത് .....


ഹോ....അഭിമാന നിമിഷം....അനര്‍ഘ സുലഭിത സുന്ദര എല്ലാം കൂടി ആ നിമിഷം തന്നെ...ഇനിയിപ്പോ ആ നിമിഷമല്ല എന്നൊന്നും പറഞ്ഞു കാര്യമില്ല...... ഞാന്‍ തനിയെ ഒരു ബസ്സില്‍ യാത്ര ചെയ്തു തിരിച്ചു വരാന്‍ പോകുന്നു....ആകാശത്തിനു ഉയരം കുറഞ്ഞതോ അതോ എനിക്ക് പെട്ടന്ന് ഉയരം വെച്ചതോ, എന്തായാലും രണ്ടില്‍ ഒന്ന് സംഭവിച്ചിരിക്കുന്നു .....അഹങ്കാരത്തിനു കയ്യും കാലും വെച്ച് ഞാന്‍ റോഡിലൂടെ നടന്നു ബസ്സ്‌സ്റ്റോപ്പില്‍ പോയി നിന്നു...അവിടെ രണ്ടു മൂന്നു പേര്‍ നില്‍ക്കുന്നുണ്ട്.,അവരുടെ അടുത്ത് ഗമയോടെ ഞാനും നിന്നു ....ഒരഞ്ചു മിനിറ്റ് കഴിഞ്ഞില്ല ബസ്സ്‌ വന്നു.....പടച്ചോനെ,എന്റ്റെ സ്വപ്നനായകന്‍ ടി വി എസ്സ് ....ഹോ വെളുപ്പാന്‍ കാലത്ത് കണ്ട സ്വപ്നം ഫലിക്കും എന്ന് പറയുന്നത് എത്ര ശെരി!!(അന്ന് രാവിലെ ഞാന്‍ ടി വി എസ്സില്‍ പോകുന്നത് സ്വപ്നം കണ്ടിരുന്നു ).....ബസ്സ്‌ നിര്‍ത്തിയതും ഞാന്‍ തന്നെ ആദ്യം ചാടി കേറി.....


ബസ്സില്‍ നല്ല തിരക്കുണ്ട്‌, അത് കൊണ്ട് തന്നെ സീറ്റ്‌ കിട്ടിയില്ല......ഞാന്‍ കമ്പി പിടിച്ചു അരികിലായി നിന്നു......ആള്‍ക്കാരുടെ തിക്കിനും തിരക്കിനും ഇടയില്‍ നിന്നു എനിക്ക് പുറത്തെ കാഴ്ചകള്‍ ഒന്നും കാണാന്‍ പറ്റിയില്ലെന്ന് മാത്രമല്ല തിരക്ക് കൊണ്ട് എനിക്ക് ശ്വാസം മുട്ടാന്‍ തുടങ്ങി......ഉയരമുള്ള ആള്‍ക്കാരെ ഞാന്‍ മനസ്സ് കൊണ്ട് പ്രാകി...ഒന്ന് കൂടി വലുതാവട്ടെ, എന്നിട്ട് എല്ലാരെയും ശെരിയാക്കി തരാം......രണ്ടു മൂന്നു സ്റ്റോപ്പ്‌ കഴിഞ്ഞു കുറച്ചു യാത്രക്കാര് ഇറങ്ങി തിരക്കിനു ഒരു അയവു വന്നപ്പോള്‍ ഞാന്‍ തിക്കി തെരക്കി പുറത്തെ കാഴ്ചകള്‍ കാണത്തക്ക വിധം സ്ഥാനം പിടിച്ചു......കുറച്ചു സമാധാനമായി ......പുറത്തെ നയനമനോഹരകാഴ്ചകള്‍ എല്ലാം എനിക്കിപ്പോ കാണാന്‍ പറ്റുന്നുണ്ട് ....


ഞാനങ്ങിനെ ബസ്സ്‌ പിന്നിട്ടു പോകുന്ന പറമ്പും കടകളും മറ്റു വാഹനങ്ങളും നോക്കി രസം പിടിച്ചു നിന്നു യാത്ര ചെയ്യുകയാണ്.....അധികം സമയം കഴിഞ്ഞില്ല.....ബസ്സില്‍ ഒരു ബഹളം....." എന്റ്റെ പേഴ്സ് കാണുന്നില്ല" എന്ന് എന്റ്റെ അടുത്ത് നിന്ന ഒരുത്തന്‍ വിളിച്ചു പറയുന്നത് കേട്ടു...അപ്പോഴാണ്‌ എന്റ്റെ പുര്സിനെ കുറിച്ചും അതിലെ കാഷിനെ കുറിച്ചും എനിക്കോര്‍മ്മ വന്നത് , ഞാന്‍ പിറകിലോട്ട് കൈയിട്ടു പേഴ്സ് തപ്പിപിടിച്ചു ....ഹാ,എന്റ്റെ പേഴ്സ് അവിടെ തന്നെ ഉണ്ട്.....


ബസ്സിലെ ബഹളം ഉന്തും തള്ളുമായി.....അടുത്ത് നിന്ന ആരോ ആണ് പേഴ്സ് എടുത്തത്‌ എന്ന് ലവന്‍....കണ്ടക്ടര്‍ ഓടി വന്നു....തല്ലു കൂടുന്നവരെ പിടിച്ചു മാറ്റി, ബസ്സ്‌ നേരെ പോലീസ് സ്റ്റേഷനിലോട്ടു പോകട്ടെ, ബാക്കി അവിടെ ചെന്നു തീരുമാനിക്കാം എന്ന് ഡ്രൈവറോട് പറഞ്ഞു


എനിക്ക് മൂത്രമൊഴിക്കാന്‍ മുട്ടുന്നുണ്ടോ ?? എന്തിനാ കയ്യും കാലും വിറക്കുന്നത് ?? ഇത്രയും നേരം മാനം മുട്ടെ വളര്‍ന്നു നിന്ന അഹങ്കാരമൊക്കെ അലിഞ്ഞു ചൂട് വെള്ളത്തില്‍ ഇട്ട ഐസ്കട്ട പോല്ലേയായി പോയി.....പേടി കേറി ഞാന്‍ വിയര്‍ക്കാന്‍ തുടങ്ങി...


ബസ്സ്‌ നേരെ പോലിസ്‌ സ്റ്റേഷനില്‍ ചെന്ന് നിന്നു, കണ്ടക്ടര്‍ ഇറങ്ങി പോയി രണ്ടു മൂന്നു പോലീസുകാരെ കൂട്ടി കൊണ്ട് വന്നു ....


"ഓരോരുത്തരായി ഇറങ്ങി വാടാ.....എല്ലാരെയും ചെക്ക്‌ ചെയ്യണം " കൊമ്പന്‍ മീശയും കുടവയറും ഉള്ള ഒരു പോലീസുകാരന്‍ വിളിച്ചു പറഞ്ഞു....


അതും കൂടി കേട്ടതോടെ എന്റ്റെ ബാക്കിയുണ്ടായിരുന്ന ജീവനും പോയി.....ആള്‍കാര് ഓരോരുത്തരായി ബസ്സില്‍ നിന്നു ഇറങ്ങി ചെന്നു.....രണ്ടു പോലീസുകാരും കൂടി ഓരോരുത്തരെ ആയി ചെക്ക് ചെയ്യാന്‍ തുടങ്ങി......എന്റ്റെ അടുത്ത് നിന്നവരൊക്കെ ഇറങ്ങിയപ്പോള്‍ ഞാനും ഇറങ്ങി....


ആ കൊമ്പന്‍ മീശക്കാരന്റ്റെ മീശ കണ്ടതെ ഞാന്‍ കരയാന്‍ തുടങ്ങി


"സത്യായിട്ടും ഉമ്മച്ചി മരുന്ന് വാങ്ങാന്‍ തന്ന നൂറു ഉര്‍പ്യ മാത്രേ എന്റ്റെ കയ്യില്‍ ഉള്ളു സാറേ" ഞാന്‍ കരഞ്ഞു കൊണ്ട് പറഞ്ഞു ..


"അങ്ങോട്ട്‌ മാറി നിക്കെടാ ചെക്കാ, ഇവിടെ നിന്നു മോങ്ങാതെ " എന്ന് പറഞ്ഞു അയാള്‍ എന്നെ ചെക്ക് ചെയ്യാതെ മാറ്റി നിര്‍ത്തി..


എങ്കിലും ഞാന്‍ രണ്ടു കണ്ണും തിരുമി ഞാന്‍ കരഞ്ഞു കൊണ്ടിരുന്നു ...എന്റ്റെ കയ്യിലുള്ള കാശ് അവര് പിടിച്ചു വാങ്ങി എന്നെ ജയിലില്‍ ഇടുമോ എന്നായിരുന്നു എന്റ്റെ പേടി .....പക്ഷെ കുറച്ചു കഴിഞ്ഞില്ല,ആരോ ഒരു പേഴ്സ് താഴെ കിടക്കുന്നത് കണ്ടു പിടിച്ചു പോലീസുകാരെയും കണ്ടക്ടരെയും അറിയിച്ചു .....പോലീസുകാര്‍ ആ പേഴ്സ് അതിന്റ്റെ ഉടമസ്ഥന് തിരുച്ചു കൊടുത്തു...എന്നിട്ട് എല്ലാരോടും പോയ്‌കൊള്ളാന്‍ പറഞ്ഞു......ഞാന്‍ കരച്ചില് നിര്‍ത്തി അവിടുന്ന് എസ്കേപ്പ് അടിച്ചു......മരുന്നും വാങ്ങി വീട്ടില്‍ എത്തി .. പിന്നീട് ഒരിക്കലും ഞാന്‍ ഒറ്റയ്ക്ക് ബസ്സില്‍ യാത്ര ചെയ്യണം എന്ന് പറഞ്ഞു വാശി പിടിച്ചിട്ടില്ല ...


പാവം ഞാന്‍ !!!

########### **************************** ###########

No comments:

Post a Comment