Pages

Tuesday, January 10, 2012

ഫോട്ടോഷോപ്പ് ഒരു വല്ലാത്ത സംഭവമാ !!!!
ഇതെന്‍റെ ആത്മ സുഹൃത്തിനു പറ്റിയൊരു അമളിയാണ്‌...അത് കൊണ്ട് തന്നെ താഴെ പ്രതിപാദിച്ചിരിക്കുന്നത് ജീവിച്ചിരിക്കുന്നവരുമായോ മരിച്ചു പോയവരുമായോ യാതൊരു സാദൃശ്യമോ ഇല്ല ......വെറും സത്യം ശിവം സുന്ദരം

നാട്ടിലെ എല്ലാ കച്ചറകളും ഒക്കെ പയറ്റി നടന്ന എന്റ്റെ ആത്മാര്‍ത്ഥ സുഹൃത്തിനു അവസാനം ഗള്‍ഫിലോട്ടു വിസ കിട്ടി.....പത്താം ക്ലാസ്സില്‍ മൂന്നു തവണ പഠിച്ചു തന്നെ ജയിപ്പിക്കാന്‍ എസ് എസ് എല്‍ സിക്ക് കഴിയില്ലെന്നൊരു വെല്ലുവിളിയും ഓരോപാട് തല്ലിപൊളികളുടെ കൂടെ ക്ലാസില്‍ പോയ അനുഭവസമ്പത്തും ഉള്ള മഹാനായൊരു വിദ്യാര്‍ഥിനേതാവായിരുന്നു എന്റെ കൂട്ടുകാരന്‍ .....അത് കൊണ്ട് തന്നെ അവനു ഗള്‍ഫില്‍ മുന്തിയ ഒരു ജോലി കിട്ടാനും പ്രയാസമുണ്ടായില്ല..... സൂപ്പര്‍ മാര്‍ക്കറ്റില്‍ ബോയ്‌ അതായത് ട്രോളി തള്ളുന്ന മാനേജര്‍.....
നാട്ടില്‍ നിന്ന് എത്രയും പെട്ടന്ന് അവന്റ്റെ ശല്യം തീര്‍ന്നു കിട്ടും എന്ന പ്രതീക്ഷയില്‍ അവന്റ്റെ വീട്ടുകാര് വിസ കിട്ടി ഒരാഴ്ച ടൈമില്‍ ടിക്കറ്റ്‌ എടുത്തു കൊടുത്തു......അല്ലെങ്കിലും നാട്ടിലെ തെണ്ടിപിള്ളേരുമായി (സോറി ,ആ പറഞ്ഞത് ഞാനടങ്ങുന്ന ഗാങ്ങിനെ ഉദ്ദേശിച്ചല്ല ...സത്യം ) അവന്റെ കമ്പനി കാരണം വീട്ടുകാര് അത്രയ്ക്ക് സഹിച്ചിട്ടുണ്ട് ....ഒരാഴ്ചത്തെ സമയം കൊണ്ട് ഒരു വിധം പറയാനുള്ള എല്ലാരോടും യാത്ര പറഞ്ഞു, ചെയ്യാവുന്ന വിക്രിയകള്‍ ഒക്കെ കാട്ടി കൂട്ടി അവന്‍ അങ്ങിനെ ഞങ്ങളെ വിട്ടു പോയി

ഇനി കക്ഷിയെ കുറിച്ച് ഒരു ക്ലൂ തരാം..... വെളുത്തു മെലിഞ്ഞു സുന്ദരനാണെന്റ്റെ സുഹൃത്ത്‌ .... സ്കൂളില്‍ പോയിരുന്നു എന്ന് പറയുന്നതാവും പഠിച്ചിരുന്നു എന്ന് പറയുന്നതിലും അര്‍ത്ഥവത്താവുക... നിറയെ പൊട്ടത്തരങ്ങള്‍ എഴുന്നള്ളിക്കുന്നതില്‍ കേമനായിരുന്നത് കൊണ്ട് ഞങ്ങള് ഫ്രണ്ട്സ് അവന്റെ കമ്പനി എന്നും ഇഷ്ടപെട്ടിരുന്നു.....മാത്രമല്ല എന്തൊക്കെ പൊട്ടത്തരങ്ങള്‍ എഴുന്നള്ളിക്കുമെങ്കിലും അവന്‍ ആള് അടിപൊളി ആണ്.....പെണ്പിള്ളേരെ വളക്കാനുള്ള അവന്റ്റെ കഴിവും അപാരം തന്നെ..... പനി പിടിച്ചു അഞ്ച് ദിവസം ഹോസ്പിറ്റലില്‍ കെടന്ന ആള് ചികില്‍സിക്കാന്‍ വന്നിരുന്ന സിസ്റ്റെരുടെ കയ്യീന്ന് അയ്യായിരം വാങ്ങിയാണ് ഡിസ്ചാര്‍ജ് ചെയ്തത് എന്ന് പറയുമ്പോള്‍ അങ്ങേരെ കുറിച്ച് അധികം പറയണ്ടല്ലോ അല്ലെ .....

അങ്ങിനെ ഗള്‍ഫില്‍ എത്തി.....കഷ്ടപാടാണ് ....ബുദ്ധിമുട്ടാണ്....ജനിച്ചു മേലെനങ്ങാത്തവനു അല്ലെങ്ങിലും പണി അലെര്‍ജി ആണല്ലോ.....ഫയര്‍ ആന്‍ഡ്‌ ലാവ്ലിയില്‍ കുളിച്ചു പുറത്തിറങ്ങുന്നവന് പൊടി പറ്റില്ലല്ലോ...അങ്ങിനെ തന്നെയായി എന്റെ സുഹൃത്തിനും ....റേഷന്‍ കടയില്‍ നിന്ന് രണ്ടു കിലോ അരി തൂക്കി കൊണ്ട് വരാത്തവന് ചാക്ക് കണക്കിന് സാധനങ്ങള്‍ തലയിലേറ്റെണ്ടി വന്നു .....പാവം ....വിസ കണ്ടുപിടിച്ചവന്റെ തന്തക്ക് വിളിക്കുകയല്ലാതെ നിവര്‍ത്തി ഒന്നുമില്ലാതെയായി ....

എന്തായാലും വളരെ കഷ്ട്ടപെട്ടു രണ്ടു കൊല്ലം കഴിഞ്ഞു കിട്ടി .... അവന്‍ ലീവിനു നാട്ടില്‍ വന്നു....ഇച്ചിരി തടിവെച്ചതല്ലാതെ വല്യേ മാറ്റമൊന്നുമില്ല......രണ്ടു ദിവസം കൊണ്ട് ഗള്‍ഫുകാര് വീട്ടില്‍ വന്നാലുണ്ടാവുന്ന സ്ഥിരം ഷോ ഒക്കെ കഴിഞ്ഞു അവന്‍ ഞങ്ങടെ ഗാങ്ങില്‍ സ്ഥിരമാവാന്‍ തുടങ്ങി.....മാറ്റമൊന്നുമില്ല അവനു..... പക്ഷെ മൊബൈലില്‍ കുറുക്കം കൂടിയോ എന്നൊരു സംശയം....അവനെ ഒറ്റയ്ക്ക് കിട്ടിയപ്പോ നേരിട്ട് ചോദിച്ചു....അളിയാ ഏതാടാ പുതിയ ലൈന്‍ ?? ....പഴയ നേഴ്സൊ അതോ വേറെ ചെല്ലകിളികള്‍ വല്ലതും ?? ....ആത്മാര്‍ത്ഥസുഹൃത്തിനോട് ഒന്നും ഒളിച്ചു വെക്കാന്‍ പാടില്ലെന്ന നാട്ടുനടപ്പ് വെച്ച് അവസാനം ലവന്‍ കാര്യം പറഞ്ഞു ....ഗള്‍ഫില്‍ പോകുന്നതിനു നാല് ദിവസം മുന്നേ തെറ്റി വന്ന ഒരു മിസ്സ്‌ കാള്‍ ആണ്.....പിന്നെ ഫ്രണ്ട്സ് ആയി...സംഗതി കുറച്ചു കൂടി കേറി പിടിച്ചപ്പോള്‍ ഇപ്പൊ ലൈനും.....ഹ്മ്മം അവനെ അറിയാവുന്നത് കൊണ്ട് എനിക്ക് സംശയമോ ഉണ്ടാര്‍ന്നില്ല......ഇരയുള്ള ചൂണ്ടയില്‍ മീന്‍ കൊത്തുന്നതില്‍ എന്തത്ഭുതം !!! ....
"കൊച്ച് എങ്ങിനെയുണ്ടളിയാ" എന്നായി എന്‍റ്റെ ചോദ്യം.....അപ്പൊ അവന്‍ പഴ്സില്‍ നിന്നൊരു ഫോട്ടോ എടുത്തു കാണിച്ചു..... ഉം ..കുഴപ്പമില്ല....തരക്കെടില്ലാത്തൊരു സുന്ദരി ...
അപ്പൊ ഇനിയെന്താടാ പ്ലാന്‍ ???.
അടുത്ത ശനിയാഴ്ച കാണാന്‍ പോകുന്നുണ്ട്....നേരിട്ട് കണ്ടു ഇടപഴകിയാലെ കാര്യങ്ങള്‍ക്ക് ഒരു ഉഷാറു വരൂ ഡാ ......
അതും പറഞ്ഞു "നീ പോരുന്നോ "‌ എന്ന് എന്നോട് ചോദിച്ചപോ എന്തായാലും പോയി കാണാലോ എന്ന് വിചാരിച്ചു ഞാനും റെഡി പറഞ്ഞു....
ശനിയാഴ്ച ഞാന്‍ നേരത്തെ തന്നെ റെഡി ആയി അവന്റ്റെ വീട്ടില്‍ ചെന്നു ....അവനും റെഡി ആയിട്ടുണ്ട്.....ഞങ്ങള് രണ്ടു പേരും സുന്ദരകുട്ടപന്മാരായി(ഞാന്‍ പണ്ടേ അങ്ങിനെ തന്നെയാണ്, ഇന്ന് ചെറുതായി ഒരു ടച്ചിംഗ് ചെയ്തു, അത്രേ ഉള്ളു ) ഇറങ്ങാന്‍ നേരത്താണ് അവന്റ്റെ അളിയന്‍ വന്നുകയറിയത്...എങ്ങോട്ടാ എന്ന് ചോദിച്ചപ്പോള്‍ കണ്ണൂര് ഒരു ഫ്രെന്റ്റിനെ കാണാന്‍ എന്ന് അവന്‍ പറഞ്ഞു...എങ്കില്‍ പിന്നെ ഞാനും ഉണ്ടെന്നായി അളിയന്‍.....അളിയന് കോഴികോട് ഒരാളെ കാണേണ്ട ആവശ്യവും ഉണ്ടത്രേ .....ഞങ്ങളുടെ കൂടെ ആവുമ്പോള്‍ കമ്പനിയും ആയല്ലോ ......ഞങ്ങള് ഒരു നൂറു ഒഴിവു കഴിവ് പറഞ്ഞെങ്കിലും അളിയന്‍ വിട്ടില്ല, കാര്‍ എടുത്തു പോവാം എന്ന് പറഞ്ഞു.....അവസാനം രക്ഷയില്ല എന്ന് കണ്ടപ്പോള്‍ അവന്‍ ആരോടും പറയില്ല എന്ന ഉറപ്പിന്മേല്‍ കാര്യം പറഞ്ഞു......അതിനെന്താ...നല്ല കുട്ടിയാണ് എങ്കില്‍ നമ്മുക്ക് നോക്കാം എന്നായി അളിയന്‍......ഇതൊക്കെ അളിയന്മാരുടെ കടമയാണത്രേ !!!

അങ്ങിനെ തൃശ്ശൂര്‍ നിന്ന് ഞങ്ങള് മൂന്ന് പേരും കൂടി പത്തു നൂറ്റി അമ്പതു കിലോമീറ്റര്‍ ദൂരെ ഉള്ള കണ്ണൂര്‍ അവളെ കാണാന്‍ എത്തി.....ഇടക്ക്‌ അവള് വിളിച്ചുസ്ഥലവും അവിടെ ഒരു ഐസ് ക്രീം പാര്‍ലറും പറഞ്ഞു തന്നു....അവിടെ വെച്ച് കാണാം എന്നും പറഞ്ഞു...അവനോടു തനിയെ ചെല്ലാനാണ് അവള്‍ പറഞ്ഞിരിക്കുന്നത് ......അവനാണെങ്കില്‍ അത് മാറ്റിപറഞ്ഞിട്ടുമില്ല......അതോണ്ട് തന്നെ ഞങ്ങള്‍ ഐസ് ക്രീം പാര്‍ലര്‍ എത്തിയപ്പോള്‍ ഞാനും അളിയനും വേറെ ഇരുന്നു....നമ്മടെ(സോറി അവന്റെ) കക്ഷിയെ കാത്തു അവന്‍ ഒറ്റക്കും ....ഒരു പത്തു മിനിറ്റ് കഴിഞ്ഞപോ ഒരു പെണ്‍കുട്ടി വന്നു.....
അമ്മേഏഏഏഏഏഏഏഏഏഏഏഏഏഏ ....ഞാന്‍ അറിയാതെ വിളിച്ചു പോയി.....ഫോട്ടോയില്‍ കണ്ടതിന്റ്റെ കാര്‍ബണ്‍ കോപ്പി.....വായ തുറന്നപോള്‍ കട്ടപല്ലും .......ശ്യോ..എന്തൊരു പെണ്ണാ ഇത്......ചിരിയാണോ കരച്ചിലാണോ വന്നത് എന്നറിയാത്ത ഒരവസ്ഥ !!!
ഞാന്‍ അളിയനെ നോക്കി.....ഇത്രയും ദയനീയമായി ഇതിനു മുന്നേ ( ശേഷവും ) ഞാനവന്റ്റെ അളിയനെ കണ്ടിട്ടില്ല.....
എന്റെ മാന്യസുഹൃത്തിന്റെ അവസ്ഥയും വ്യത്യസ്തമായിരുന്നില്ല .....എങ്കിലും അവനത് മുഖത്തു കാണിച്ചില്ല .....അവനോട്‌ അവള്‍ എന്തോ സംസാരിച്ചു.....ഞങ്ങള്‍ തമ്മിലുള്ള ദൂരം അത് കേള്‍ക്കുന്നതില്‍ നിന്ന് ഞങ്ങളെ അകറ്റി.....അവര് ഓരോ ഐസ് ക്രീം കഴികുന്നത് കണ്ടു....ഞങ്ങള്‍ ഓരോ ജൂസും കുടിച്ചു...അവരൊരു ഇരുപതു മിനുറ്റ് സംസാരിച്ചു കാണും .....സത്യം പറഞ്ഞാല്‍ ഞങ്ങള്‍ക്ക് രണ്ടു പേര്‍ക്കും അവനെ തിന്നാന്‍ ഉള്ള ദേഷ്യം വരുന്നുണ്ടായിരുന്നു.....അവസാനം ഞാന്‍ കയ്യും കണ്ണും കാണിച്ചു അവനൊരു സിഗ്നല്‍ കൊടുത്തു.....അവന്‍ യാത്ര പറഞ്ഞു...അവളെറങ്ങി പോയി......അളിയന്‍ ഉള്ളത് കൊണ്ട് ഞാന്‍ ഒന്നും ചോദിച്ചില്ല......അവന്‍ തന്നെ ഞങ്ങടെ അടുത്ത് വന്നു " പെട്ട് അളിയാ, ഇങ്ങനെ ഒരബദ്ധം പ്രതീക്ഷിച്ചില്ല " എന്ന് പറഞ്ഞു....അളിയന്‍ അവനോടു
ഒരക്ഷരം പറഞ്ഞില്ല.....പക്ഷെ ഞാന്‍ ചിരിച്ചു..... പൊട്ടി പൊട്ടി ചിരിച്ചു
....അപ്പൊ അവന്റ്റെ മുഖത്ത് രണ്ടു വര്‍ഷം അവള്‍ക്ക് വിളിച്ചു നഷ്ടപെടുത്തിയ കാശിന്റെയും നെയ്തു കൂടിയ്യ നഷ്ടസ്വപ്നങ്ങളുടെയും ബാക്കിപത്രം എനിക്ക് വായിക്കാന്‍ പറ്റി......തിരിച്ചു വരുമ്പോള്‍ ഞങ്ങള് അധികം മിണ്ടിയില്ല.....അവന്‍ ആകെ സങ്കടത്തില്‍ ആണെന്ന് ഞങ്ങള്‍ക്ക് അറിയാമായിരുന്നു ....കുറച്ചു കഴിഞ്ഞു അവന്‍ പേഴ്സില്‍ നിന്ന് അവളുടെ ഫോട്ടോ എടുത്തു കീറി വെളിയില്‍ കളയുന്നത് കണ്ടു .....അത് കണ്ട ഞങ്ങള്‍ രണ്ടു പേരും ചിരിയടക്കാന്‍ പാട് പെടുകയായിരുന്നു ....

അന്നെനിക്കൊരു കാര്യം മനസ്സിലായി .....ഫോട്ടോ കണ്ടു ആരെയും ഇഷ്ട്ടമായി എന്ന് പറയരുത് ...കാരണം ഫോട്ടോഷോപ്പ് ഒരു വല്ലാത്ത സംഭവമാ !!!!

Monday, January 9, 2012

എന്റെ പെണ്ണുകാണല്‍ വിശേഷങ്ങള്‍
ഇതെന്റ്റെ കഥയാണ്‌.... ഇതിലെ കഥാപാത്രങ്ങള്‍ അത് കൊണ്ട് തന്നെ തീര്‍ച്ചയായും ജീവിക്കുന്നവരും, വായിക്കുന്നവരില്‍ പലരും കണ്ടുമുട്ടാനും സാധ്യത ഉള്ളവരുമാണ്‌ ....നായകന്‍ ഞാന്‍ തന്നെയെന്ന്‌ അവകാശപെടണം എന്നുണ്ടെങ്കിലും സാഹചര്യം എന്നെ വില്ലനാക്കി എന്ന് ഉണര്ത്തട്ടെ...

ഈ സംഭവകഥയിലെ കഥാപാത്രങ്ങളെ കുറിച്ച് പറയാം......എന്റ്റെ മാമ്മിമാരും മാമനും(മൂത്ത മാമ്മീടെ കെട്ട്യോന്‍ ) ഞാനും പിന്നെ എന്റ്റെ സങ്കല്‍പ്പത്തിലെ പെണ്‍കുട്ടി .....എന്റ്റെ ഉപ്പാടെ താഴെ ഉള്ള രണ്ടു പെങ്ങന്മാരെ "മാമ്മി" എന്നാണ് വിളികാറ്...സ്ഥാനം കൊണ്ടേ അമ്മായി ആവുന്നുള്ളൂ.....കര്‍മ്മം കൊണ്ട് എന്റെ ഏറ്റവും അടുത്ത കൂട്ടുകാരും ദുനിയാവിലെ തന്നെ എന്റ്റെ ഏറ്റവും വല്യേ പാരകളും ആണ് കക്ഷികള്‍....അതില് മൂത്ത കക്ഷി ആണ് ഈ കഥയുടെ സൂത്രധാര....ഐ മീന്‍ ദി ത്രെഡ്മേക്കര്‍ ഓഫ്‌ ദിസ്‌ സ്റ്റോറി....
ഞാന്‍ കുട്ടിയായിരുന്നപ്പോള്‍ അങ്ങേരാണ്‌ എന്നെ നോക്കിയതെന്നും അങ്ങേരുടെ മടിയില്‍ ആണ് ഞാന്‍ വളര്‍ന്നതെന്നുമാണ് പഴയ കുടുംബ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നതു.......... മാത്രമല്ല അവരുടെ ഫസ്റ്റ് നൈറ്റിനു അവരുടെ അടുത്ത് നിന്ന് മാറി കിടക്കാന്‍ സമ്മതിക്കാതെ, മാമ്മീടെ അടുത്ത് കിടക്കാന്‍ വേണ്ടി ഞാന്‍ കരഞ്ഞു ബഹളമുണ്ടാക്കി എന്നും പണ്ട് മുതലേ ഞാന്‍ മാമ്മിയോടു ഓവര്‍അറ്റാച്ച്ഡ് ആണെന്നും മാമ്മി തന്നെ എന്റ്റെ സുഹൃത്തുക്കള്‍ വീട്ടില്‍ വരുമ്പോള്‍ വിളിച്ചു പറയും......എന്നെ നാണം കെടുത്താന്‍ വേണ്ടി മാത്രം...ഒരു തരം റാഗിംഗ് തന്നെ.....പക്ഷെ ഈ റാഗിംഗ് ഒരു തുടര്‍കഥ ആയപ്പോള്‍ പിന്നെ ഞാനും ഇതിനു മറുപടി പറയാന്‍ തുടങ്ങി " നിങ്ങളെന്തുവാ ചെയ്യുന്നേ എന്ന് അറിയാന്‍ വേണ്ടി ഞാന്‍ മനപ്പൂര്‍വം വാശി പിടിച്ചതാന്നു.....നിങ്ങളുടെ കൈയ്യിലിരിപ്പ്‌ എന്താന്നു ഞാനും കൂടി അറിയണമല്ലോ" അങ്ങിനെയോക്കെയായി എന്റെ മറുപടി ....... പിന്നെ അങ്ങേരു വലുതായൊന്നും മിണ്ടാറില്ല....അല്ലെങ്കിലും നമ്മള് താഴ്ന്നു കൊടുക്കുമ്പോള്‍ ആരും തലയില്‍ കേറും.....ഇതൊരു പൊതുതത്വം ആണല്ലോ.... ...ഇനി രണ്ടാമത്തെ മാമ്മി...അങ്ങേരു കാര്യമായി സ്നേഹമൊക്കെ ആണെങ്ങിലും എന്നെ പാര വെക്കാനുള്ള ഒരു ചാന്‍സും മിസ്സ്‌ ചെയ്യാറില്ല......ഒരു തരം supportive പാര എന്ന് പറയാം .......കുടുംബത്തിലെ എന്തെങ്കിലും പ്രത്യേക അവസരങ്ങളില്‍ എന്നെ തേജോവധം ചെയ്യാന്‍ വേറെ ആള്‍കാരെ ഇറകേണ്ട ആവശ്യമില്ലെന്നു ഇനി പ്രത്യേകം ഉണര്‍ത്തേണ്ട കാര്യമില്ലല്ലോ അല്ലെ ....

......ഇനി കഥയിലേക്ക്......

രണ്ടു വര്‍ഷത്തെ ബഹ്‌റൈന്‍ പ്രവാസ ജീവിതം കഴിഞ്ഞു ഞാന്‍ നാട്ടില്‍ എത്തിയ സമയത്താണ് എന്റ്റെ മൂത്ത മാമ്മീടെ(അമ്മായി ) മോന്‍ അഥവാ എന്റ്റെ മച്ചുനന്റ്റെ കല്യാണം ഉറപ്പിച്ചത്.....അവനാണെങ്കില്‍ എന്റ്റെ അനിയത്തിയുടെ പ്രായമാണ്......മൊട്ടേന്നു വിരിഞ്ഞിരങ്ങുന്നതിനു മുന്നേ ചെക്കന് കെട്ടു പോലും !!!.......

എന്തായാലും അവന്‍ കാരണം ഞാന്‍ ഇങ്ങനെ വായനോക്കിയും പഞ്ചാരയടിച്ചും നടക്കാതെ ഒരു കല്യാണത്തെ കുറിച്ചൊക്കെ ചിന്തിക്കാന്‍ സമയമായി എന്ന് കണ്ടു മുട്ടുന്ന ഒട്ടുമിക്ക പേരും എന്നോട് പറഞ്ഞു.......പക്ഷെ ഇത്ര ചെറുപ്പത്തിലെ കല്യാണം കഴിച്ചു, കുട്ടികള്‍ ആയി കുടുംബം, പ്രാരാബ്തം എന്നൊക്കെ പറഞ്ഞു....അയ്യേ നാണക്കേട്‌!!! അത് പറഞ്ഞപ്പോഴേ എനിക്ക് തമാശയായി തോന്നി....മാത്രമല്ല എന്റ്റെ മച്ചുനനെ പിടിച്ചു കുരുക്കിട്ടതിനെ ഞാന്‍ അപലപിച്ചു .....അതിനു ഉത്തരവാദിയായ മാമ്മിയെയും മാമ്മനെയും കുറെ കളിയാക്കി....മാമ്മിക്കുള്ള അടിവര പോല്ലേ "ഞാനിങ്ങനെ ഒക്കെ കുറച്ചു കൂടി കാലം വായ നോക്കി അടിച്ചുപൊളിച്ചു നടന്നോളാമേ" എന്നും പറഞ്ഞു ...
പക്ഷേ മാമ്മിമാര് രണ്ടു പേരും കൂടി എനിക്ക് കല്യാണ പ്രായം ആയി എന്ന് ഔദ്യോകികമായി തന്നെ പ്രഖ്യാപിച്ചു ....പക്ഷെ ഞാന്‍ പിടി കൊടുത്തില്ല....നമ്മളോടാ കളി..... ഞാന്‍ മുങ്ങി നടന്നു....പിന്നെ എന്റ്റെ ലീവ് കഴിഞ്ഞപ്പോള്‍ ഗള്‍ഫിലോട്ട് തിരിച്ചു പോന്നു....

6 - 7 മാസം കഴിഞ്ഞപ്പോള്‍ എന്റ്റെ മൂത്ത മാമ്മീടെ ഭര്‍ത്താവ് അഥവാ എന്റ്റെ മാമ്മന്‍, എന്റ്റെ മറ്റു മാമ്മന്മാര്‍‍, കസിന്‍ അങ്ങിനെ ഒരു ടീം തന്നെ ലീവിനു നാട്ടില്‍ വന്നു....എല്ലാരും നാട്ടില്‍ എത്തി ഒരാഴ്ച കഴിഞ്ഞപ്പോള്‍ ഞാനും ഒരു 10 ദിവസത്തിന്റ്റെ ലീവിനു നാട്ടില്‍ വന്നു (അര്ബാബിനോട് കരഞ്ഞു വാങ്ങിച്ചു...എനിക്ക് കൂടെ പിറക്കാതെപോയ എന്റെ ഇക്ക വീണ്ടും വണ്ടിയിച്ചു ആശുപത്രിയില്‍ ആയി)....എല്ലാരും നാട്ടില്‍ പോയാല്‍ ഞാന്‍ മാത്രമെങ്ങിനാ ....എന്താ എനിക്കുമില്ലേ ആഗ്രഹങ്ങള്‍ ...അടിച്ചുപൊളിയെന്കില്‍ അടിച്ചുപൊളി തന്നെ !!!

നാട്ടില്‍ വന്നതും മാമ്മിമാരും മാമ്മനും കൂടി പഴയ കാര്യം വീണ്ടും കുത്തി പൊക്കി.....എന്റ്റെ കല്യാണകാര്യം....ഇനിയിപ്പോ കല്യാണം കഴിക്കുന്നില്ലെങ്കില്‍ കൂടി ഒരു പെണ്ണ് ഉറപിച്ചിട്ടു പോയി അടുത്ത ലീവിനു കെട്ടാം എന്നൊരു പുതിയ ആശയം കൂടി അവതരിപ്പിച്ചു അവര്‍...എന്നാല്‍ പിന്നെ ആ പരിപാടി തരക്കേടില്ലെന്നു എനിക്കും തോന്നി ...അതിന്റെ ആലോചനകള്‍ ചെറിയ രീതിയില്‍ ആരംഭിക്കുകയും ചെയ്തു,

പിന്നെ ദിവസം മാമ്മീടെ വീട്ടില്‍ കേറി ചെന്നപ്പോള്‍ മാമ്മ എന്നോട് അവരു എല്ലാരും കൂടി വൈകീട്ട് മാമന്റ്റെ കൂട്ടുകാരന്റ്റെ (അങ്ങേരുംപ്രവാസി, ലീവില്‍ ആണ് ) വീട്ടില്‍ പോകുന്നുണ്ട് എന്നും എന്നോടും കൂടെ ചെല്ലാനും പറഞ്ഞു.....:ഏയ്‌ ഞാനൊന്നുമില്ല; അല്ലെങ്കിലെ നിന്ന് തിരിയാന്‍ നേരമില്ല" എന്ന് മാമ്മാട് പറഞ്ഞു ഞാന്‍ അടുകളയില്‍ കേറി ചെന്നു....അവിടെ എന്റ്റെ രണ്ടു മാമ്മിമാരും നിന്ന് വര്‍ത്തമാനം പറയുക ആയിരുന്നു....എന്നെ കണ്ടതും മൂത്ത മാമ്മി പറഞ്ഞു " ഡാ വാടാ, ചെക്കാ , മാമാടെ കൂട്ടുകാരന്റ്റെ വീട്ടിലോട്ടാണ് ....ഞങ്ങള്‍ മൂന്ന് പേരും നീയും കുട്ടികളും മാത്രേ ഉള്ളോ...വെറുതെ പോയിട്ട് വരാം ......പിന്നെ മാമ്മാന്റ്റെ കൂട്ടുകാരന് പ്ലസ്‌ ടുവിനു പഠിക്കുന്നൊരു മോള്‍ ഉണ്ട്...അവളെയും കാണാം.....നിനക്ക് ഇഷ്ടമാവുകയനെന്കില്‍ നമുക്ക് ഫോര്‍വേഡ് ചെയ്യാം.....പെണ്ണ് കാണല്‍ ആയിട്ടൊന്നും വേണ്ട, ഞങ്ങളുടെ കൂടെ വരുമ്പോള്‍ വെറുതെ കാണാല്ലോ, " മാമ്മി ഇത്രയും പറഞ്ഞപ്പോള്‍ അതൊരു നൂനത ആശയം ആയി എനിക്ക് തോന്നി ...പെണ്ണ് കാണല്‍ അല്ലാതൊരു പെണ്ണ് കാണല്‍ ...ഹ്മം കൊള്ളാം.....ഇഷ്ട്ടപെട്ടു എങ്കില്‍അടുത്ത തവണ വന്നു കെട്ടാല്ലോ, 6 മാസം പഞ്ചാര അടികുവേം ചെയ്യാം....good idea....എവിടെ നിന്നോ മണിയടി ശബ്ദം കെട്ടു ....പക്ഷെ ബള്‍ബ്‌ കത്തുന്നതിനു പകരം ഉള്ള കറന്റ്‌ പോയി ...

പക്ഷേ എന്റ്റെ ഊതി വീര്പിച്ച മാനം സംരക്ഷിക്കാം വേണ്ടി ഞാന്‍ ഇല്ല എന്ന് പറഞ്ഞു ( അവരു നിര്‍ബന്ധിക്കും എന്ന് ഉറപ്പുള്ളത് കൊണ്ട് )......അവസാനം അവരുടെ നിര്‍ബന്ധത്തിനു വഴങ്ങിയെന്ന പോലെ ഞാന്‍ സമ്മധിച്ചു .....(നിര്‍ബന്ധിചില്ലെങ്കില്‍ ഞാന്‍ പെട്ട് പോയെന്നെ )

വൈകുന്നേരം മാമ്മ വിളിച്ചു വണ്ടി ഇപ്പൊ വരും എന്നും, അത് കൊണ്ട് എന്നോട് വേഗം ഒരുങ്ങി വരാന്‍ പറഞ്ഞു.....ഞാന്‍ ആണെങ്കില്‍ ജീവിതത്തില്‍ ആദ്യമായി ഒരു പെണ്ണ് കാണാന്‍ പോകുകയല്ലേ......അടി പൊളി ആയി തന്നെ പോണം(മനസ്സില്‍ കണക്കു കൂട്ടി)......ഞാന്‍ എന്റ്റെ പുതിയ shirts ഒക്കെ എടുത്തു , മാറി മാറി ഇട്ടു നോക്കി..........ഇട്ടതു തന്നെ വീണ്ടും വീണ്ടും ഇട്ടു നോക്കി ......ഏയ്‌.... ഒന്നും മനസ്സിന് പിടിക്കുന്നില്ല......അല്ലെങ്കിലും ആവശ്യത്തിന് ഒരു പീറ്റര്‍ ഇംഗ്ലണ്ടും ഉപകരിക്കില്ലല്ലോ....ഇപ്പൊ പോയി വേറെ ഷര്‍ട്ട്‌ എടുകാനാനെകില്‍ നേരവും ഇല്ല.....ഞാനാകെ ടെന്‍ഷന്‍ ആയി...ഇനിയെന്ത് ചെയ്യും??? കുടുങ്ങീല്ലോ പടച്ചോനെ എന്ന് വിചാരിച്ചു നില്‍കുന്ന നേരത്താണ് അനിയന്ട്ടെ പുതിയ ഷര്‍ട്ട്‌ ആങ്കരില്‍ കിടന്നു മൈക്കല്‍ ജാക്സന് പഠിക്കുന്നത് കണ്ടത്....പുത്തന്‍ പുതിയത്.....നല്ല കളര്‍ഫുള്‍ ഡിസൈനും ....അവന്‍ എടുത്തു കൊണ്ട് വന്നിട്ടേ ഉള്ളോ....ഇട്ടിട്ടില്ല ....
അതെടുക്കണോ???.....ഗള്‍ഫില്‍ പോയി വന്നിട്ടും ഇക്ക decent ആയില്ല എന്ന് അവനു തോന്നിയാല്ലോ....വേണോ വേണ്ടേ എന്നാ സംശയം ബാക്കിയായി.....അവസാനം ഇച്ചിരി മോശമായാലും സാരമില്ല, അനിയന്റെ മുന്നില്‍ അല്ലെ ....ഇതും കൂട്ടി അവന്‍ എന്നെ മൊത്തം കഞ്ഞി എന്ന് വിച്ചാരിചോട്ടെ...ആപത്തു നേരത്ത് നാണകേട്‌ വിചാരിച്ചിട്ട് കാര്യമില്ല എന്ന് വെച്ച് അതങ്ങ് എടുത്തു ഇട്ടു.....ഉമ്മാനോട് മാമ്മാടെ കൂടെ പോവാനാന്നെന്നു പറഞ്ഞു പുതിയൊരു മുണ്ടും വാങ്ങി....പെണ്ണ് കാണളിന്റ്റെ കാര്യമൊന്നും വീട്ടില്‍ പറഞ്ഞില്ലെങ്കില്‍ കൂടി എന്റ്റെ dressing കണ്ടപ്പോള്‍ ഉമ്മാക്കും അനിയത്തിക്കും ഇച്ചിരി പന്തികേടു തോന്നിയോ എന്ന് എനിക്ക് സംശയമായി...എങ്ങിനെ സംശയിക്കാതെ ഇരിക്കും....അമ്മാതിരി ആയിരുന്നു എന്റ്റെ പ്രകടനം....കപ്പകഷണം കണ്ട മൂഷികരാജന്‍ കണ്ടക്കെ ഞാന്‍ പൌഡര്‍ എടുക്കാന്‍ ഓടും....ഷര്‍ട്ട് എടുക്കാന്‍ ഓടും....മുണ്ട് എടുക്കാന്‍ ഓടും...പിന്നെ fair and lovely, hair jell, body spray, perfume etc etc................... ഇതൊക്കെ എടുക്കാന്‍ അങ്ങോട്ടും ഇങ്ങോട്ടും ഓട്ടമായിരുന്നു.....ഒരു ലേശം ഓവര്‍ ആണോ എന്ന് എനിക്ക് തന്നെ സംശയമായിരുന്നു.....അപ്പൊ വീട്ടുകാരുടെ കാര്യം പറയണ്ടല്ലോ അല്ലെ....

എന്തായാലും ഞാന്‍ ഒരു ഒന്ന് ഒന്നര മണിക്കൂറില്‍ ഒരുങ്ങി പിടിച്ചു മാമ്മാടെ വീട്ടില്‍ എത്തി..........അവരെല്ലാം ഒരു മണിക്കൂര്‍ മുന്നേ തന്നെ ഒരുങ്ങി പിടിച്ചു പോകാന്‍ തയ്യാറായി നിക്കുവാരുന്നു....വിളിച്ചു വരുത്തീതല്ലേ എന്നോര്‍ത്താവും, എന്റെ കൃത്യനിഷ്ട്ടതയെ അവരൊന്നും പറഞ്ഞില്ല........പറഞ്ഞാല്‍ കാണാര്‍ന്നു (അണ്ടി പോയ അണ്ണാനെ പോല്ലേ ഞാനവിടെ നിന്ന് പോയെന്നെ ) .....
ഞങ്ങള്‍ പുറപ്പെട്ടു....നിറയെ പ്രതീക്ഷകളും സ്വപ്നങ്ങളുമായി ഞാന്‍ മുന്നില്‍ തന്നെ ഇരുന്നു.....


ആദ്യമായി കാണാന്‍ പോകുന്ന പെണ്ണല്ലേ.......നല്ല കുട്ടി ആവണേ എന്ന് മനസ്സ് കൊണ്ട് പ്രാര്‍തിച്ചാണ് വീട്ടില്‍ നിന്ന് ഇറങ്ങിയത്‌ ......വണ്ടിയില്‍ കേറുമ്പോള്‍ തന്നെ " ആരാ ഇത് , പുത്യാപ്ല ചെക്കനോ ??" എന്നൊരു ചോദ്യം....രണ്ടാം ക്ലാസ്സില്‍ പഠിക്കുന്ന ചെറിയമാമ്മീടെ മോള്‍ ആണ് (പടച്ചോനെ, നീര്‍കോലിക്കും പത്തിയോ ??? ) ........."ഫെമി മോളെ, നിച്ചുക്ക ചെത്തായിട്ടില്ലേ " എന്ന് ഞാന്‍ തിരിച്ചു ചോദിച്ചു......"പിന്നെ ------- തകര്‍ത്തിട്ടുണ്ട് " അത് പക്ഷെ പറഞ്ഞത് ഫെമി മോള്‍ അല്ലെ, എന്റ്റെ മൂത്ത മാമ്മിയാ (എന്നെ ആക്കീതാണോ ??ആഹ്!! എന്തെല്ലും ആവട്ടെ )..........

ഇടയ്ക്കിടയ്ക്ക് രണ്ടു മാമ്മിമാരും അങ്ങോട്ടും ഇങ്ങോട്ടും നോക്കും.........വീണ്ടും എന്നെ ആകിയിട്ടാനോഓഓഓഓഓ എന്ന് എനിക്കൊരു സംശയം.....ഞാന്‍ അവരെ ശ്രദ്ധിക്കാതെ, മാമ്മാടെ അടുത്തിരുന്നു ഓരോ തമാശ പറഞ്ഞു കൊണ്ടിരുന്നു......പക്ഷെ ഞാനും മാമ്മിമാരും തമ്മില്‍ സംസാരിച്ചതും പെണ്ണ് കാണലിന്റ്റെ കാര്യവും ഒന്നും മാമ്മക്ക് അറിയില്ലായിരുന്നു........എങ്കില്‍ എല്ലാ വഴിക്കും എനിക്ക് പാര ആയെന്നെ !!!

അടിപൊളി ആയിട്ടുണ്ട് എന്നാണു മൊത്തത്തില്‍ ഉള്ള അഭിപ്രായം എങ്കിലും എനികെന്തോ മനസ്സമാധാനം കിട്ടില്ല...ഞാന്‍ ഇടയ്ക്കിടയ്ക്ക് വണ്ടിയുടെ ഗ്ലാസില്‍ എത്തി വലിഞ്ഞു നോക്കും.....അത് പിന്നെ ബാക്കിലിരിക്കുന്ന കാലമാടികള്‍ നോട്ടീസ് ചെയ്യുന്നുണ്ട് എന്ന് മനസ്സിലായപ്പോള്‍ വേണ്ട എന്ന് വെച്ചു ..." ഡാ നിച്ചു, ഷംസുക്കാക്ക് ഒരു മോളും മോനും ആണ്....പത്തില് പഠിക്കുന്ന ചെക്കനാണ് ...അവിടെ ചെന്ന് ആ ചെക്കന് ഒരു കമ്പനി കൊടുക്കണം കേട്ടോ " മാമ്മി എന്നോട് പറഞ്ഞു ....... ശെരി എന്ന് ഞാനും പറഞ്ഞു......(അളിയനെ സ്നേഹിക്കുന്ന നല്ലൊരു അളിയനല്ലേ ഞാന്‍ അളിയാ )

ഒരു മുക്കാല്‍ മണിക്കൂറില്‍ ഞങ്ങള്‍ അവിടെ എത്തി......മാമ്മ വിളിച്ചു പറഞ്ഞിരുന്നത് കൊണ്ട് ഷംസുക്ക അവിടെ വീട്ടു പടിക്കല്‍ തന്നെ ഉണ്ടായിരുന്നു.....നല്ല ഉയരത്തില്‍ തടിച്ചു വെളുത്തു ചെറുപ്പം തോന്നിക്കുന്ന സുന്ദരനായ ഒരാള്‍....... ഗള്‍ഫ്‌ഗേറ്റ് വിഗ് ഉപയോഗിക്കുന്നുണ്ടോ എന്ന എന്റ്റെ ന്യായമായ സംശയം ഞാന്‍ എന്റ്റെ കഴുകന്‍ കണ്ണുകള്‍ വെച്ച് സൂക്ഷിച്ചു നോക്കി ഇല്ല എന്ന അഭിപ്രായത്തില്‍ എത്തി....ഹ്മം....അമ്മായപ്പന്‍ കുഴപ്പമില്ല....ആരുടെ മുന്നിലും ഇതാണ് എന്റ്റെ അമ്മായപ്പന്‍ എന്ന് തലയുയര്‍ത്തി തന്നെ പറയാം......യു ആര്‍ വോക്കെ മിസ്റ്റര്‍ ഫാതര്‍ ഇന്‍ ലോ !!!

ഞങ്ങളെ എല്ലാം അങ്ങേരു സ്വീകരിച്ചു.....മറ്റുള്ള എല്ലാരേയും അങ്ങേരു അറിയും....അത് കൊണ്ട് തന്നെ എനിക്ക് നേരെ ഒരു ചോദ്യചിഹ്നം ഉയരും മുന്നേ എന്നെ മാമ്മന്‍ പരിചയപെടുത്തി .... " അളിയന്ട്ടെ മോനാ, നിച്ചു ; അബുധാബിയില്‍ തന്നെ ആണ്....ഞങ്ങള് നാട്ടില്‍ വന്നപ്പോള്‍ സമാധാനം ഇല്ലാതെ പത്തു ദിവസം ലീവ് എടുത്തു ഓടി പോന്നതാ... " വലുതായി പൊക്കി പറഞ്ഞില്ലെങ്കില്‍ കൂടി മാമ്മ എന്നെ മോശമല്ലാത്ത രീതിയില്‍ introduce ചെയ്തു.... ഒരു നൂറു രൂപ എടുത്തു മാമ്മാക്ക് (കൈമണി ) കൊടുക്കണം എന്ന് തോന്നി അപ്പോള്‍....."വാ, എല്ലാരും കേറി വാ" എന്ന് പറഞ്ഞു അങ്ങേരു എല്ലാരേയും വീട്ടിലോട്ടു ക്ഷണിച്ചു....ഞാനും മാമ്മയും മാമ്മാടെ രണ്ടു ചെക്കന്മാരും സിറ്റ്ഔട്ടില്‍ തന്നെ ഇരുന്നു...ഷംസുക്ക പെണ്ണുങ്ങളെ ഉള്ളില്‍ കൊണ്ടാകാന്‍ പോയി , ആ നേരം ഞാന്‍ എന്റ്റെ ഷര്‍ട്ടും മുണ്ടും ഒക്കെ ഒന്ന് നേരെയാക്കി, ചീപ്‌ എടുത്തു മുടി ചീന്തി......കുഴപ്പമില്ലെന്ന് എനിക്ക് തന്നെ തോന്നുന്ന സ്റ്റൈലില്‍ ഞാന്‍ വീടിന്റ്റെ ഉള്ളിലോട്ടു നോട്ടം കിട്ടുന്ന സ്ഥലത്ത് തന്നെ ഇരുന്നു......മാമ്മിമാരെ ഭാര്യയെ ഏല്പിച്ചു ഷംസുക്ക തിരിച്ചു വന്നു മാമ്മാടെ അടുത്ത് വന്നിരുന്നു മാമ്മാട് കത്തിയടി തുടങ്ങി......നാട്ടിലെ വിശേഷം , കുടുംബം, ഗള്‍ഫ്‌ കാര്യങ്ങള്‍ അങ്ങിനെ അങ്ങിനെ.....ഇടക്ക് നിര്‍ത്തി എന്നോടും ഓരോന്നൊക്കെ ചോദിച്ചു (എനിക്ക് bore അടികേണ്ട എന്ന പോലെ )....ഞാന്‍ വീടിന്റ്റെ ഉള്ളിലോട്ടു ഇടകിടക്ക് എത്തി നോക്കി....നമ്മുടെ കക്ഷി എങ്ങാനും അങ്ങോട്ടോ ഇങ്ങോട്ടോ പാസ്‌ ചെയ്യുന്നുണ്ടോ എന്നറിയാന്‍ വേണ്ടി......കുറച്ചു കഴിഞ്ഞപ്പോള്‍ അളിയന്‍ ചെക്കന്‍ വന്നു....അല്ലാഹ് !! നല്ല പൂവന്‍ പഴം പോലൊരു ചെക്കന്‍.........അവന്‍ പഠിക്കുക ആയിരുന്നത്രെ .....പഠികട്ടെ പഠിക്കട്ടെ ......അവന്‍ പഠിച്ചാല്‍ ഭാവിയില്‍ എനിക്കും ഉപകാരപെടും...(ഞാന്‍ മനസ്സില്‍ കരുതി )...അപ്പൊ അമ്മായപ്പനും അളിയനും ഓ കെ ...

അധികം താമസിച്ചില്ല ഒരു സ്ത്രീ വന്നു ചായ കുടിക്കാന്‍ വിളിച്ചു......ഇത് അമ്മായമ്മ തന്നെ......ഉയരം കുറഞ്ഞു വെളുത്തു സുന്ദരിയായ ഒരു സ്ത്രീ......ഷംസുക്കാടെ അത്രയ്ക്ക് കളര്‍ ഇല്ലെങ്ങിലും നല്ല മുഖശ്രീ ഉണ്ട്....അപ്പൊ അമ്മായമ്മ ഡബിള്‍ ഓ കെ.....( എല്ലാരും പ്രത്യക്ഷപെട്ടു ....എന്തെ നീ മാത്രം വന്നീല്ല?? ...... വരും വരാതിരിക്കില്ല )......ഭാര്യയുടെ ക്ഷണത്തിന് അനുപല്ലവി എന്ന പോലെ ഷംസുക്കയും ചായ കുടിക്കാന്‍ വരാന്‍ പറഞ്ഞു .... വിളിക്കേണ്ട താമസം ഞാന്‍ മാമ്മന്റ്റെ ചെക്കന്മാരെ വിളിച്ചു വീടിന്ന്റെ ഉള്ളില്‍ കേറി......കേറുന്ന വഴിയില്‍ എന്റ്റെ കുട്ടി അവിടെ എവിടെയെങ്കിലും ഉണ്ടോ എന്ന് തിരയാനും ഞാന്‍ മറന്നില്ല....ചായ കുടിക്കാന്‍ കേറിയപ്പോള്‍ അടുകളയിലോട്ടും അടുത്ത് കാണുന്ന മുറിയില്ലോട്ടും നോട്ടം കിട്ടുന്ന തരത്തില്‍ തന്നെ ഞാന്‍ ഇരുന്നു.,...(നമ്മളോടാ കളി...നിന്നെ കണ്ടിട്ടേ പെണ്ണെ ഞാനിന്നു പോകുന്നുള്ളൂ...ഹല്ലാ പിന്നെ ).......മാമ്മിമാരും കുട്ടികളും എല്ലാം വന്നിരുന്നു.....അവിടെ ഒക്കെ തിരഞ്ഞു നോക്കിയിട്ടും കുട്ടിയെ കണ്ടില്ല.... ഞാന്‍ മാമ്മിയെ നോക്കി കണ്ണ് കൊണ്ട് എവിടെ എന്റ്റെ ആള്‍ എന്ന അര്‍ത്ഥത്തില്‍ സിഗ്നല്‍ കൊടുത്തു.....മാമ്മി ഒന്ന് അടങ്ങു എന്നാ രീതിയില്‍ തിരിച്ചും ഒരു സിഗ്നല്‍ തന്നു.....(ഹ്മം ശെരി ....ഇപ്പൊ അടങ്ങി....പക്ഷെ എന്നെ അധിക നേരം അടക്കി നിര്‍ത്താമെന്ന് ആരും വിചാരികണ്ട)....ഞങ്ങള്‍ എല്ലാരും ചായ കുടിച്ചു എണീറ്റു....ചായ കുടിക്കുമ്പോഴും വാഷ്‌ ചെയ്യുമ്പോഴും പുറത്തോട്ടു നടക്കുമ്പോഴും എല്ലാം എന്റ്റെ കണ്ണ് ആ വീട്ടിന്‍റ്റെ കാണാവുന്ന മൂലകളില്‍ ഒക്കെ പരത്തി നടന്നു....എന്റ്റെ സ്വന്തം കുട്ടിയെ ഒരു നോക്ക് കാണാന്‍.....ദാസേട്ടന്റെ "താമസമെന്തേ വരുവാന്‍ " എന്ന ആ പഴയ പാട്ടിന്റെ വരികള്‍ എവിടെനിന്നോ കേള്‍ക്കുന്ന പോല്ലേ

ഞങ്ങള്‍ വീണ്ടും സിറ്റ് ഔട്ടില്‍ വന്നിരുന്നു....മാമ്മയും ശംസുക്കയും പഴയ ലാത്തി തുടര്‍ന്ന്.....മാമ്മ ഈ ലാത്തി കേള്‍കാനാണോ എന്നെ പിടിച്ചു കൊണ്ട് വന്നത് എന്ന് എനിക്ക് തോന്നി.....അകത്തോട്ടു കേറി പോയ ആ ദുഷ്ട്ടകള്‍ക്കാനെങ്കില്‍ ഇങ്ങനെ ഒരാളെ വിളിച്ചു കൊണ്ട് വന്നിട്ടുണ്ടെന്ന വിചാരമേ ഇല്ലെന്നു തോന്നുന്നു.......

അവസാനം കുറെ നേരം ഇരുന്നു ക്ഷമ നശിച്ച ഞാന്‍ മാമ്മാടെ ഇളയ കുട്ടിയെ കൂട്ടി ഫെമി മോളെ വിളികാനെന്ന പോല്ലേ വീടിന്റ്റെ ഉള്ളില്‍ കേറി അവിടെ ഒക്കെ തെരഞ്ഞു....ഒരു മുറിയില്‍ അളിയന്‍ ചെക്കനിരിന്നു ഗെയിം കളിക്കുന്നു.....ഹാള്ളില്‍ മാമ്മിമാരും അമ്മായമ്മയും ഇരുന്നു വര്‍ത്താനം പറയുന്നു.....എന്നെ കണ്ടതും ചെറിയ മാമ്മി ഒന്ന് ചിരിച്ചു....തുടര്‍ന്ന് വെല്യെ മാമ്മിയും....ഹ്മ്മം..."മാമ്മിക്ക് വീണ വായന എനിക്ക് പെണ്ണുകാണല്‍ വേദന എന്ന് പറയണ പോല്ലേ ആയല്ലോ പടച്ചോനെ...."ചിരിച്ചോ ചിരിച്ചോ ഈ പടി കടന്നാല്‍ കാണിച്ചു തരാം തെണ്ടി മാമ്മികളെ" ....ഞാന്‍ മനസ്സില്‍ കണക്കു കൂട്ടി......

ആ കുട്ടി ഈ വീട്ടില്‍ ഇല്ല എന്ന് എനിക്ക് ഏകദേശം ഉറപ്പായി.........വെല്ല ബന്ധുവീട്ടിലും പോയി കാണും.....ഛെ!! ഇവളെന്തു പണിയാ കാണിച്ചേ....മുയല് ഇറങ്ങിയപ്പോള്‍ പുലി കട്ടന്‍ ചായ കുടിക്കാന്‍ പോയി എന്ന് പറയണ പോല്ലേ ആയല്ലോ എന്റെ കാര്യം ......ഇവള്കെന്നെ കാത്തിരിക്കാമായിരുന്നില്ലേ.....എനിക്ക് വേണ്ടി ഒരു ജന്മം കാത്തിരികേണ്ടവള്‍ അല്ലെ അവള്‍ ???.....

എന്തായാലും ഇനി നിന്ന് തിരിഞ്ഞിട്ടു കാര്യമില്ല.....ഞാന്‍ മാമ്മിമാരോട് മാമ്മന്‍ വിളികുന്നുണ്ട് എന്ന് ചെന്നുപറഞ്ഞു....എന്നിട്ട് പുറത്തുവന്നു മാമ്മനോട് പോകാം എന്നും പറഞ്ഞു ഞാന്‍ പുറത്തെറങ്ങി നിന്നു......ക്ഷമ നശിച്ചവനെ പോലെ (സത്യത്തില്‍ അതൊക്കെ എപോഴോ നശിചിട്ടുണ്ടായിരുന്നു) .....ഒരു പത്തു മിനിട്ടില്‍ അവരെല്ലാം യാത്ര പറഞ്ഞു ഇറങ്ങി.....ഞാന്‍ പഴയത് പോലെ തന്നെ കാറില്‍ എന്റ്റെ സ്ഥാനം പിടിച്ചു......(മീന്‍ കൊട്ടയുടെ പിന്നാലെ വെറുതെ ഓടിയ പൂച്ചയെ പോലെ ആയിരുന്നു എന്റ്റെ അവസ്ഥ...മീനും ഇല്ല, മീന്കാരന്റ്റെ ചവിട്ടും കിട്ടി ..).....ആ കുട്ടി അവിടെ ഇല്ലെങ്കില്‍ പിന്നെ എന്തിനാ എന്നെ വിളിച്ചു കൊണ്ട് വന്നെ എന്ന് മാമ്മിമാരോട് ചോദികണം എന്നുണ്ടായിരുന്നു....പക്ഷെ മാമ്മാക്ക് ഒന്നുമറിയില്ലല്ലോ.....( ഇപ്പൊ എന്തെങ്കിലും സംസാരിച്ചാല്‍ മാമ്മ അറിയും ...മാമ്മ അറിഞ്ഞാല്‍ പിന്നെ ഗള്‍ഫ്‌ മുഴുവന്‍ അറിയും....എന്തിനാ ഗള്‍ഫ്‌ ന്യൂസിന് ഞാനായിട്ട് ഒരു കോമ്പിറ്റെറ്റരെ ഉണ്ടാകുന്നെ )..അത് കൊണ്ട് ഇപ്പൊ ചോദികണ്ട.....വേറെ രണ്ടു സ്ഥലത്ത് പോയി ഞങ്ങള്‍ തിരിച്ചു വന്നപ്പോള്‍ രാത്രിയായിരുന്നു.....അത് കൊണ്ട് ഞാന്‍ എന്റ്റെ വീട്ടു പടിക്കല്‍ ഇറങ്ങി....അവര് അവരുടെ വീടിലും....എന്തായാലും ആ കുട്ടി എങ്ങോട്ട് പോയി എന്ന് മാമ്മിമാരോട് ചോദിക്കാന്‍ പറ്റാത്തതില്‍ ഭയങ്കര നിരാശ ഉണ്ടായിരുന്നു.....
വീട്ടില്‍ ആണേല്‍ എന്റ്റെ പട്ടി ചന്തക്കു പോയതു പോലെ ആയ മുഖം കണ്ടപ്പോള്‍ അവര്‍ക്ക് എന്തോ അപാകത അനുഭവപെട്ടിട്ടുണ്ടാവും.....എങ്കിലും അവരൊന്നും ചോദിച്ചില്ല .....ഞാന്‍ ഭക്ഷണം കഴിച്ചു കിടന്നുറങ്ങി.....

കാലത്ത് ഞാന്‍ നേരത്തെ തന്നെ എണീറ്റ്‌ കുളിയും ചായ കുടിയുമൊക്കെ കഴിഞ്ഞു വേഗം മാമ്മിയുടെ വീട്ടിലോട്ടു ചെന്നു......രണ്ടു മാമ്മിമാരും ടേബിള്‍ഇന് ചുറ്റും ഇരുന്നു പത്തിരി പരത്തുന്നു........മാമ്മ തൊട്ടു തൊട്ടില്ല എന്നാ രീതിയില്‍ മാമ്മീടെ അടുത്തിരിക്കുന്നു.......ഞാന്‍ കേറി ചെന്നതും അവരൊക്കെ ചിരിക്കാന്‍ തുടങ്ങി.....എല്ലാരും പൊട്ടി ചിരിക്കുന്നു....കുട്ടികള്‍ അടക്കം....

ഹോ ദുഷ്ടകള്‍!!! എല്ലാരോടും പറഞ്ഞിട്ടുണ്ടാവും....പറഞ്ഞാല്‍ എനികെന്താ,.....എന്നെ പോല്ലേ സുന്ദരനും സുമുഗനും സല്‍സ്വഭാവിയും ആയ ആണ്‍ പിള്ളേര്‍ക്ക് കാണാന്‍ വേണ്ടിയല്ലേ ഈ നാട്ടിലെ പെണ്‍ കുട്ടികള്‍......ഞാന്‍ മനസ്സില്‍ കരുതി.....( ആ സിദ്ധാന്തം പക്ഷെ ആ നേരത്ത് അവിടെ അവതരിപ്പിച്ചാല്‍ മെഡിക്കല്‍ കോളേജില്‍ കുട്ടികള്‍ക്ക് പഠിക്കാന്‍ കൊണ്ട് വന്നിട്ട ശവത്തിനെക്കാള് കഷ്ടമാവും എന്റ്റെ കാര്യം ......വിദ്വാന് ആണെങ്കിലും വിഡ്ഢിക്ക് ആണെങ്കിലും ആ നേരത്ത് മൌനം തന്നെ ഭൂഷണം ) ഒരു പെണ്ണ് കാണാന്‍ പറ്റാത്തതില്‍ ഇത്രയ്ക്കു ചിരികാനുണ്ടോ??? ഇന്നല്ലെങ്കില്‍ നാളെ ഞാന്‍ അവളെ കാണും .....കേട്ടുവേം ചെയ്യും ......അപ്പൊ ഇവരെന്തു പറയും എന്ന് കാണാം ...

എന്നെ കോമാളിയാക്കി കൊണ്ട് അവരെല്ലാരും കൂടി കുറെ ഇരുന്നു ചിരിച്ചു....ഞാനും വിചാരിച്ചു എന്തായാലും പന്ത് അവരുടെ കാലിലല്ലേ....ഇന്ത്യ ബ്രസീലിന്റെ പോസ്റ്റില്‍ അടിച്ച ഗോള്‍ എന്ന പോല്ലേ അവര് ആര്മാദിക്കട്ടെ.....പക്ഷെ എല്ലാ കളിയാക്കലിലും എന്നെ വേദനിപ്പിച്ചത്, ഞാനാ നഗ്നസത്യം അറിഞ്ഞപ്പോഴാണ് ......

## "ഷംസുക്കാക്ക് അങ്ങിനെ ഒരു മോളില്ല " ## അങ്ങേര്‍ക്കു ആകെ അവിടെ കണ്ട ഒരു മോനെ ഉള്ളൂ ...........ഇല്ലാത്ത പെണ്ണിനെ കാണാന്‍ അണിഞ്ഞൊരുങ്ങി പോകേണ്ടി വന്ന എന്റ്റെ ദുര്‍വിധിയെ കുറിച്ചോര്‍ത്തു ഞാന്‍ സങ്കടപെടുമ്പോള്‍ എന്റ്റെ ഈ ജന്മത്തിലെ കുരുത്തകേടുകള്‍കൊക്കെ മധുരപ്രതികാരം ചെയ്ത വിജയീ ഭാവം ആയിരുന്നു എന്റ്റെ സ്നേഹസംബന്നമാരായ മാമ്മികള്‍ക്ക്....

*************************

NB : ഇത് ആത്മാകധാംശി ആയൊരു സംഭവകഥയാണ് .... അത് കൊണ്ട് തന്നെ പലര്‍ക്കും ഇഷ്ടമായെന്നു വരില്ല......അങ്ങിനെയെങ്കില്‍ സവിനയം ക്ഷമിക്കുക....ഐ ആം ദി സോറി മൈ ഡിയര്‍ ഫ്രണ്ട്സ്‌

ചില ബസ്‌ കഥകള്‍

കുട്ടികാലത്തിന്റ്റെ സുഖമുള്ള ഓര്‍മ്മകളില്‍ എന്നും തങ്ങി നില്‍കുന്ന ഒന്നാണ് ബസ്സും ബസ്സിനെ ചുറ്റിപറ്റിയുള്ള കഥകളും .....മറ്റു വണ്ടികളെ അപേക്ഷിച്ചു വളരെ നീളത്തില്‍ ഒരുപാട് ആള്‍ക്കാരെ കൊണ്ട് പോകുന്ന ആ വണ്ടിയെ വളരെ ആഗ്രഹത്തോടെയും ആരാധനയോടും കൂടിയാണ് കുട്ടിക്കാലത്ത് ഞാന്‍ നോക്കി കണ്ടിരുന്നത് ...സ്കൂളില്‍ പഠിക്കുന്ന കാലത്ത് വളരെ അപൂര്‍വമായേ ബസ്സില്‍ കേറാന്‍ ഭാഗ്യം ലഭിച്ചിട്ടുള്ളൂ.....കാരണം മറ്റൊന്നുമല്ല, സ്കൂളില്‍ പോകുന്നത് സ്കൂള്‍ വാനിലാണ്....വീട്ടുകാരുടെ കൂടെ പുറത്തു പോകുകയാണെങ്കില്‍ കാറിലോ ഓട്ടോയിലോ ആവും.....അപ്പൊ പിന്നെ ഇടയ്ക്കു ഓട്ടോയെ കാറോ കിട്ടാതെ വരുന്ന അപൂര്‍വം സന്ദര്‍ഭങ്ങളില്‍ ഉമ്മയുടെ കൂടെ മരുന്നോ മറ്റോ വാങ്ങാന്‍ കുന്നംകുളം പോകുന്നത് മാത്രമാണ് എന്റ്റെ ഓര്‍മ്മയിലെ ബസ്സ്‌ യാത്രകള്‍..


സ്ഥിരമായി ബസ്സില്‍ കയറാന്‍ പറ്റില്ലെങ്കിലും കുട്ടിക്കാലത്തെ ഞങ്ങളുടെ വര്‍ത്തമാനങ്ങളില്‍ എന്നും ബസ്സ്‌ നിറഞ്ഞു നില്‍ക്കുമായിരുന്നു .....പ്രധാനമായും ടി വി എസ്സും(തെക്ക് വടക്ക് സര്‍വീസ്‌ എന്ന് ഞങ്ങള്‍ പറയുന്ന ബസ്സ്‌ ) , കാര്‍ത്തികയും, ഏ എം എസ്സും(ആമ്മ മൂട്ട സര്‍വീസ്‌) ആണ് ഞങ്ങളുടെ റൂട്ടില്‍ ഓടുന്നത്....ആ ബസ്സുകളില്‍ ഏതിനു ആണ് ഏറ്റവും സ്പീഡ്‌ കൂടുതല്‍ എന്നും കാര്‍ത്തിക ടി വി എസ്സിനെ വെട്ടിക്കുമോ(ഓവര്‍ടേക്ക്) അല്ലെങ്കില്‍ പി കെ എസ് ടി വി എസ്സിനെ വെട്ടികുമോ എന്നൊക്കെ ആവും ഞങ്ങളുടെ വര്‍ത്തമാനം....കുറച്ചു സ്റ്റോപ്പ്‌കളില് മാത്രം നിര്‍ത്തി ‍സ്പീഡില്‍ ഓടുന്ന ബസ്സുകള്‍ ആയിരുന്നു ഞങ്ങളുടെ ഹീറോ...ബസ്സില്‍ ഹൈസ്കൂളില്‍ പോയി പഠിക്കുന്ന ഇക്കമാരോട് വളരെ കൌതുകത്തോടെ ആണ് ഇതൊക്കെ ചോദിച്ചറിയുന്നത്....ടി വി എസ്സിനെ കാര്‍ത്തിക വെട്ടിച്ച കദനകഥ കേട്ട് ഭക്ഷണം പോലും കഴിക്കാതെ കിടന്നുറങ്ങിയ ദിവസങ്ങള്‍ എനിക്കിന്നും ഓര്‍മ്മയില്‍ ഉണ്ട്.....

അങ്ങിനെ വളര്‍ന്നു വരും തോറും എനിക്കും ബസ്സില്‍ പോകാന്‍ ആഗ്രഹം കൂടി....മരുന്ന് വാങ്ങാനും മറ്റും ഇക്കമാരുടെ കയ്യില്‍ കാശ് കൊടുത്തു അവരെ പറഞ്ഞു വിടുമ്പോള്‍ ഞാന്‍ പോകാമെന്ന് വാശിപിടിച്ചു ഉമ്മച്ചിയോട് ഞാന്‍ തല്ലു കൂടാറുണ്ടായിരുന്നു ...പക്ഷെ ഒരിക്കലും ഇക്കമാരുടെയോ അല്ലെങ്കില്‍ മറ്റാരുടെയോ കൂടെ അല്ലാതെ എന്നെ എങ്ങോട്ടും പറഞ്ഞു വിട്ടിരുന്നില്ല ....


പക്ഷെ എനിക്ക് എട്ടോ ഒമ്പതോ വയസ്സുള്ളപ്പോള്‍, അതെ അന്നൊരു ദിവസം അത് സംഭവിച്ചു......ഇക്കമാരൊക്കെ കളിക്കാന്‍ പോയിരിക്കുകയും പണിക്കാരന്‍ നാട്ടില്‍ പോയിരിക്കുകയും ചെയ്തതിനാല്‍ അത്യാവശം മരുന്ന് വാങ്ങാന്‍ ആളില്ലാതെ ആയി.....എനിക്ക് വീണു കിട്ടിയ അവസരം പാഴാകാതെ പോകാതിരിക്കാന്‍ ഞാന്‍ മീന്കാരനെ കണ്ട കള്ളിപൂച്ചയെപോലെ ഉമ്മചിയുടെ പിറകില്‍ കൂടി......ഉമ്മച്ചി ആണെങ്കില്‍ എന്നെ പറഞ്ഞു വിടണോ വേണ്ടയോ എന്നുള്ള ചിന്തയില്‍ ആയിരുന്നു ..."അവന്‍ വലിയ കുട്ടി ആയില്ലേ, അവന്‍ പോയി വാങ്ങി കൊണ്ട് വരും " വെല്ലിമ്മ ഉമ്മചിയോടു എനിക്ക് വേണ്ടി വാദിച്ചു....അപ്പോഴാണ്‌ എനിക്ക് വെല്ലിമ്മയുടെ മഹത്വം മനസ്സിലായത്‌......വെല്ലിമ്മാടെ മുറുക്കാന്‍ പൊതി വൈക്കോല്‍കൂനയില്‍ ഒളിപ്പിച്ചു വെച്ചതിലും നിസ്ക്കാരകുപ്പായത്തില്‍ ചൊറിയാന്‍പുഴുവിനെ കൊണ്ട് വന്നിട്ടതിനും ഒക്കെ എനിക്ക് മനസ്താപം തോന്നി...(ആ നിമിഷത്തേക്ക് മാത്രം )


എന്തായാലും വെല്ലിമ്മാടെ സപ്പോര്‍ട്ട് ഫലിച്ചു, ......മരുന്ന് വാങ്ങുന്ന കടയും ബസ്സില്‍ കേറുന്നതും ഒക്കെ എനിക്ക് വ്യക്തമായി അറിയാമായിരുന്നെങ്കിലും, എന്നെ കൊണ്ട് സാധിക്കും എന്ന് ഉറപ്പു വരുത്താന്‍ വേണ്ടി ഒരു നാലഞ്ചു പ്രാവശ്യം ഉമ്മച്ചി തന്നെ പറഞ്ഞു തന്നു, എനിട്ടു പോവാനുള്ള സമ്മതം തന്നു ..... ബസ്സിനുള്ള ചില്ലറ കാശ് ഷര്‍ട്ടിന്റെ പോക്കറ്റിലും, മരുന്ന് വാങ്ങാനുള്ള നൂറു രൂപ എന്റെ പഴ്സില്‍ വെച്ച് പാന്റിന്റെ പോക്കറ്റിലും വെച്ച് തന്നിട്ട് ആണ് ഉമ്മച്ചി എന്നെ പറഞ്ഞു വിട്ടത് .....


ഹോ....അഭിമാന നിമിഷം....അനര്‍ഘ സുലഭിത സുന്ദര എല്ലാം കൂടി ആ നിമിഷം തന്നെ...ഇനിയിപ്പോ ആ നിമിഷമല്ല എന്നൊന്നും പറഞ്ഞു കാര്യമില്ല...... ഞാന്‍ തനിയെ ഒരു ബസ്സില്‍ യാത്ര ചെയ്തു തിരിച്ചു വരാന്‍ പോകുന്നു....ആകാശത്തിനു ഉയരം കുറഞ്ഞതോ അതോ എനിക്ക് പെട്ടന്ന് ഉയരം വെച്ചതോ, എന്തായാലും രണ്ടില്‍ ഒന്ന് സംഭവിച്ചിരിക്കുന്നു .....അഹങ്കാരത്തിനു കയ്യും കാലും വെച്ച് ഞാന്‍ റോഡിലൂടെ നടന്നു ബസ്സ്‌സ്റ്റോപ്പില്‍ പോയി നിന്നു...അവിടെ രണ്ടു മൂന്നു പേര്‍ നില്‍ക്കുന്നുണ്ട്.,അവരുടെ അടുത്ത് ഗമയോടെ ഞാനും നിന്നു ....ഒരഞ്ചു മിനിറ്റ് കഴിഞ്ഞില്ല ബസ്സ്‌ വന്നു.....പടച്ചോനെ,എന്റ്റെ സ്വപ്നനായകന്‍ ടി വി എസ്സ് ....ഹോ വെളുപ്പാന്‍ കാലത്ത് കണ്ട സ്വപ്നം ഫലിക്കും എന്ന് പറയുന്നത് എത്ര ശെരി!!(അന്ന് രാവിലെ ഞാന്‍ ടി വി എസ്സില്‍ പോകുന്നത് സ്വപ്നം കണ്ടിരുന്നു ).....ബസ്സ്‌ നിര്‍ത്തിയതും ഞാന്‍ തന്നെ ആദ്യം ചാടി കേറി.....


ബസ്സില്‍ നല്ല തിരക്കുണ്ട്‌, അത് കൊണ്ട് തന്നെ സീറ്റ്‌ കിട്ടിയില്ല......ഞാന്‍ കമ്പി പിടിച്ചു അരികിലായി നിന്നു......ആള്‍ക്കാരുടെ തിക്കിനും തിരക്കിനും ഇടയില്‍ നിന്നു എനിക്ക് പുറത്തെ കാഴ്ചകള്‍ ഒന്നും കാണാന്‍ പറ്റിയില്ലെന്ന് മാത്രമല്ല തിരക്ക് കൊണ്ട് എനിക്ക് ശ്വാസം മുട്ടാന്‍ തുടങ്ങി......ഉയരമുള്ള ആള്‍ക്കാരെ ഞാന്‍ മനസ്സ് കൊണ്ട് പ്രാകി...ഒന്ന് കൂടി വലുതാവട്ടെ, എന്നിട്ട് എല്ലാരെയും ശെരിയാക്കി തരാം......രണ്ടു മൂന്നു സ്റ്റോപ്പ്‌ കഴിഞ്ഞു കുറച്ചു യാത്രക്കാര് ഇറങ്ങി തിരക്കിനു ഒരു അയവു വന്നപ്പോള്‍ ഞാന്‍ തിക്കി തെരക്കി പുറത്തെ കാഴ്ചകള്‍ കാണത്തക്ക വിധം സ്ഥാനം പിടിച്ചു......കുറച്ചു സമാധാനമായി ......പുറത്തെ നയനമനോഹരകാഴ്ചകള്‍ എല്ലാം എനിക്കിപ്പോ കാണാന്‍ പറ്റുന്നുണ്ട് ....


ഞാനങ്ങിനെ ബസ്സ്‌ പിന്നിട്ടു പോകുന്ന പറമ്പും കടകളും മറ്റു വാഹനങ്ങളും നോക്കി രസം പിടിച്ചു നിന്നു യാത്ര ചെയ്യുകയാണ്.....അധികം സമയം കഴിഞ്ഞില്ല.....ബസ്സില്‍ ഒരു ബഹളം....." എന്റ്റെ പേഴ്സ് കാണുന്നില്ല" എന്ന് എന്റ്റെ അടുത്ത് നിന്ന ഒരുത്തന്‍ വിളിച്ചു പറയുന്നത് കേട്ടു...അപ്പോഴാണ്‌ എന്റ്റെ പുര്സിനെ കുറിച്ചും അതിലെ കാഷിനെ കുറിച്ചും എനിക്കോര്‍മ്മ വന്നത് , ഞാന്‍ പിറകിലോട്ട് കൈയിട്ടു പേഴ്സ് തപ്പിപിടിച്ചു ....ഹാ,എന്റ്റെ പേഴ്സ് അവിടെ തന്നെ ഉണ്ട്.....


ബസ്സിലെ ബഹളം ഉന്തും തള്ളുമായി.....അടുത്ത് നിന്ന ആരോ ആണ് പേഴ്സ് എടുത്തത്‌ എന്ന് ലവന്‍....കണ്ടക്ടര്‍ ഓടി വന്നു....തല്ലു കൂടുന്നവരെ പിടിച്ചു മാറ്റി, ബസ്സ്‌ നേരെ പോലീസ് സ്റ്റേഷനിലോട്ടു പോകട്ടെ, ബാക്കി അവിടെ ചെന്നു തീരുമാനിക്കാം എന്ന് ഡ്രൈവറോട് പറഞ്ഞു


എനിക്ക് മൂത്രമൊഴിക്കാന്‍ മുട്ടുന്നുണ്ടോ ?? എന്തിനാ കയ്യും കാലും വിറക്കുന്നത് ?? ഇത്രയും നേരം മാനം മുട്ടെ വളര്‍ന്നു നിന്ന അഹങ്കാരമൊക്കെ അലിഞ്ഞു ചൂട് വെള്ളത്തില്‍ ഇട്ട ഐസ്കട്ട പോല്ലേയായി പോയി.....പേടി കേറി ഞാന്‍ വിയര്‍ക്കാന്‍ തുടങ്ങി...


ബസ്സ്‌ നേരെ പോലിസ്‌ സ്റ്റേഷനില്‍ ചെന്ന് നിന്നു, കണ്ടക്ടര്‍ ഇറങ്ങി പോയി രണ്ടു മൂന്നു പോലീസുകാരെ കൂട്ടി കൊണ്ട് വന്നു ....


"ഓരോരുത്തരായി ഇറങ്ങി വാടാ.....എല്ലാരെയും ചെക്ക്‌ ചെയ്യണം " കൊമ്പന്‍ മീശയും കുടവയറും ഉള്ള ഒരു പോലീസുകാരന്‍ വിളിച്ചു പറഞ്ഞു....


അതും കൂടി കേട്ടതോടെ എന്റ്റെ ബാക്കിയുണ്ടായിരുന്ന ജീവനും പോയി.....ആള്‍കാര് ഓരോരുത്തരായി ബസ്സില്‍ നിന്നു ഇറങ്ങി ചെന്നു.....രണ്ടു പോലീസുകാരും കൂടി ഓരോരുത്തരെ ആയി ചെക്ക് ചെയ്യാന്‍ തുടങ്ങി......എന്റ്റെ അടുത്ത് നിന്നവരൊക്കെ ഇറങ്ങിയപ്പോള്‍ ഞാനും ഇറങ്ങി....


ആ കൊമ്പന്‍ മീശക്കാരന്റ്റെ മീശ കണ്ടതെ ഞാന്‍ കരയാന്‍ തുടങ്ങി


"സത്യായിട്ടും ഉമ്മച്ചി മരുന്ന് വാങ്ങാന്‍ തന്ന നൂറു ഉര്‍പ്യ മാത്രേ എന്റ്റെ കയ്യില്‍ ഉള്ളു സാറേ" ഞാന്‍ കരഞ്ഞു കൊണ്ട് പറഞ്ഞു ..


"അങ്ങോട്ട്‌ മാറി നിക്കെടാ ചെക്കാ, ഇവിടെ നിന്നു മോങ്ങാതെ " എന്ന് പറഞ്ഞു അയാള്‍ എന്നെ ചെക്ക് ചെയ്യാതെ മാറ്റി നിര്‍ത്തി..


എങ്കിലും ഞാന്‍ രണ്ടു കണ്ണും തിരുമി ഞാന്‍ കരഞ്ഞു കൊണ്ടിരുന്നു ...എന്റ്റെ കയ്യിലുള്ള കാശ് അവര് പിടിച്ചു വാങ്ങി എന്നെ ജയിലില്‍ ഇടുമോ എന്നായിരുന്നു എന്റ്റെ പേടി .....പക്ഷെ കുറച്ചു കഴിഞ്ഞില്ല,ആരോ ഒരു പേഴ്സ് താഴെ കിടക്കുന്നത് കണ്ടു പിടിച്ചു പോലീസുകാരെയും കണ്ടക്ടരെയും അറിയിച്ചു .....പോലീസുകാര്‍ ആ പേഴ്സ് അതിന്റ്റെ ഉടമസ്ഥന് തിരുച്ചു കൊടുത്തു...എന്നിട്ട് എല്ലാരോടും പോയ്‌കൊള്ളാന്‍ പറഞ്ഞു......ഞാന്‍ കരച്ചില് നിര്‍ത്തി അവിടുന്ന് എസ്കേപ്പ് അടിച്ചു......മരുന്നും വാങ്ങി വീട്ടില്‍ എത്തി .. പിന്നീട് ഒരിക്കലും ഞാന്‍ ഒറ്റയ്ക്ക് ബസ്സില്‍ യാത്ര ചെയ്യണം എന്ന് പറഞ്ഞു വാശി പിടിച്ചിട്ടില്ല ...


പാവം ഞാന്‍ !!!

########### **************************** ###########