Pages

Sunday, July 4, 2010

ആത്തോല (ഒരു ഓര്‍മ്മകുറിപ്പ് )

അറപ്പ് കലര്‍ന്നൊരു ഭയമായിരുന്നു എനിക്കവരോട് !!!

റോഡരികില്‍ മരം നട്ടു വളര്‍ത്താന്‍ വേണ്ടി ഉയര്‍ത്തിയ നാല് കോണ്‍ക്രീറ്റ് തൂണുകള്‍ക്കു മീതെ പഴയ പായയും പ്ലാസ്റ്റിക്കും കൊണ്ട് കൂരയൊരുക്കി കഴിയുന്ന ഭ്രാന്തിയായ സ്ത്രീ .....പ്രായം കൊണ്ട് നടു വളഞ്ഞു, കണ്ണുകള്‍ ഉള്ളിലോട്ട് വലിഞ്ഞു, മുടിയാകെ ഉണക്ക ചകിരി കണക്കെ പിരിഞ്ഞു ആകെ കൂടി പ്രാക്രതമായ വേഷത്തില് ‍അവരെ കണ്ടാല്‍ പേടി തോന്നാത്ത കുട്ടികള്‍ വിരളം ....നാട്ടുകാര് കൊടുക്കുന്ന പഴകിയ ഭക്ഷണവും വെള്ളവും ആയിരുന്നു അവരുടെ ജീവന്‍ നിലനിര്‍ത്തി പോന്നിരുന്നത് ...മഴയും വെയിലുമെല്ലാം അവര്‍ക്ക്‌ ഒന്നായിരുന്നു .....

എന്ന് മുതലാണ്‌ അവരെ കണ്ടു തുടങ്ങിയത് എന്ന് എനിക്കൊര്‍മ്മയില്ല......ഭക്ഷണം കഴിക്കാന്‍ വിസമ്മതിക്കുന്ന കുട്ടികളെ പിടിക്കാന്‍ ആത്തോല വരും എന്നത് ഓര്‍മ്മ വെച്ച നാള്‍ മുതല്‍ കേട്ട് തുടങ്ങിയതാണ്......അത് കൊണ്ട് തന്നെ ഭീതി ആയിരുന്നു എനിക്കവരോട് തോന്നിയാ ആദ്യവികാരം .....ഉമ്മിയും മാമ്മിയും തറവാട്ടിലെ മുതിര്‍ന്ന കുട്ടികളും പറഞ്ഞറിഞ്ഞ ആത്തോല രാത്രിയില്‍ കുട്ടികളെ പിടിക്കാന്‍ വരുന്ന ഭ്രാന്തിയായ സ്ത്രീയാണ്...കുട്ടികളെ പിടിച്ചു കൊണ്ട് പോയി കണ്ണ് പൊട്ടിച്ചു തെണ്ടാന്‍ വിടുന്ന ഭ്രാന്തിയായ സ്ത്രീ.....അത് കൊണ്ട് തന്നെ വയറു നിറഞ്ഞാല്‍ പോലും ആത്തോലയെ വിളിക്കും എന്ന് പറഞ്ഞാല്‍ പേടി കൊണ്ട് രണ്ടുരുള കൂടുതല്‍ ഉണ്ണും...

വളരും തോറും അറപ്പ് ബാക്കി നിര്‍ത്തി അവരോടുള്ള ഭീതി ഇല്ലാതായി തുടങ്ങി.... പിടിച്ചു കൊണ്ട് പോവാന്‍ മാത്രം ഞാനൊരു കുട്ടിയല്ല എന്ന ആത്മവിശ്വാസം കൊണ്ടാവാം ....അല്ലെങ്കില്‍ ഉപദ്രവിക്കാത്ത ഒരു ഭ്രാന്തിയാണ് അവര്‍ എന്ന് ഞാന്‍ സ്വയം തിരിച്ചരിഞ്ഞതാവാം ...എന്തായാലും അവരുടെ കീറി പറിഞ്ഞ വസ്ത്രങ്ങളോട് കൂടിയ വേഷവും ആരോടെന്നില്ലാത്ത പിറുപിറുപ്പും എനിക്കവരോടുള്ള അറപ്പ് കൂട്ടി.....സ്കൂളില്ലാത്ത ദിവസങ്ങളില്‍ കൂട്ടുകാരൊത്തു വെറുതെ അവരെ ദേഷ്യം പിടിപ്പിച്ചു കളിയാക്കുന്നത് എനിക്കും എന്റ്റെ കൂട്ടുകാര്‍ക്കും ഒരു ഹരമായി മാറി ....വെറുതെ, അവര് പിറുപിറുക്കുമ്പോള്‍ അവരെ അനുകരിക്കാനും, അവരുടെ സാധങ്ങള്‍ വലിച്ചു വാരിയിട്ട് അവരെ ദേഷ്യം പിടിപ്പിക്കാനും എന്തെന്നില്ലാത്ത ഒരു ആനന്ദം....കുട്ടികാലത്തെ വെറും കുസ്ര്യുതി ആവാം....അല്ലെങ്കില്‍ ലാളിച്ചു വളര്‍ന്ന ഞങ്ങളുടെ അഹങ്കാരമാവാം.

പക്ഷെ അന്നൊരു ദിവസം ഞങ്ങള്‍ കളിയായി തുണിയില്‍ പൊതിഞ്ഞ അവരുടെ എന്തോ വസ്തു എടുത്തു വലിചിട്ടപ്പോള്‍ അവര്‍ പതിവില്ലാത്ത വിധം പ്രകോപിത ആയി ഞങ്ങളുടെ നേരെ തിരിഞ്ഞു......തിരിഞ്ഞോടുന്നതിന്റ്റെ ഇടയില്‍ എന്തിനാണ് ഒരു കല്ലെടുത്ത് അവരെ എറിഞ്ഞതെന്നു അറിയില്ല.....പക്ഷെ ദൂരെ നിന്ന് ഒരു നോക്ക് തിരിഞ്ഞു നോക്കിയപ്പോള്‍ അവരുടെ നെറ്റി പൊട്ടി ചോര ഒലിക്കുന്നത് ഞാന്‍ കണ്ടു....

ചത്തത് കീജകനെങ്കില്‍ കൊന്നത് ഭീമനെന്ന പഴങ്കഥ പോല്ലേ, അധികം താമസിയാതെ തന്നെ അവരെ എറിഞ്ഞത് ഞങ്ങള്‍ ആണെന്ന് വീട്ടില്‍ അറിഞ്ഞു....ആരോ വന്നു പറഞ്ഞതാണ്, അതും എന്റ്റെ കുഞ്ഞിപ്പാനോട് ...ചോദ്യം ചെയ്യല്‍ എന്ന പതിവ് പരിപാടിക്ക് ശേഷം സ്ഥിരം കുറ്റവാളി ആയ എന്റ്റെ പങ്കും വെളിപെട്ടു.....അല്ലെങ്കിലും ആര് തെറ്റ് ചെയ്താലും കുഞ്ഞിപ്പാടെ കയ്യില്‍ നിന്നുള്ള തല്ലു എനിക്ക് മാത്രമുള്ളതാണ്....അതെന്റ്റെ അവകാശമാണ് .....തല്ലു കഴിഞ്ഞാല്‍ പിന്നെ തറവാടിന്റ്റെ മുറ്റത്തുള്ള തൂണില്‍ കൈ രണ്ടും വട്ടത്തില്‍ പിടിച്ചു കെട്ടും....രാത്രി വരെ അങ്ങിനെ കിടക്കണം...ഭക്ഷണം ഒക്കെ മാമ്മിയോ ഉമ്മുമയോ വാരി തരും.....ഉറങ്ങാറാവുമ്പോള്‍ കെട്ടഴിച്ചു കൊണ്ട് പോയി കിടത്തും ....അതൊരു ശിക്ഷാ രീതി ആണ്......അന്നും അത് തന്നെ സംഭവിച്ചു .....മാമ്മി വന്നു ഭക്ഷണം വാരി തന്നു...അനിയത്തി ഉള്ളത് കൊണ്ട് ഉമ്മിയേക്കാള്‍ എന്റ്റെ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നത് മാമ്മി ആണ്...എന്നോട് പ്രത്യേക സ്നേഹമാണ് അങ്ങേര്‍ക്കു, പാവം !! ....ഭക്ഷണം വാരി തരുന്നതിന്റ്റെ ഇടയില്‍ ആത്തോലയുടെ നെറ്റിയില്‍ നല്ല മുറിവുണ്ടെന്നും നാട്ടുകാര്‍ ആരോ അത് മരുന്ന് വെച്ച് കെട്ടി എന്നും എന്നോട് പറഞ്ഞു ....എന്നിട്ട് എന്തിനാണ് ആത്തോലയെ എറിഞ്ഞത് എന്ന് ചോദിച്ചു.....വെറുതെ , എന്നൊരു മറുപടി മാത്രമേ എനിക്ക് പറയാനുണ്ടായിരുന്നുള്ളൂ ...അപ്പോഴാണ്‌ മാമ്മി ആ ഭ്രാന്തി ആയ സ്ത്രീയെ പറ്റി പറയുന്നത്.....

ഞങ്ങളുടെ നാട്ടിലെ ഏറ്റവും വലിയ പണക്കാരന്ന്റ്റെ ഏകമകളായിരുന്ന അവര്‍ ചെറുപ്പത്തില്‍ ഏതോ അന്യജാതിക്കാരനുമായി പ്രേമമായിരുന്നു എന്നും അതിന്റ്റെ പ്രശ്നമായി അവരുടെ വീട്ടുക്കാര് ഇവിടെ ഉള്ളതൊക്കെ വിറ്റ് പോകുക ആയിരുന്നു എന്നും ഒരുപാടു നാളുകള്‍ക്കു ശേഷം ആത്തോല മാത്രം ഒരു ഭ്രാന്തിയായി ഇവിടെ തിരിച്ചെത്തുക ആയിരുന്നു എന്നും മാമ്മി പറഞ്ഞു ......ആ വീട്ടുകാരെ കുറിച്ച് ആര്‍ക്കും പിന്നീട് ഒരു വിവരവും കിട്ടിയില്ലത്രേ .....ആദ്യമൊക്കെ കടത്തിണ്ണയിലും മറ്റും കിടന്നിരുന്ന ആത്തോല പിന്നീട് ആ കോണ്‍ക്രീറ്റ്‌ തൂണുകള്‍ക്ക് ഉള്ളില്‍ കൂരയോരുക്കുക ആയിരുന്നത്രേ....ഞങ്ങളുടെ തറവാടും വീടും പറമ്പും എന്റ്റെ വീടിനു മുന്നില്‍ ഞാന്‍ കളിക്കുന്ന ഒഴിഞ്ഞ പറമ്പും അടക്കം എല്ലാം അവരുടെ ആയിരുന്നുവത്രേ ഒരു കാലത്ത്, അവരുടെ വീട്ടുകാരില്‍ നിന്ന് എന്റ്റെ ഉപ്പുപ്പ വാങ്ങി കൂട്ടിയതാനത്രേ ഞങ്ങളുടെതെന്നു കാണുന്ന സ്വത്തു മുഴുവനും.......അവരുടെ കഥ പറഞ്ഞതിന് ശേഷം ഇനി അവരെ ഉപദ്രവിക്കരുതെന്നും മറ്റും പറഞ്ഞു മാമ്മി എന്നെ കുറെ ഉപദേശിച്ചു....ഇതൊക്കെ കേട്ട് കഴിഞ്ഞപ്പോള്‍ എനികെന്തോ കുറ്റബോധം തോന്നി...

വെറുതെ ഒരു നേരം പോക്കിന് അല്ലെങ്കില്‍ എന്റ്റെ കുസൃതിക്ക് ഞാന്‍ ചെയ്തത് അല്ലെങ്കില്‍ ചെയ്തു കൊണ്ടിരുന്നത് ഒരു വലിയ തെറ്റായിരുന്നു എന്ന് എനിക്ക് തോന്നി....ആ ഭ്രാന്തിയായ സ്ത്രീ ഒരിക്കല്‍ പോലും എന്നെ ഉപദ്രവിച്ചിട്ടില്ല....ആരെയും ഉപദ്രവിച്ചതായി അറിവുമില്ല...വെറുതെ ഞാനാ പാവത്തിനെ ഉപദ്രവിച്ചു....അതില് പിന്നെ സങ്കടവും ആയി അത് കൊണ്ട് തന്നെ പിന്നീട് ഞാന്‍ അവരെ ഉപദ്രവിക്കാനോ കളിയാക്കാണോ പോയില്ല......ഇടയ്ക്കു ഞാന്‍ വീട്ടില്‍ നിന്ന് പഴമോ ഭക്ഷണമോ എടുത്തു കൊണ്ട് പോയി കൊടുക്കും....മാമ്മി പറഞ്ഞിട്ടാണ് അങ്ങിനെ ചെയ്തിരുന്നത് എങ്കില്‍ കൂടി പിന്നെ പിന്നെ അത് ചെയ്യാന്‍ മനസ്സ് കൊണ്ട് ഏറെ ഇഷ്ട്ടപെട്ടു....എനിക്ക് കിട്ടുന്ന നല്ല എന്തെങ്കിലും ഭക്ഷനതിന്റ്റെ പങ്കു ഞാന്‍ അവര്‍ക്ക് കൊണ്ട് പോയി കൊടുക്കാന്‍ തുടങ്ങി .....അങ്ങിനെ ഞാന്‍ വളരും തോറും എന്റ്റെ ആരും അല്ലായിരുന്നിട്ടു കൂടി ഞാന്‍ അവരെ സ്നേഹിക്കാനും അവരെ എനിക്ക് കഴിയുന്നത് പോല്ലേ പരിജരിക്കാനും തുടങ്ങി...ദിവസങ്ങള്‍ കഴിയും തോറും ആര്‍ദ്രമായ ഒരു സ്നേഹബന്ധത്തിന്റെ നോവ്‌ ഞാനറിഞ്ഞു ....

ഞാന്‍ ഒമ്പതില്‍ പഠിക്കുമ്പോള്‍ എനിക്ക് സ്ക്കൂള്‍ കലോല്‍സവത്തില്‍ പ്രസംഗം, ഉപന്യാസം, കവിതാ രചന എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളില്‍ ലഭിച്ച ഫര്സ്റ്റ്‌ സ്ഥാനം കാരണം ജില്ലാ കലോല്‍സവത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചു.....തൃശ്ശൂര്‍ വെച്ചാണ് ജില്ലാ കലോല്‍സവം...എന്റ്റെ മല്‍സരങ്ങള്‍ എല്ലാം ഒരൊറ്റ ദിവസം ആയിരുന്നു.....കാലത്ത് ഒമ്പത് മണിക്ക് തന്നെ എനിക്ക് മല്‍സരം ഉണ്ടായിരുന്ന കാരണം നേരത്തെ തന്നെ എണീറ്റു റെഡി ആയി മറ്റു മല്‍സരങ്ങള്‍ ഉള്ള എന്റ്റെ കൂട്ടുകാരുടെ കൂടെ തൃശ്ശൂര്‍ക്ക് പോയി.....പോകാന്‍ നേരം ഉമ്മച്ചി എനിക്ക് ഭക്ഷണത്തിനും വണ്ടിക്കും എന്ന് പറഞ്ഞു കുറെ കാശ് തന്നു.....നന്നായി പ്രാര്‍ഥിച്ചു മത്സരിക്കണം എന്നും പറഞ്ഞു ...

രാവിലെ തന്നെ പ്രസംഗമത്സരവും ഉപന്യാസമത്സരവും കഴിഞ്ഞു....സാമാന്യം തരക്കേടില്ലാതെ മത്സരിക്കാന്‍ എനിക്ക് സാധിച്ചു....ഉച്ചക്ക് ശേഷം ആയിരുന്നു കവിതാ രചന ...ഊണ് കഴിച്ചു ഞാന്‍ കൂട്ടുകാരൊത്ത് ഒന്ന് കറങ്ങി ഞാന്‍ കവിത രചനക്ക് ചെന്നിരുന്നു .... എനിക്ക് തന്ന വിഷയം : ഭ്രാന്തി " ആയിരുന്നു.....പെട്ടന്നു എനിക്ക് ആത്തോലയെ ഓര്‍മ്മ വന്നു.... മനസ്സിന് എന്തെന്നില്ലാത്ത കനം......കവിത എഴുതാന്‍ ഇരുന്ന എനിക്ക് രണ്ടു വരി പോലും മുഴുവിക്കാന്‍ ആവാതെ മല്‍സരം അവസാനിപ്പികേണ്ടി വന്നു .....മറ്റു കൂട്ടുകാരുടെ മല്‍സരം കഴിഞ്ഞു വൈകി ആണ് അവിടെ നിന്ന് ഇറങ്ങിയത്.....സ്കൂളില്‍ ഇന്ന് ഇറങ്ങും നേരം വഴിയരിക്ക്‌ ഓറഞ്ച് വാങ്ങി കഴിച്ചപ്പോള്‍ രണ്ടെണ്ണം ആത്തോലക്ക് വാങ്ങി കൊടുക്കണം എന്ന് മനസ്സ്‌ പറഞ്ഞു.....അത് വാങ്ങി എന്റ്റെ ബാഗില്‍ ഇട്ടു ഞാന്‍ വീട്ടിലോട്ട് തിരിച്ചു

രാത്രി വൈകി വീട്ടിലെത്തിയ ഞാന്‍, ഞങ്ങള്‍ കളിക്കുന്ന ഒഴിഞ്ഞ പറമ്പില്‍ തീ കത്തിയെരിഞതിന്റ്റെ കനല്‍ കണ്ടു....പുറത്ത്‌ എന്നെ കാത്തു നില്‍ക്കുന്ന ഉമ്മിയോടു എന്താ അവിടെ തീ കത്തുന്നത് എന്ന് ചോദിച്ചപ്പോള്‍ ആത്തോല ഇന്ന് കാലത്ത് മരിച്ചു എന്നും അറിയിക്കാനും പറയാനും ആരും ഇല്ലാത്തത് കൊണ്ട് കാത്തു വെക്കാതെ നാട്ടുകാര് തന്നെ ദഹിപ്പിച്ചു എന്നും പറഞ്ഞു ....തലയ്ക്കു അടി കിട്ടിയ പോലെയായി ഞാന്‍ ....എന്റ്റെ കണ്ണില്‍ ഇരുട്ട് കേറി .....എന്ത് പറയണം എന്നോ എന്ത് ചെയ്യണമെന്നോ അറിയാതെ തളര്‍ന്നു പോയ ഞാന്‍ ഉള്ളിലെ കരച്ചില്‍ മറയ്ക്കാന്‍ പാടുപെട്ടു.... ...പിന്തിരിഞ്ഞു നോക്കാന്‍ എനിക്ക് ശക്തിയുണ്ടായിരുന്നില്ല....തളര്‍ന്നു വീഴാതിരിക്കാന്‍ ഞാന്‍ ഉമ്മിയെ താങ്ങി പിടിച്ചു ...അപ്പോള്‍ എന്റ്റെ ആരും അല്ലായിരുന്നിട്ടു കൂടി ഞാന്‍ ഒരുപാട് സ്നേഹിച്ച ആ ഭ്രാന്തിസ്ത്രീ അഗ്നിയെ സ്നേഹിച്ചു അതില്‍ അലിഞ്ഞു ചേരാന്‍ തിരക്ക് കൂട്ടുക ആയിരുന്നു...



@##നിച്ചുട്ടന്‍സ്‌ ##@



********* ************ &&&& ************** ***********

1 comment:

  1. എന്റ്റെ കണ്ണില്‍ ഇരുട്ട് കേറി .....എന്ത് പറയണം എന്നോ എന്ത് ചെയ്യണമെന്നോ അറിയാതെ തളര്‍ന്നു പോയ ഞാന്‍ ഉള്ളിലെ കരച്ചില്‍ മറയ്ക്കാന്‍ പാടുപെട്ടു.... ...പിന്തിരിഞ്ഞു നോക്കാന്‍ എനിക്ക് ശക്തിയുണ്ടായിരുന്നില്ല....തളര്‍ന്നു വീഴാതിരിക്കാന്‍ ഞാന്‍ ഉമ്മിയെ താങ്ങി പിടിച്ചു ...അപ്പോള്‍ എന്റ്റെ ആരും അല്ലായിരുന്നിട്ടു കൂടി ഞാന്‍ ഒരുപാട് സ്നേഹിച്ച ആ ഭ്രാന്തിസ്ത്രീ അഗ്നിയെ സ്നേഹിച്ചു അതില്‍ അലിഞ്ഞു ചേരാന്‍ തിരക്ക് കൂട്ടുക ആയിരുന്നു...

    manasil thatunna verikal..... kollam...

    ReplyDelete